ഗസ: ഐക്യരാഷ്ട്ര സഭയുടെ പ്രമേയങ്ങളെ സ്വാഗതം ചെയ്ത് ഫലസ്തീൻ വിദേശകാര്യ മന്ത്രാലയം. ഫലസ്തീൻ ജനതയുടെ സ്വയം നിർണയാവകാശവും പ്രകൃതി വിഭവങ്ങളുടെ മേലുള്ള അധികാരവും ഉറപ്പിക്കുന്ന രണ്ട് പ്രമേയങ്ങളാണ് യു.എൻ അംഗീകരിച്ചത്.
ഇന്നലെയായിരുന്നു യു.എൻ പ്രമേയം പാസാക്കിയത്. 164 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിക്കുകയും എട്ട് രാജ്യങ്ങൾ എതിർക്കുകയും ചെയ്തു. ഒമ്പത് രാജ്യങ്ങളാണ് പ്രമേയത്തിൽ നിന്നും വിട്ടുനിന്നത്.
ഫലസ്തീനിലെ പ്രകൃതി വിഭവങ്ങളുടെ മേലുള്ള അധികാരത്തെ സംബന്ധിച്ച പ്രമേയവും വൻ ഭൂരിപക്ഷത്തോടെ പാസായിരുന്നു. ഇതിൽ 156 രാജ്യങ്ങൾ അനുകൂലിച്ചും എട്ട് രാജ്യങ്ങൾ എതിർത്തുമാണ് വോട്ട് ചെയ്തത്. ഈ പ്രമേയത്തിൽ 10 രാജ്യങ്ങളാണ് വിട്ടുനിന്നത്.
ഗസയിലേക്കുള്ള മാനുഷിക സഹായത്തിനുള്ള പ്രവേശനം ഇസ്രഈൽ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം യു.എൻ നേരത്തെ പാസാക്കിയിരുന്നു. അതിനെയും ഫലസ്തീൻ പിന്തുണച്ചിരുന്നു.
ഫലസ്തീൻ ജനതയുടെ മൗലികാവകാശങ്ങൾ ലംഘിക്കുന്ന നയങ്ങൾക്കെതിരെ അന്താരാഷ്ട്ര നിയമത്തിന്റെ പ്രാധാന്യം ഉയർത്തിപ്പിടിക്കാൻ ഈ പ്രമേയങ്ങൾക്ക് കഴിയുന്നുവെന്ന് ഫലസ്തീൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
ഫലസ്തീന്റെ പ്രകൃതിവിഭവങ്ങൾ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന ഫലസ്തീനികളുടെ ആവശ്യത്തെ പ്രമേയം സ്ഥിരീകരിക്കുകയും നഷ്ടപരിഹാരം തേടാനുള്ള അവരുടെ അവകാശത്തെ അംഗീകരിക്കുകയും ചെയ്യുന്നുവെന്ന് അൽജസീറ റിപ്പോർട്ട് ചെയ്തു.
ഗസയിലേക്കുള്ള മാനുഷിക സഹായം അനുവദിക്കണമെന്നും, ഐക്യരാഷ്ട്രസഭയുടെ ഓഫീസുകൾക്ക് മേലുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും, അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നുണ്ട്.
കിഴക്കൻ ജറുസലേമിലെ യു.എൻ.ആർ.ഡബ്ള്യൂ.എ കോമ്പൗണ്ടിൽ ഇസ്രഈൽ അനധികൃതമായി കടന്നു കയറിയത് യു.എൻ റിപ്പോർട്ട് ചെയ്തിരുന്നു.
ഇത് അന്താരാഷ്ട്ര നിയമത്തിനെതിരായ ഒരു പുതിയ വെല്ലുവിളിയാണെന്നും യു.എൻ ആരോപിച്ചിരുന്നു.
പൊലീസ് വാഹനങ്ങൾ, ഫോർക്ക്‌ലിഫ്റ്റുകൾ എന്നിവ കൊണ്ടുവന്ന് എല്ലാ ആശയവിനിമയങ്ങളും വിച്ഛേദിക്കുകയും ഫർണിച്ചറുകൾ, ഐ.ടി ഉപകരണങ്ങൾ എന്നിവ പിടിച്ചെടുക്കുകയും ചെയ്‌തെന്നും യു.എൻ റിപ്പോർട്ട് ചെയ്തിരുന്നു.
Content Highlight: Palestinian Foreign Ministry supports UN resolutions