ഒരു സമുദായത്തെ അതിക്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കാതെ അരമനകള്‍ കയറിയിറങ്ങുന്നത് അപമാനകരം; വി.എന്‍ വാസവനെതിരെ വിമര്‍ശനവുമായി സമസ്ത നേതാവിന്റെ ലേഖനം
Kerala News
ഒരു സമുദായത്തെ അതിക്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കാതെ അരമനകള്‍ കയറിയിറങ്ങുന്നത് അപമാനകരം; വി.എന്‍ വാസവനെതിരെ വിമര്‍ശനവുമായി സമസ്ത നേതാവിന്റെ ലേഖനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 18th September 2021, 9:32 am

കോഴിക്കോട്: പാല ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദര്‍ശിച്ച് മന്ത്രി വി.എന്‍. വാസവന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി സമസ്ത നേതാവ് മുസ്തഫ മുണ്ടുപാറ. വിദ്വേഷ പ്രചാരകന് മന്ത്രി ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നും ഇരയെ ആശ്വസിപ്പിക്കുന്നതിന് പകരം മന്ത്രി വേട്ടക്കാരന് സിന്ദാബാദ് വിളിക്കുന്നെന്നും മുഖപത്രം സുപ്രഭാതത്തില്‍ വന്ന ലേഖനത്തില്‍ പറഞ്ഞു.

ഒരു സമുദായത്തെ അതിക്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കാതെ അരമനകള്‍ കയറിയിറങ്ങുന്നത് അപമാനകരമാണെന്നും എസ്.വൈ.എസ് സെക്രട്ടറി മുസ്തഫ മുണ്ടുപാറ എഴുതിയ ലേഖനത്തില്‍ പറഞ്ഞു.

‘വിദ്വേഷ പ്രചാരണം, വേട്ടക്കാരന് ഹലേലൂയ്യ പാടുന്നവര്‍’ എന്ന തലക്കെട്ടിലാണ് സുപ്രഭാതത്തില്‍ ലേഖനം പ്രസിദ്ധീകരിച്ചത്. മന്ത്രി വാസവന്‍, പാലാബിഷപ്പ് ഹൗസില്‍ പോയി ജോസഫ് കല്ലറങ്ങാട്ടിനെ കണ്ടതിന് ശേഷം, വിവാദ പ്രസ്താവന അടഞ്ഞ അധ്യായമാണെന്നും അതിനെതിരെ പ്രതികരിക്കുന്നവര്‍ ഭീകരവാദികളാണെന്നും അഭിപ്രായപ്പെട്ടിരുന്നു. ഇത് എല്‍.ഡി.എഫ് സര്‍ക്കാറിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും നിലപാടാണോ എന്നറിയാന്‍ താല്‍പര്യമുണ്ടെന്ന് എന്നാണ് ലേഖനത്തില്‍ മുസ്തഫ മുണ്ടുപാറ പറഞ്ഞു.

ഒരു സമുദായത്തെ അതിക്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കാതെ അരമനകള്‍ കയറിയിറങ്ങുന്നത് അപമാനകരമാണ്. കേവല രാഷ്ട്രീയ നേട്ടത്തിന് വേണ്ടി അക്രമികള്‍ക്കെതിരെ നടപടിയെടുക്കാന്‍ മടിക്കുന്നുവെന്നും ലേഖനത്തില്‍ വിമര്‍ശിക്കുന്നു.

കഴിഞ്ഞ ദിവസമാണ് മന്ത്രി വി.എന്‍. വാസവന്‍ പാല ബിഷപ്പിനെ സന്ദര്‍ശിച്ചത്. നാര്‍ക്കോട്ടിക് വിവാദം അടഞ്ഞ അധ്യായമാണെന്നും പ്രസ്താവനയുടെ പേരില്‍ വിവാദമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ വര്‍ഗീയവാദികളാണെന്നുമായിരുന്നു വാസവന്‍ പറഞ്ഞത്.

ബിഷപ്പുമായി നടത്തിയത് സൗഹൃദ സംഭാഷണമാണെന്നും നാര്‍ക്കോട്ടിക് വിവാദം ചര്‍ച്ചയായില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. കോണ്‍ഗ്രസ് ബി.ജെ.പി നേതാക്കളുടെ സന്ദര്‍ശനം രാഷ്ട്രീയലക്ഷ്യമാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

സംസ്ഥാനത്തെ മതസൗഹാര്‍ദ്ദവും സമാധാനവും തകര്‍ക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും ഏതുതരത്തിലുള്ള മത വിദ്വേഷ പ്രചരണത്തെയും സര്‍ക്കാര്‍ ശക്തമായി നേരിടുമെന്നും വാസവന്‍ പറഞ്ഞു.

മന്ത്രിയുടെ പരാമര്‍ശത്തിന് പിന്നാലെ വ്യാപക വിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ പാര്‍ട്ടി അനുകൂലികളില്‍ നിന്ന് തന്നെ ഉയരുന്നുണ്ടായിരുന്നു.

ലവ് ജിഹാദിനൊപ്പം കേരളത്തില്‍ നാര്‍ക്കോട്ടിക് ജിഹാദുമുണ്ടെന്നായിരുന്നു പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ വിവാദ പ്രസംഗം. കത്തോലിക്ക യുവാക്കളില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കാന്‍ പ്രത്യേകം ശ്രമങ്ങള്‍ നടക്കുന്നുണ്ട്.

ലവ് ജിഹാദില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. ഇതിന് സഹായം നല്‍കുന്ന ഒരു വിഭാഗം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ബിഷപ്പ് പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Pala Bishop Narcotic Jihad Controversy Samastha article with criticism against VN Vasavan