അധ്യാപകര്‍ തടഞ്ഞ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ മൈം വീണ്ടും വേദിയില്‍; പ്രതിഷേധവുമായി ബി.ജെ.പി
Kerala
അധ്യാപകര്‍ തടഞ്ഞ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ മൈം വീണ്ടും വേദിയില്‍; പ്രതിഷേധവുമായി ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th October 2025, 12:43 pm

കാസര്‍ഗോഡ്: കുമ്പള ഹയര്‍സെക്കന്ററി സ്‌കൂള്‍ കലോത്സവത്തിനിടെ അധ്യാപകര്‍ നിര്‍ത്തിവെപ്പിച്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യ മൈം അതേ വേദിയില്‍ വീണ്ടും അവതരിപ്പിച്ചു.

പ്ലസ്ടു ക്ലാസിലെ ആറ് വിദ്യാര്‍ത്ഥികളാണ് മൈം അവതരിപ്പിച്ചത്. കളക്ടര്‍ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തിലായിരുന്നു മൈം അവതരണം.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാസര്‍ഗോഡ് കുമ്പള ഹയര്‍സെക്കന്ററി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യമറിയിച്ചുകൊണ്ടുള്ള മൈം അവതരിപ്പിച്ചത്. മൈം തുടങ്ങി ഏതാനും നിമിഷങ്ങള്‍ക്കകം തന്നെ ചില അധ്യാപകര്‍ വേദിയിലേക്ക് കയറി കര്‍ട്ടനിട്ട് പരിപാടി നിര്‍ത്തിവെപ്പിക്കുകയായിരുന്നു.

ഇതോടെ പ്രതിഷേധവുമായി രംഗത്തെത്തിയ വിദ്യാര്‍ത്ഥികളും അധ്യാപകരും തമ്മില്‍ വാക്കേറ്റവുമുണ്ടായി. ഈ തര്‍ക്കത്തെ തുടര്‍ന്ന് കലോത്സവം നിര്‍ത്തിവെക്കുകയായിരുന്നു.

സംഭവത്തില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. കേരളം എന്നും ഫലസ്തീനൊപ്പമാണെന്നും വിദ്യാര്‍ത്ഥികള്‍ക്ക് ഇതേ വേദിയില്‍ പരിപാടി അവതരിപ്പിക്കാന്‍ അവസരമൊരുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഉറപ്പുനല്‍കിയിരുന്നു. ഇതാണ് ഇപ്പോള്‍ പാലിക്കപ്പെട്ടിരിക്കുന്നത്.

തിങ്കളാഴ്ച സ്‌കൂളിലെ വേദിയില്‍ വെച്ച് വിദ്യാര്‍ത്ഥികള്‍ നിറഞ്ഞസദസിന് മുന്നില്‍ പരിപാടി അവതരിപ്പിച്ചു. ഹയര്‍സെക്കന്ററി വിഭാഗം മൂകാഭിനയ(മൈം)ത്തിലായിരുന്നു പ്ലസ്ടു ക്ലാസിലെ ആറ് വിദ്യാര്‍ത്ഥികളുടെ ഈ മൈം അവതരിപ്പിച്ചത്.

അതേസമയം, തിങ്കളാഴ്ച മൈം അവതരിപ്പിക്കുന്നതിനിടെ സ്‌കൂളിലേക്ക് ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. ഇന്ത്യയേക്കാള്‍ പ്രാധാന്യം മറ്റൊരു രാജ്യത്തിന് നല്‍കുന്നതെന്തിനാണെന്നും സ്‌കൂളില്‍ ഫലസ്തീന്‍ പതാക പ്രദര്‍ശിപ്പിച്ചത് അനുവദിക്കാനാകില്ലെന്നും പറഞ്ഞായിരുന്നു ബി.ജെ.പിയുടെ മാര്‍ച്ച്. ‘ഗസ വിഷയത്തില്‍ എന്തിനാണ് ഫലസ്തീന്റെ പതാക ഉയര്‍ത്തുന്നത്’ എന്ന് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ബി.ജെ.പി നേതാവ് ചോദിച്ചു.

നേരത്തെ, മൈം നിര്‍ത്തിവെപ്പിച്ച സംഭവത്തില്‍ വിശദമായ അന്വേഷണ റിപ്പോര്‍ട്ടും മന്ത്രി ശിവന്‍കുട്ടി വിദ്യാഭ്യാസ വകുപ്പ് സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അധ്യാപകര്‍ക്ക് വീഴ്ച സംഭവിച്ചെന്നായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.

വിദ്യാര്‍ത്ഥികള്‍ നിബന്ധനകള്‍ ലംഘിച്ചതുകൊണ്ടാണ് മൈം നിര്‍ത്തിവെച്ചതെന്നായിരുന്നു അധ്യാപകരുടെ വിശദീകരണം. അനുവദനീയമായതില്‍ കൂടുതല്‍ പേര്‍ വേദിയില്‍ കയറിയെന്നും അധ്യാപകര്‍ ആരോപിച്ചിരുന്നു.

Content Highlight: Palestine solidarity mime stopped by Kumbala HSS teachers is back on stage; BJP protests