ഗാസ: ഫലസ്തീനിലെ ഗാസയിലെ സ്‌കൂളിന് മുന്‍പില്‍ ഒരു കൂട്ടം ആണ്‍കുട്ടികള്‍. കൂട്ടത്തിലൊരാള്‍ ഒരല്‍പം മുന്നോട്ടുകയറി വന്ന ഇംഗ്ലിഷ് ഭാഷയില്‍ ചടുലതയോടെ ഒരു റാപ്പ് അവതരിപ്പിക്കുന്നു. ഫലസ്തീനിയന്‍ റാപ്പറായ വഹീബ് നസന്റെ ‘See You Again’ എന്ന റാപ്പായിരുന്നു വീഡിയോയിലെ കുട്ടി പാടുന്നുണ്ടായിരുന്നത്. മിനിറ്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ആ റാപ്പില്‍ ഗാസയിലെ തന്റെ അനുഭവം ലോകത്തോട് ഉറച്ച ശബ്ദത്തില്‍ ഈ ഫലസ്തീനിയന്‍ ബാലന്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു.
കുട്ടികള്‍ തന്റെ പാട്ടിന് കവര്‍ ചെയ്യുന്നതിന്റെ സന്തോഷം പങ്കുവെച്ചുക്കൊണ്ടാണ് റാപ്പറായ വഹീബ് നാസന്‍ ഈ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. കുറഞ്ഞ മണിക്കൂറുകള്‍ കൊണ്ട് തന്നെ സമൂഹമാധ്യമങ്ങളിലൂടെ നിരവധി പേര്‍ കേട്ട ആ ശബ്ദദത്തിന്റെ ഉടമ പതിനൊന്നുകാരനായ അബ്ദുള്‍ റഹ്മാനാണ്. mcarap എന്ന പേരിലുള്ള തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് റാപ്പ് പാടുന്ന വീഡിയോ പങ്കുവെച്ചത്. പതിനൊന്നുകാരന്റെ റാപ്പിംഗ് കഴിവിനെ പുകഴ്ത്തിക്കൊണ്ട് നിരവധി പേരാണ് എത്തിയത്.
