ഇഫ്ളുവിലെ ഫലസ്തീൻ റാലി; എ.ബി.വി.പി ആക്രമണത്തിനിരയായവർക്കെതിരെ കേസെടുത്ത് കോൺഗ്രസ് സർക്കാർ
India
ഇഫ്ളുവിലെ ഫലസ്തീൻ റാലി; എ.ബി.വി.പി ആക്രമണത്തിനിരയായവർക്കെതിരെ കേസെടുത്ത് കോൺഗ്രസ് സർക്കാർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th October 2025, 10:10 am

ഹൈദരാബാദ്: ഇഫ്ലുവിൽ (ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാങ്ഗ്വേജ്‌ യൂണിവേഴ്സിറ്റി) ഫലസ്തീൻ അനുകൂല പ്രതിഷേധത്തിനുനേരെ എ.ബി.വി.പി ആക്രമണം. ഇരകളായ വിദ്യാർത്ഥികൾക്ക് നേരെ കേസെടുത്ത് കോൺഗ്രസ് സർക്കാർ. പൊലീസിനെ ആക്രമിക്കുകയും മറ്റൊരു രാജ്യത്തെ പിന്തുണയ്ക്കുന്നതിനായി ഇന്ത്യയെ അപമാനിക്കുകയും ചെയ്‌തുവെന്ന ആരോപണങ്ങൾ ഉന്നയിച്ചാണ് പൊലീസ് കേസെടുത്തത്.

വിദ്യാർത്ഥി യൂണിയൻ ഭാരവാഹികളായ വികാസ് ദീന, ആർദ്ര, യൂണിയൻ സെക്രട്ടറി യൂണിയൻ ജോയിന്റ് സെക്രട്ടറിയും ഫ്രറ്റേണിറ്റി ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ നൂറ മൈസുൻ, ഫ്രറ്റേണിറ്റി ദേശീയ സെക്രട്ടറി ഷാഹീൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്.

മറ്റ് രാജ്യത്തെ പിന്തുണയ്ക്കുന്നതിനും ഇന്ത്യയെ അപകീർത്തിപ്പെടുത്തുന്നതിനും ഭാരതീയ ന്യായ സംഹിത ( BNS )യിലെ വിവിധ വകുപ്പുകൾ പ്രകാരം ജാമ്യമില്ലാ കുറ്റമാണ് ഇവർക്ക് നേരെ ചുമത്തിയിരിക്കുന്നത്.

പൊലീസ് നടപടി മറയ്ക്കാനും എ.ബി.വി.പി ആക്രമണത്തിൽ നിന്നും ഇഫ്ലു അധികാരികളുടെ സംഘപരിവാർ പ്രീണനത്തിൽ നിന്നും ശ്രദ്ധതിരിക്കാനുമാണ് ഇരകൾക്കുനേരെ കേസെടുത്തതെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് പറഞ്ഞു.

ഇഫ്ലുവിൽ ചൊവ്വാഴ്ച നടന്ന ഫലസ്തീൻ അനുകൂല പ്രതിഷേധത്തിനിടെയാണ് സംഭവം. ഫലസ്തീനിൽ ഇസ്രഈൽ നടത്തുന്ന തുടർച്ചയായ ആക്രമണത്തിന്റെ രണ്ടാം വാർഷികത്തിന്റെ സ്മരണയ്ക്കായി ക്യാമ്പസിലെ സാഗർ സ്ക്വയറിലേക്കായിരുന്നു വിദ്യാർത്ഥികൾ മാർച്ച് നടത്തിയത്.

‘വെകുന്നേരം 6 മണി മുതൽ 7.15 വരെ സമാധാനപരമായി ഞങ്ങൾ മാർച്ച് നടത്തി. ഏകദേശം 7 .45 ന് മടങ്ങുമ്പോൾ എ.ബി.വി.പി അംഗങ്ങൾ എത്തുകയും ഞങ്ങളെ കയ്യേറ്റം ചെയ്യുകയും ഫലസ്തീൻ പതാകകളും പോസ്റ്ററുകളും കീറുകയും ചെയ്തു,’ ഫ്രറ്റെണിറ്റിയുടെ ദേശീയ സെക്രട്ടറി ഷഹീൻ പറഞ്ഞതായി സിയാസത്ത് റിപ്പോർട്ട് ചെയ്തു. സമാധാനം തകർക്കാൻ ശ്രമിച്ചത് എ.ബി.വി.പിയാണെന്നും അവർ കൂട്ടിച്ചേർത്തു.

‘ഫലസ്തീൻ ബാനറുകൾ കണ്ട പൊലീസ് അസ്വസ്ഥരാവുകയും വിദ്യാർത്ഥികളെ ചോദ്യം ചെയ്യുകയും മാർച്ച് അവസാനിപ്പിച്ചതിന് ശേഷം എന്തിനാണ് മറ്റൊരു രാജ്യത്തിന്റെ പതാകയേന്തുന്നതെന്ന് ഞങ്ങളോട് ചോദിക്കുകയും ചെയ്തു,’ നൂറ മൈസൂൻ പറഞ്ഞു.

Content Highlight: Palestine rally in EFLU; Congress government files case against ABVP attack victims