ഭഗത് സിങ് നിങ്ങളുടെ മാത്രമല്ല, ഞങ്ങളുടെയും ഹീറോ; സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ ഫലസ്തീന്‍ സ്ഥാനപതി
national news
ഭഗത് സിങ് നിങ്ങളുടെ മാത്രമല്ല, ഞങ്ങളുടെയും ഹീറോ; സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ ഫലസ്തീന്‍ സ്ഥാനപതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd September 2025, 7:47 am

ചണ്ഡിഗഢ്: രക്തസാക്ഷികളുടെ രാജകുമാരന്‍ ഭഗത് സിങ്ങിനെ അനുസ്മരിച്ച് ഇന്ത്യയിലെ ഫലസ്തീന്‍ സ്ഥാനപതി അബ്ദുള്ള അബു ഷവേഷ്. ചണ്ഡിഗഢില്‍ നടക്കുന്ന സി.പി.ഐ 25ാം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സമ്പൂര്‍ണ മോചനം സാധ്യമാകും വരെ ചെറുത്തുനില്‍പ്പും പോരാട്ടവും തുടരും. ഭഗത് സിങ് നിങ്ങളുടെ മാത്രമല്ല ഞങ്ങളുടെയും ഹീറോയാണ്’ ഷവേഷ് പറഞ്ഞു.

ഫലസ്തീന്റെ വിമോചനത്തിനായി ഇന്ത്യയും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും നല്‍കുന്ന പിന്തുണയ്ക്കും അദ്ദേഹം നന്ദി അറിയിച്ചു. പ്രതിനിധികള്‍ നല്‍കിയ ഫലസ്തീന്‍ പതാക പുതച്ചുകൊണ്ടായിരുന്നു അദ്ദേഹം സദസിനെ അഭിസംബോധന ചെയ്തത്.

പൊരുതുന്ന ക്യൂബയ്ക്കും പാര്‍ട്ടി കോണ്‍ഗ്രസ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. അബ്ദുള്ള അബു ഷവേഷിന് പുറമെ ക്യൂബന്‍ സ്ഥാനപതി കാര്‍ലോസ് മാന്‍സനും വേദി പങ്കിട്ടിരുന്നു.

ഉപരോധത്തിലൂടെ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ക്യൂബയില്‍ സാമ്രാജ്യത്വ ശക്തികള്‍ ശ്രമിക്കുന്നതെന്നും അതിനെതിരെ ശക്തമായ ചെറുത്തു നില്‍പ്പാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയോടെ ക്യൂബന്‍ ജനത നടത്തുന്നതെന്നും കാര്‍ലോസ് മാന്‍സന്‍ പറഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസിനുള്ള ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആശംസയും അദ്ദേഹം വായിച്ചു.

ഫ്രീ ഫലസ്തീന്‍, വിവ ക്യൂബ എന്നെഴുതിയ ടീ ഷര്‍ട്ടുകള്‍ റെഡ് വളണ്ടിയര്‍മാര്‍ സമ്മേളന വേദിയില്‍ പ്രദര്‍ശിപ്പിച്ചു.

ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രമേയം പി. സന്തോഷ്‌കുമാറും ക്യൂബന്‍ ചെറുത്തുനില്‍പ്പിനെ പിന്തുണച്ചുള്ള പ്രമേയം ആനി രാജയും അവതരിപ്പിച്ചു. പ്രമേയം സമ്മേളനം ഏകകണ്ഠമായി പാസാക്കി.

ബി.ജെ.പിക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യ മുന്നണിയെ ശരിയായ ദിശയില്‍ മുന്നോട്ട് നയിക്കാന്‍ ഇടതുപക്ഷ പാര്‍ട്ടികളുടെ സ്വാധീനവും ഐക്യവും ശക്തിപ്പെടുത്തണമെന്ന ആഹ്വാനവുമായാണ് സി.പി.ഐ 25ാം പാര്‍ടി കോണ്‍ഗ്രസ് ആരംഭിച്ചത്.

സമ്മേളനം ജനറല്‍ സെക്രട്ടറി ഡി. രാജ ഉദ്ഘാടനം ചെയ്തു. അമര്‍ജിത് കൗര്‍ അധ്യക്ഷയായ പ്രസീഡിയമാണ് സമ്മേളന നടപടികള്‍ നിയന്ത്രിക്കുന്നത്.

കരട് രാഷ്ട്രീയ പ്രമേയം ഡി. രാജയും സംഘടനാ റിപ്പോര്‍ട്ട് കെ. നാരായണയും പ്രവര്‍ത്തന റിപ്പോര്‍ട്ട് ബാലചന്ദ്ര കെ. കാംഗോയും അവതരിപ്പിച്ചു. പൊതുചര്‍ച്ച ഇന്ന് (ചൊവ്വ) തുടരും.

സി.പി.ഐ.എം ജനറല്‍ സെക്രട്ടറി എം.എ. ബേബി, സി.പി.ഐ.എം.എല്‍ ലിബറേഷന്‍ ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ, ആര്‍.എസ്.പി ജനറല്‍ സെക്രട്ടറി മനോജ് ഭട്ടാചാര്യ, ഫോര്‍വേഡ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ജി. ദേവരാജന്‍ തുടങ്ങിയവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു.

 

Content Highlight: Palestinian Ambassador to India pays tribute to Bhagat Singh at CPI’s 25th Party Congress