ന്യൂയോര്‍ക്ക്: ഫലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസിന് ഐക്യരാഷ്ട്ര സഭയുടെ ഉന്നതയോഗത്തെ വീഡിയോയിലൂടെ അഭിസംബോധന ചെയ്യാന്‍ അനുമതി.
അടുത്തയാഴ്ച ഐക്യരാഷ്ട്രസഭയില്‍ നടക്കുന്ന ലോകനേതാക്കളുടെ യോഗത്തിലാണ് വിഡിയോ വഴി ഫലസ്തീന്‍ പ്രസിഡന്റ് സംസാരിക്കുക.
വെള്ളിയാഴ്ച യു.എന്‍ പൊതുസഭയില്‍ നടന്ന വോട്ടെടുപ്പിലൂടെയാണ് തീരുമാനമെടുത്തത്. 145 രാജ്യങ്ങള്‍ മഹ്‌മൂദ് അബ്ബാസിന് സംസാരിക്കാന്‍ അവസരം നല്‍കുന്നതിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ അഞ്ച് രാജ്യങ്ങള്‍ എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തി. ആറ് രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു.
നേരത്തെ, യു.എസ് വിസ നിഷേധിച്ചതോടെ ഐക്യരാഷ്ട്ര സഭയില്‍ നടന്നുകൊണ്ടിരിക്കുന്ന പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ മഹ്‌മൂദ് അബ്ബാസിന് സാധിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് വീഡിയോ വഴി പൊതുസഭാ ഹാളില്‍ നടക്കുന്ന യോഗത്തില്‍ വീഡിയോ വഴി സംസാരിക്കാന്‍ അനുവദിച്ചിരിക്കുന്നത്.
ഫലസ്തീന് മുന്‍കൂട്ടി റെക്കോര്‍ഡ് ചെയ്ത വീഡിയോ സമര്‍പ്പിച്ച് പൊതുസഭയില്‍ സംസാരിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്.
ഇസ്രഈല്‍ – ഫല്‌സ്തീന്‍ പ്രശ്‌നപരിഹാരത്തിനായി ഫ്രാന്‍സും സൗദി അറേബ്യയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടി തിങ്കളാഴ്ച നടക്കും. തുടര്‍ന്ന് അടുത്തദിവസമായ ചൊവ്വാഴ്ചയാണ് യു.എന്‍ പൊതുസഭയില്‍ രാഷ്ട്രങ്ങള്‍ സംസാരിക്കുക.
യു.എന്‍ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കാനും ഫലസ്തീന്‍ ഡെലിഗേറ്റുകളെ നയിക്കാനും മഹ്‌മൂദ് അബ്ബാസിനെ അനുവദിക്കണമെന്നും അദ്ദേഹത്തിന് വിസ നല്‍കണമെന്നും യു.എസിനോട് കഴിഞ്ഞയാഴ്ച ഫലസ്തീന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഐക്യരാഷ്ട്രസഭയില്‍ വോട്ടെടുപ്പ് നടന്നത്.