പാലത്തായി പോക്‌സോ കേസ്: ശിക്ഷിക്കപ്പെട്ട പത്മരാജനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു
Kerala
പാലത്തായി പോക്‌സോ കേസ്: ശിക്ഷിക്കപ്പെട്ട പത്മരാജനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 23rd November 2025, 12:09 pm

കണ്ണൂര്‍: പാലത്തായി പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട അധ്യാപകനും ബി.ജെ.പി നേതാവുമായ കുനിയില്‍ പത്മരാജനെതിരെ നടപടി.

പത്മരാജനെ അധ്യാപക ജോലിയില്‍ നിന്നും പിരിച്ചുവിട്ടു.സ്‌കൂള്‍ മാനേജരാണ് ഇയാളെ പിരിച്ചുവിട്ടുകൊണ്ടുള്ള നടപടി സ്വീകരിച്ചതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.

കേസില്‍ ഇരയായ വിദ്യാര്‍ത്ഥിനിയെ മാനസികമായി സമ്മര്‍ദത്തിലാക്കുകയും പ്രതി ഭാഗത്തിന് അനുകൂലമാകുന്ന രീതിയിലുള്ള ചോദ്യങ്ങളുന്നയിക്കുകയും ചെയ്ത ഒരു കൗണ്‍സിലര്‍ക്കെതിരെയും കഴിഞ്ഞദിവസം നടപടിയെടുത്തിരുന്നു.

വനിതാ ശിശു വികസന വകുപ്പിന് കീഴിലെ കൗണ്‍സിലര്‍ക്കെതിരെയാണ് നടപടി. അഞ്ച് വര്‍ഷം മുമ്പത്തെ പരാതിയിലാണ് നടപടിയെടുത്തത്.

ങ്ങെന്ന പേരില്‍ മാനസികമായി പീഡിപ്പിച്ച മൂന്ന് കൗണ്‍സിലര്‍ക്കെതിരെ പരാതി ഉയര്‍ന്നിരുന്നു.

നവംബര്‍ 15നാണ് തലശേരി അതിവേഗ പോക്സോ കോടതി പാലത്തായി പോക്‌സോ കേസില്‍ കുനിയില്‍ പത്മരാജന് മരണം വരെ ജീവപര്യന്തം ശിക്ഷയും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചത്. രണ്ട് പോക്സോ കേസുകളിലായി 20 വര്‍ഷം വീതമാണ് പത്മരാജന് ശിക്ഷ വിധിച്ചിരുന്നത്.

പത്തുവയസുകാരിയായ വിദ്യാര്‍ത്ഥിനിയെ അധ്യാപകനായ പത്മരാജന്‍ പീഡനത്തിനിരയാക്കി എന്നാണ് കേസ്. 2020 ഫെബ്രുവരിയിലാണ് പത്മരാജനെതിരെ പരാതി ഉയര്‍ന്നത്.

പീഡനത്തെ കുറിച്ച് വിദ്യാര്‍ത്ഥിനി തന്നെയാണ് ചൈല്‍ഡ്ലൈനിനോട് വെളിപ്പെടുത്തിയത്. പിന്നീട് പരാതിയുമായി കുട്ടിയുടെ കുടുംബം പൊലീസിനെ സമീപിച്ചതോടെ ഒട്ടേറെ രാഷ്ട്രീയ വിവാദങ്ങളുള്‍പ്പെടെ കേസിനെ ചൊല്ലി ഉയര്‍ന്നിരുന്നു.

Content Highlight: Palathayi case: K Pathmarajan Dismissed from school