ലണ്ടന്‍: ബ്രിട്ടീഷ് സര്‍ക്കാര്‍ നിരോധിത തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച ഫലസ്തീന്‍ ആക്ഷനുള്ള പിന്തുണ തുടരുമെന്ന് ഐറിഷ് നോവലിസ്റ്റ് സാലി റൂണി. ഫലസ്തീന്‍ ആക്ഷനെതിരായ നടപടിയില്‍ യു.കെ സര്‍ക്കാരിനെതിരെ പ്രതിഷേധമുയര്‍ത്തിയ 500ഓളം ആളുകളെ അറസ്റ്റ് ചെയ്തതിനെ സാലി റൂണി വിമര്‍ശിക്കുകയും ചെയ്തു.
ശനിയാഴ്ച ഐറിഷ് ടൈംസില്‍ എഴുതിയ ലേഖനത്തിലാണ് സാലി തന്റെ നിലപാട് വ്യക്തമാക്കിയത്. താനും ഫലസ്തീന്‍ ആക്ഷനെ പിന്തുണക്കുകയാണെന്നും ഈ തീരുമാനം യു.കെ നിയമപ്രകാരം ഭീകരതയെ പിന്തുണക്കുന്നതാണെങ്കില്‍ അങ്ങനെ ആയിക്കോട്ടെയെന്നും സാലി റൂണി എഴുതി.
‘എന്റെ പുസ്തകങ്ങള്‍ ബ്രിട്ടനിലും പ്രസിദ്ധീകരിക്കുന്നുണ്ട്. ലൈബ്രറികളില്‍ ഉള്‍പ്പെടെ എന്റെ പുസ്തകങ്ങള്‍ ലഭ്യമാണ്. ഈ പുസ്തകങ്ങളിലൂടെ എനിക്ക് ലഭിക്കുന്ന വരുമാനവും മറ്റ് പൊതുപരിപാടികളില്‍ നിന്ന് ലഭിക്കുന്ന വരുമാനവും ഫലസ്തീന്‍ പ്രവര്‍ത്തനങ്ങള്‍ക്കും വംശഹത്യകള്‍ക്കെതിരായ നടപടികള്‍ക്കുമായി ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്,’ സാലി റൂണി വ്യക്തമാക്കി.
തന്റെ നിലപാട് ഒരു യു.കെ പത്രത്തില്‍ പ്രസിദ്ധീകരിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. എന്നാല്‍ ഇതും നിരോധിക്കപ്പെട്ടേക്കാമെന്നും സാലി റൂണി ചൂണ്ടിക്കാട്ടി. അതേസമയം സാലിയുടെ നിലപാട് സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിയൊരുക്കിയത്.
നിരവധി ആളുകള്‍ ഐറിഷ് നോവലിസ്റ്റിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തി. ലേബര്‍ പാര്‍ട്ടിയുടെ തെറ്റായ നടപടികള്‍ ഒരു വശത്ത് നില്‍ക്കുമ്പോള്‍ സാലി റൂണി ചരിത്രത്തിന്റെ ശരിയായ വശത്തേക്ക് നീങ്ങുകയാണെന്ന് സോഷ്യല്‍ മീഡിയ പറയുന്നു.
എന്നാല്‍ ജൂലൈ 30ന് ബ്രിട്ടീഷ് ഭരണകൂടത്തിന്റെ നടപടിയില്‍ ജുഡീഷ്യല്‍ പരിശോധനയ്ക്ക് അനുമതി നല്‍കിക്കൊണ്ട് ഒരു ഹൈക്കോടതി ജഡ്ജി ഫലസ്തീന്‍ ആക്ഷന് അനുകൂലമായി വിധി പുറപ്പെടുവിച്ചിരുന്നു.
ബ്രിട്ടനില്‍ ആദ്യമായാണ് ഒരു ഡയറക്ട് ആക്ഷന്‍ ഗ്രൂപ്പിനെ രാജ്യത്ത് നിരോധിത സംഘടനയായി പ്രഖ്യാപിക്കുന്നത്. ഫലസ്തീന്‍ ആക്ഷനെ നിരോധിച്ചതിനെ തുടര്‍ന്ന് നിരവധി ആളുകളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.
ഓഗസ്റ്റ് ആദ്യവാരത്തില്‍ യു.കെ സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച 450ഓളം പേരെ ലണ്ടന്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗസയിലെ വംശഹത്യയെ എതിര്‍ക്കുന്നു, ഫലസ്തീന്‍ ആക്ഷനെ പിന്തുണക്കുന്നു എന്നിങ്ങനെ എഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് പ്രതിഷേധക്കാര്‍ രംഗത്തെത്തിയത്.
നിലവില്‍ ഫലസ്തീന്‍ ആക്ഷന് പിന്തുണ നല്‍കിയതില്‍ 60 പേര്‍ കൂടി പ്രോസിക്യൂഷന്‍ നേരിടേണ്ടി വരുമെന്നാണ് മെട്രോപൊളിറ്റന്‍ പൊലീസ് പറയുന്നത്.
Content Highlight: With Palestine Action; If the decision supports terrorism, so be it; Irish novelist sally rooney