പാലക്കാട്: തെരഞ്ഞെടുപ്പിന്റെ നിശബ്ദ പ്രചാരണം പുരോഗമിക്കെ, പാലക്കാട് മണ്ഡലത്തില്‍ വോട്ടര്‍മാര്‍ക്ക് ബി.ജെ.പി പണം നല്‍കിയെന്ന ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്.
കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ഒരു വോട്ടര്‍ക്ക് പണം നല്‍കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ സാന്നിധ്യത്തിലായിരുന്നു പണം വിതരണമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയിലുള്ള ഒരു വീട്ടിലെ വൃദ്ധയായ സ്ത്രീക്ക് ബി.ജെ.പി പ്രവര്‍ത്തകര്‍ പണം നല്‍കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
പ്രദേശത്തെ ഒരു മരണവീട് സന്ദര്‍ശിക്കാനാണ് സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനും സംഘവും എത്തിയത്.
മരണവീട്ടിലെ സന്ദര്‍ശനത്തിന് ശേഷം തൊട്ടടുത്ത വീട്ടിലെത്തിയ സംഘം അവിടെയുണ്ടായിരുന്ന വൃദ്ധയുമായി സംസാരിക്കുകയും തുടര്‍ന്ന് കൈവശം കരുതിയിരുന്ന പണം നല്‍കുകയുമായിരുന്നു. ഈ സമയം സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ പുറത്ത് കാറിലുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പണം നല്‍കുന്ന ദൃശ്യങ്ങള്‍ പ്രദേശത്തുണ്ടായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത് സംഘര്‍ഷത്തിന് കാരണമായി. ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ശോഭാ സുരേന്ദ്രന്‍ കാറില്‍ നിന്നിറങ്ങി പ്രവര്‍ത്തകര്‍ക്കെതിരെ തട്ടിക്കയറുകയായിരുന്നു.
ദൃശ്യങ്ങള്‍ പകര്‍ത്തിയവരെ സ്ഥാനാര്‍ത്ഥി ഭീഷണിപ്പെടുത്തുന്നതായും ദൃശ്യങ്ങളില്‍ കാണാം. ‘അടിച്ചു കരണക്കുറ്റി പൊട്ടിക്കും’ എന്ന് ശോഭാ സുരേന്ദ്രന്‍ പ്രവര്‍ത്തകരോട് ആക്രോശിക്കുന്നതും വീഡിയോയിലുണ്ട്.
ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചവരും ബി.ജെ.പി പ്രവര്‍ത്തകരും തമ്മില്‍ വലിയ തോതിലുള്ള വാഗ്വാദമാണ് പ്രദേശത്ത് നടന്നത്.
നാളെ വോട്ടെടുപ്പ് നടക്കാനിരിക്കെ പുറത്തുവന്ന ഈ ദൃശ്യങ്ങള്‍ ബി.ജെ.പിയെ കടുത്ത പ്രതിരോധത്തിലാക്കിയിട്ടുണ്ട്. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ബി.ജെ.പി പണമൊഴുക്കുന്നു എന്ന ആരോപണം നേരത്തെയും കോണ്‍ഗ്രസും സി.പി.ഐ.എമ്മും ഉയര്‍ത്തിയിരുന്നു.
എന്നാല്‍ സ്ഥാനാര്‍ത്ഥിയുടെ സാന്നിധ്യത്തില്‍ തന്നെ ഇത്തരമൊരു സംഭവം നടന്നത് ഗൗരവകരമാണെന്ന് യു.ഡി.എഫ് നേതൃത്വം പ്രതികരിച്ചു. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.
Content Highlight: Palakkad BJP Members Giving Money to Voters Congress Allehgation