പാലക്കാട്: ലൈംഗികാരോപണങ്ങള്‍ക്ക് പിന്നാലെ പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെ നാട്ടില്‍ കാലുകുത്തിക്കില്ലെന്ന് ഭീഷണി മുഴക്കിയ ബി.ജെ.പിയുടെ നയത്തില്‍ മാറ്റം.
കഴിഞ്ഞദിവസം രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കെടുത്ത പാലക്കാട്ടെ റോഡ് ഉദ്ഘാടനത്തിന് ബി.ജെ.പി ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ പങ്കെടുത്തത് വിവാദമായിരുന്നു. എന്നാല്‍ പ്രമീളയെ പിന്തുണച്ച് പാര്‍ട്ടിയിലെ ഒരു വിഭാഗം രംഗത്തെത്തി.
ബി.ജെ.പിക്കുള്ളില്‍ തന്നെ വിഷയത്തില്‍ അഭിപ്രായവ്യത്യാസം ഉയര്‍ന്നെങ്കിലും പ്രമീള ശശിധരനെ സംരക്ഷിക്കുന്ന നിലപാട് ബി.ജെ.പി ദേശീയ കൗണ്‍സില്‍ അംഗം എന്‍. ശിവരാജന്‍ സ്വീകരിച്ചു. രാഹുല്‍ പാലക്കാട് വന്നത് താനറിഞ്ഞില്ലെന്നും പത്രത്തിലൂടെയാണ് വിവരമറിഞ്ഞതെന്നും ശിവരാജന്‍ പറഞ്ഞു.
സംസ്ഥാന നേതൃത്വം പ്രമീളയ്ക്ക് എതിരായ നിലപാടെടുത്തപ്പോള്‍ ദേശീയ നേതൃത്വത്തിന്റെ വക്താവ് വിഭിന്നമായ നിലപാടെടുത്തതും ശ്രദ്ധേയമായി.
പരിപാടിയില്‍ രാഹുല്‍ പങ്കെടുക്കുന്ന വിവരം ചെയര്‍പേഴ്‌സണ്‍ അറിഞ്ഞിരുന്നില്ല. കൗണ്‍സില്‍ അംഗം പങ്കെടുത്തതില്‍ പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്നും ജനാധിപത്യ പാര്‍ട്ടിയെന്ന നിലയില്‍ അത് സ്വാഭാവികമാണെന്നും ശിവരാജന്‍ പറഞ്ഞു.
രാഹുലിന് ഇവിടെ പണി ഉണ്ടാവില്ലേ? രാഹുല്‍ ഇവിടുത്തെ വോട്ട് വാങ്ങി ജയിച്ച ആളല്ലേ? വികസനപ്രവര്‍ത്തനങ്ങള്‍ക്കൊന്നും രാഷ്ട്രീയവും ജാതിയും മതവുമില്ല എന്നാണ് നരേന്ദ്ര മോദിയും വാജ്‌പേയിയും പഠിപ്പിച്ചിട്ടുള്ളതെന്ന് ശിവരാജന്‍ പറഞ്ഞു.
അതേസമയം, പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് കാണിച്ച് ബി.ജെ.പി നേതൃത്വം പ്രമീള ശശിധരന് കാരണം കാണിക്കല്‍ നോട്ടീസയച്ചു. വിവാദങ്ങളോട് പ്രതികരിച്ച പ്രമീള താന്‍ പാര്‍ട്ടി നേതൃത്വത്തിന് മറുപടി നല്‍കിക്കൊള്ളാമെന്ന നിലപാടാണെടുത്തത്.
കഴിഞ്ഞദിവസം നടന്ന സ്റ്റേഡിയം ബസ് സ്റ്റാന്റ് ബൈപാസ്-ജില്ലാ അശുപത്രി ലിങ്ക് റോഡ് ഉദ്ഘാടന ചടങ്ങിലാണ് പ്രമീള ശശിധരന്‍ അധ്യക്ഷയായി പങ്കെടുത്തത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയുടെ ഫണ്ട് ഉപയോഗിച്ച റോഡിന്റെ ഉദ്ഘാടനത്തിനാണ് ഇവരെത്തിയത്.
രാഹുല്‍ പാലക്കാടെത്തുന്ന വേളയില്‍ പ്രതിഷേധം നടത്തുകയും പാലക്കാട് കാലുകുത്തിക്കില്ലെന്ന് ജില്ലാനേതൃത്വം ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ബി.ജെ.പിയുടെ പ്രതിഷേധത്തിനിടെ ഒരു ബി.ജെ.പി നേതാവ് ഇതാദ്യമായാണ് പരസ്യമായി രാഹുലിന് പിന്തുണ നല്‍കുന്നതും ഒരുമിച്ച് വേദി പങ്കിടുന്നതും.