കണ്ണൂര്‍: പാലത്തായി പീഡനക്കേസിലെ വിധിയില്‍ സന്തോഷമെന്ന് പ്രതികരിച്ച് പ്രോസിക്യൂട്ടര്‍. കേസിലെ പ്രതിയായ ബി.ജെ.പി നേതാവ് കുനിയില്‍ പത്മരാജന് മരണം വരെ ജീവപര്യന്തം ശിക്ഷ വിധിച്ച കോടതി വിധിയിലാണ് പ്രോസിക്യൂട്ടര്‍ പി.എം ഭാസുരിയുടെ പ്രതികരണം.
ഏറെ സന്തോഷകരമായ വിധിയാണ് ഉണ്ടായത്. പ്രതിയായ പത്മരാജന്‍ ആദ്യം പോക്‌സോ കുറ്റത്തില്‍ തടവ് അനുഭവിക്കണമെന്നും പ്രതിഭാഗത്തിന്റെ കെട്ടിച്ചമച്ച കേസെന്ന വാദത്തില്‍ കഴമ്പില്ലെന്നും ഭാസുരി പറഞ്ഞു.
അതേസമയം, കേസില്‍ ആദ്യഘട്ടത്തിലെ പൊലീസ് അന്വേഷണത്തില്‍ നിരാശയുണ്ടായെന്നും ഭാസുരി മാധ്യമങ്ങളോട് പ്രതികരിച്ചു.
കേസിലെ വിധിയില്‍ സന്തോഷമെന്ന് കുട്ടിയുടെ കുടുംബവും പ്രതികരിച്ചു. സോഷ്യല്‍മീഡിയയിലടക്കം വലിയ രീതിയില്‍ ആക്രമണം നേരിട്ടെന്നും കുടുംബം പറഞ്ഞു.
പാലത്തായി പീഡനക്കേസില്‍ പ്രതിയും ബി.ജെ.പി നേതാവും അധ്യാപകനുമായ കുനിയില്‍ പത്മരാജന് മരണം വരെ ജീവപര്യന്തം ശിക്ഷയും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. തലശേരി അതിവേഗ പോക്സോ കോടതിയുടേതാണ് വിധി. രണ്ട് പോക്സോ കേസുകളിലായി 20 വര്‍ഷം വീതം പത്മരാജന് ശിക്ഷ വിധിച്ചു.
പത്തുവയസുകാരിയായ വിദ്യാര്‍ത്ഥിനിയെ അധ്യാപകനായ പത്മരാജന്‍ പീഡനത്തിനിരയാക്കി എന്നാണ് കേസ്. 2020 ജനുവരി മുതല്‍ ഫെബ്രുവരി വരെയുള്ള സമയങ്ങളില്‍ മൂന്ന് തവണ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ശുചിമുറിയിലെത്തിച്ച് ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു.
പീഡനത്തെ കുറിച്ച് വിദ്യാര്‍ത്ഥിനി തന്നെയാണ് ചൈല്‍ഡ് ലൈനിനോട് വെളിപ്പെടുത്തിയത്. പിന്നീട് പരാതിയുമായി കുട്ടിയുടെ കുടുംബം പൊലീസിനെ സമീപിച്ചതോടെ ഒട്ടേറെ രാഷ്ട്രീയ വിവാദങ്ങളുള്‍പ്പെടെ കേസിനെ ചൊല്ലി ഉയര്‍ന്നുകേട്ടിരുന്നു.
2020 മാര്‍ച്ച് 17ന് പാനൂര്‍ പൊലീസ് കേസെടുക്കുകയും ഏപ്രില്‍ 15ന് കേസിലെ പ്രതിയായ പത്മരാജനെ പൊയിലൂര്‍ വിളക്കോട്ടൂരില്‍ നിന്നും അറസ്റ്റ് ചെയ്യുകയും ചെയ്തു.
കുട്ടിയുടെ അമ്മയുടെ ആവശ്യപ്രകാരം 2020 ഏപ്രില്‍ 24ന് ഡി.ജി.പി കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി. പിന്നീട് കേസില്‍ പ്രതിക്ക് ജാമ്യം ലഭിച്ചതോടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് നാര്‍ക്കോട്ടിക് സെല്‍ എ.എസ്.പി രേഷ്മ രമേശ് ഉള്‍പ്പെട്ട സംഘം അന്വേഷണം ഏറ്റെടുത്തു.
ഈ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നിന്നും പോക്സോ വകുപ്പ് ഒഴിവാക്കിയിരുന്നു. 2024 ഫെബ്രുവരിയില്‍ കേസിന്റെ വിചാരണ ആരംഭിച്ചു. പ്രോസിക്യൂഷന് വേണ്ടി പി.എം ഭാസുരിയും പ്രതിഭാഗത്തിനായി അഡ്വ. പി. പ്രേമരാജനും ഹാജരായി.
പീഡനത്തിനിരയായ കുട്ടി, കുട്ടിയുടെ സുഹൃത്തായ വിദ്യാര്‍ത്ഥി, നാല് അധ്യാപകര്‍ തുടങ്ങി 40 സാക്ഷികളെയാണ് പ്രോസിക്യൂഷന്‍ വിസ്തരിച്ചത്.
Content Highlight: Palathayi case: Very happy with the verdict; Padmarajan should first serve his POCSO sentence: Prosecutor