എഡിറ്റര്‍
എഡിറ്റര്‍
പാലിയേക്കര ടോള്‍ : ഡി.വൈ.എസ്.പി യെ സ്ഥലം മാറ്റിയതായി ചെന്നിത്തലയുടെ ഫേസ് ബുക്ക് പോസ്റ്റ്
എഡിറ്റര്‍
Wednesday 13th January 2016 10:53am

paliyekkara

തിരുവനന്തപുരം:  പാലിയേക്കര ടോള്‍ വഴി കടക്കാതെ സമാന്തര റോഡിലൂടെ യാത്ര ചെയ്ത കുടുംബത്തോട് മോശമായി പെരുമാറിയ ചാലക്കുടി ഡി.വൈ.എസ്.പിയെ സ്ഥലംമാറ്റിയതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്.

പാലിയേക്കര ടോള്‍ വഴി കടക്കാതെ മറ്റൊരു വഴിയില്‍ കൂടെ യാത്ര ചെയ്ത കുടുംബത്തോട് ചാലക്കുടി ഡി വൈ എസ് പി മോശമായി പെരുമാറി എന്ന വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ചാലക്കുടി ഡി വൈ എസ് പി കെ കെ രവീന്ദ്രനെ കാസര്‍കോടേക്ക് സ്ഥലം മാറ്റിയെന്നാണ് ഫേസ്ബുക്കില്‍ ചെന്നിത്തല കുറിച്ചത്.

എന്റെ മൊബൈല്‍ ആപഌക്കേഷന്‍ വഴി ആ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ട് ലഭിക്കുന്നതനുസരിച്ച് കൂടുതല്‍ നടപടി ആലോചിക്കുമെന്നും പോസ്റ്റില്‍ പറയുന്നു.

കാസര്‍ഗോഡ് ക്രൈം ഡിറ്റാച്ച്‌മെന്റിലേക്കാണ് ഇദ്ദേഹത്തെ സ്ഥലംമാറ്റിയത്. എസ്.പി സാജുവിനെയാണ് പുതിയ ഡി.വൈ.എസ്.പിയായി നിയമിച്ചിരിക്കുന്നത്.

ചാലക്കുടി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ തന്നെയും കുടുംബത്തെയും രാത്രിയില്‍ തടഞ്ഞ് വാഹന രേഖകള്‍ പിടിച്ചെടുത്തെന്ന് ഒറ്റപ്പാലം സ്വദേശി പരാതിപ്പെട്ടിരുന്നു. ടോള്‍ നല്‍കാതെ സമാന്തര പാതയിലൂടെയുള്ള യാത്ര ധാര്‍മികമല്ലെന്ന് എസ്.പി ഹരിറാം എന്ന യുവാവിനോട് പറയുകയായിരുന്നു സംഭവത്തിന്റെ വീഡിയോ ഹരിറാം ഫോണില്‍ പകര്‍ത്തുകയും ചെയ്തിരുന്നു.

മഫ്തിയിലെത്തിയാണ് ചാലക്കുടി ഡി.വൈ.എസ്.പി സി.കെ രവീന്ദ്രനും സംഘവും ഹരിറാമിനെയും ഭാര്യയെയും കൈക്കുഞ്ഞിനെയും തടഞ്ഞത്. പൊലീസ് നടപടിയെ ഹരിറാം ചോദ്യം ചെയ്തതോടെ യഥാര്‍ത്ഥ പകര്‍പ്പാവശ്യപ്പെട്ട് പോലീസ് ആര്‍.സി ബുക്ക് വാങ്ങിവെക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ആയുധങ്ങളുമായി പാലിയേക്കര ടോള്‍ പ്ലാസയുടെ സമാന്തര പാതയിലൂടെ ഒരു വാഹനം വരുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയതെന്നും ടോള്‍ കമ്പനിക്ക് വേണ്ടി സംസാരിച്ചിട്ടില്ലെന്നും ഡി.വൈ.എസ്.പി വിശദീകരണം നല്‍കിയിരുന്നു.

Advertisement