ഇസ്രാഈലിന്റെ കിംഗ് മേക്കറാകലല്ല ഫലസ്തീന്‍ നേതാക്കളുടെ പണി; ഇസ്രാഈല്‍ സര്‍ക്കാരിന്റെ ഭാഗമാകുന്ന അറബ് പാര്‍ട്ടിക്കെതിരെ ഫലസ്തീന്‍ രാഷ്ട്രീയ നിരീക്ഷക
World News
ഇസ്രാഈലിന്റെ കിംഗ് മേക്കറാകലല്ല ഫലസ്തീന്‍ നേതാക്കളുടെ പണി; ഇസ്രാഈല്‍ സര്‍ക്കാരിന്റെ ഭാഗമാകുന്ന അറബ് പാര്‍ട്ടിക്കെതിരെ ഫലസ്തീന്‍ രാഷ്ട്രീയ നിരീക്ഷക
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 6th June 2021, 11:30 am

ഗാസ: ഇസ്രാഈലില്‍ നെതന്യാഹുവിനെ താഴെയിറക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ രൂപീകരിച്ച സഖ്യത്തില്‍ കക്ഷിയാകാനുള്ള അറബ് ഇസ്‌ലാമിക് പാര്‍ട്ടിയുടെ തീരുമാനം മണ്ടത്തരമാണെന്ന് ഫലസ്തീന്‍ രാഷ്ട്രീയ നിരീക്ഷകയും അഭിഭാഷകയുമായ ഡയാന ബുട്ടു. ഇസ്രാഈലിനെയോ സയണിസ്റ്റ് മൂവ്‌മെന്റിനെയോ കുറിച്ച് ശരിയായ രീതിയില്‍ മനസ്സിലാക്കാത്തതുകൊണ്ടാണ് അറബ് ലിസ്റ്റ് നേതാവ് മന്‍സൂര്‍ അബ്ബാസ് ഈ തീരുമാനത്തിലേക്ക് നീങ്ങിയതെന്നും ഡയാന പറഞ്ഞു. അല്‍ ജസീറയോടായിരുന്നു ഡയാനയുടെ പ്രതികരണം.

ഇസ്രാഈലിലെ കിംഗ് മേക്കറാകാമെന്ന മന്‍സൂര്‍ അബ്ബാസിന്റെ ധാരണ വലിയ അബദ്ധമാണ്. കക്ഷി ചേര്‍ന്നുകൊണ്ട് സഖ്യത്തെ അബ്ബാസ് സഹായിച്ചു. പക്ഷെ ഫലസ്തീനികള്‍ എന്ന നിലയില്‍ ഇസ്രാഈലിന്റെ കിംഗ് മേക്കറാകുക എന്നതല്ല നമ്മുടെ ജോലി. നമ്മള്‍ ആ വ്യവസ്ഥയേ തന്നെ എതിര്‍ക്കുന്നവരാണ്. നമ്മുടെ കമ്യൂണിറ്റിക്ക് സുരക്ഷ നല്‍കുക എന്നതാണ് നമ്മുടെ കടമയെന്നും ഡയാന പറഞ്ഞു.

വളരെ കുറഞ്ഞ സീറ്റുകളുമായി സഖ്യത്തിലെത്തിയിരിക്കുന്ന അറബ് ലിസ്റ്റിനും അബ്ബാസിനും ഈ പുതിയ സര്‍ക്കാരിനെകൊണ്ട് ഒരു ഗുണവുമുണ്ടാകില്ലെന്നും ഡയാന കൂട്ടിച്ചേര്‍ത്തു.

‘ഫലസ്തീനികള്‍ക്ക് നേരെയുള്ള ഇസ്രാഈല്‍ സര്‍ക്കാരിന്റെ വംശീയ നിയമങ്ങള്‍ക്കെതിരെ ബില്‍ അവതരിപ്പിക്കാന്‍ പോലുമുള്ള പിന്തുണ എങ്ങനെയങ്കിലും അബ്ബാസ് നേടിയെടുക്കുമെന്നു പറയുന്നത് ഒരു തമാശ മാത്രമാണ്, ‘ ഡയാന പറഞ്ഞു. യഥാര്‍ത്ഥ്യം മനസ്സിലാക്കാതെ എടുത്ത ഈ തീരുമാനത്തെ ചിരിച്ചുകൊണ്ടു തള്ളിക്കളയാനേ ഫലസ്തീനികള്‍ക്കാകൂവെന്നും ഡയാന കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസങ്ങളിലാണു മന്‍സൂര്‍ അബ്ബാസിന്റെ നേതൃത്വത്തിലുള്ള യുണൈറ്റഡ് അറബ് ലിസ്റ്റ് പാര്‍ട്ടി, പ്രതിപക്ഷ നേതാവ് യെര്‍ ലാപിഡിന്റെ ഭരണ മുന്നണിയുടെ ഭാഗമായെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. ഇസ്രാഈലിന്റെ ചരിത്രത്തില്‍ തന്നെ ഇത് ആദ്യത്തെ സംഭവമാണ്.

ഇസ്രാഈലില്‍ 20 ശതമാനം വരുന്ന അറബ് ന്യൂനപക്ഷത്തെ പ്രതിനിധീകരിക്കുന്ന മന്‍സൂര്‍ അബ്ബാസിന്റെ പാര്‍ട്ടിയ്ക്കു നാലു സീറ്റുകളാണ് പാര്‍ലമെന്റിലുള്ളത്. നെതന്യാഹുവിനെ അധികാരഭൃഷ്ടനാക്കാനാണു താന്‍ ഭരണമുന്നണിയെ പിന്തുണയ്ക്കുന്നതെന്നാണ് അബ്ബാസ് അറിയിച്ചിരിക്കുന്നത്.

സഖ്യത്തിന്റെ ഭാഗമാകുന്നതായി പ്രഖ്യാപിച്ച ദിവസം തന്നെ അറബ് വംശജര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഗാസയിലെ ഫലസ്തീന്‍ പൗരന്‍മാരും ഈ തീരുമാനത്തെ രൂക്ഷമായി തന്നെ വിമര്‍ശിച്ചിരുന്നു. അവസരവാദിയാണ് മന്‍സൂര്‍ അബ്ബാസെന്നും സ്വന്തം താല്‍പ്പര്യം നോക്കി അദ്ദേഹം പ്രവര്‍ത്തിച്ചുവെന്നുമാണ് അറബ് വംശജരില്‍ നിന്നുയരുന്ന വിമര്‍ശനം.

എന്നാല്‍ അറബ് വംശജരുടെ പുരോഗതിയ്ക്കായാണു മന്‍സൂര്‍ സഖ്യ സര്‍ക്കാരിനൊപ്പം ചേര്‍ന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വാദം.
പുതിയ സര്‍ക്കാരില്‍ മന്ത്രിപദവിയൊന്നും അദ്ദേഹം സ്വീകരിക്കില്ലെന്നും പാര്‍ലമെന്റ് കമ്മിറ്റികളുടെ അധ്യക്ഷസ്ഥാനവും അറബ് വിഭാഗത്തിനായുള്ള ബജറ്റ് മേല്‍നോട്ടമായിരിക്കും അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യമെന്നും നിരീക്ഷകര്‍ പറയുന്നു.

നിയമവിരുദ്ധ നിര്‍മ്മാണത്തിന്റെ പേരില്‍ അറബ് പൗരന്‍മാര്‍ക്ക് നേരെ പിഴ ചുമത്തുന്ന നിയമത്തെ പിന്‍ലിക്കുന്നതിനായും അബ്ബാസ് പ്രവര്‍ത്തിക്കുമെന്നും നിരീക്ഷകര്‍ പറയുന്നു.

അതേസമയം ഇസ്രാഈലില്‍ തീവ്ര വലതുപക്ഷ നേതാവ് നഫ്താലി ബെന്നറ്റിനെയാണു പുതിയ ഇസ്രാഈല്‍ പ്രധാനമന്ത്രിയായി പ്രതിപക്ഷ സഖ്യം നിര്‍ദ്ദേശിച്ചത്. തീവ്ര ജൂതമതവാദിയായ നഫ്താലി ബെന്നറ്റ് നേരത്തെ പ്രതിരോധ വകുപ്പിലടക്കം നിരവധി പദവികള്‍ വഹിച്ചിട്ടുള്ള വ്യക്തിയാണ്.

എട്ട് പ്രതിപക്ഷകക്ഷികള്‍ ചേര്‍ന്നുള്ള സഖ്യമാണ് അധികാരത്തിലേറുന്നത്. അതിനാല്‍ പ്രധാനമന്ത്രി പദവി പങ്കിടാനാണ് തീരുമാനം. ബെന്നറ്റിന് ശേഷം രണ്ടാം ടേമില്‍ മുന്‍ പ്രതിപക്ഷ നേതാവായിരുന്ന യെര്‍ ലാപിഡ് പ്രധാനമന്ത്രിയാകും. ഇതോടെ 12 വര്‍ഷം നീണ്ടുനിന്ന ബെഞ്ചമിന്‍ നെതന്യാഹു ഭരണത്തിന് അന്ത്യമാകും.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നാല് തെരഞ്ഞെടുപ്പുകളാണ് ഇസ്രാഈലില്‍ നടന്നത്. മാര്‍ച്ചില്‍ നടന്ന അവസാന തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും സഖ്യത്തിനും ഭൂരിപക്ഷം നേടാനായതോടെയാണു നെതന്യാഹുവിനെ പുറത്താക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സഖ്യം ചേര്‍ന്നത്.

ഈ സഖ്യത്തില്‍ ഇടതുപക്ഷവും വലതുപക്ഷവും തീവ്ര മതവാദികളും മതേതരവാദികളുമുണ്ട്. സഖ്യത്തിലെ പാര്‍ട്ടികളില്‍ ചിലര്‍ സ്വതന്ത്ര ഫലസ്തീനെ പിന്തുണക്കുന്നവരും മറ്റു ചിലര്‍ അതിശക്തമായി എതിര്‍ക്കുന്നവരുമാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Palestine against Arab List leader Mansour Abbas for being part of new Israel coalition govt