ആ കഥാപാത്രം ചെയ്യാന്‍ ആത്മവിശ്വാസക്കുറവ് തോന്നി; അവരുടെ ഉന്മേഷം കണ്ടാണ് സിനിമ ചെയ്യാന്‍ തീരുമാനിച്ചത്: ഗിന്നസ് പക്രു
Malayalam Cinema
ആ കഥാപാത്രം ചെയ്യാന്‍ ആത്മവിശ്വാസക്കുറവ് തോന്നി; അവരുടെ ഉന്മേഷം കണ്ടാണ് സിനിമ ചെയ്യാന്‍ തീരുമാനിച്ചത്: ഗിന്നസ് പക്രു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 8th September 2025, 7:17 am

 

മലയാളികള്‍ക്ക് സുപരിചിതനാണ് ഗിന്നസ് പക്രു എന്നറിയപ്പെടുന്ന അജയ് കുമാര്‍. അത്ഭുതദ്വീപ് എന്ന ചിത്രത്തില്‍ പ്രധാന വേഷം ചെയ്താണ് ഗിന്നസ് പക്രു ശ്രദ്ധേയനായത്. ചിത്രത്തിലെ വേഷത്തിന് ഏറ്റവും പൊക്കം കുറഞ്ഞ നടനെന്ന ഗിന്നസ് റെക്കോഡും പക്രു സ്വന്തമാക്കി. മലയാളത്തിന് പുറമേ തമിഴിലും അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

ഗിന്നസ് പക്രു പ്രധാനവേഷത്തില്‍ എത്തി 2025ല്‍ പുറത്തിറങ്ങിയ ചിത്രമാണ് 916 കുഞ്ഞൂട്ടന്‍. സിനിമയെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ അദ്ദേഹം. താന്‍ പ്രധാനവേഷം ചെയ്ത വളരെ കുറച്ച് താരങ്ങള്‍ മാത്രമുള്ള ചെറിയൊരു സിനിമയായിരുന്നു 916 കുഞ്ഞൂട്ടനെന്ന് പക്രു പറയുന്നു.

‘സിനിമ ഞങ്ങള്‍ പ്രതീക്ഷിച്ചതിനെക്കാള്‍ വലിയ വിജയമായി. പ്രത്യേകിച്ച് കുടുംബപ്രേക്ഷകര്‍ സിനിമകണ്ട് ആസ്വദിച്ചതിന്റെ സന്തോഷം എന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ട്. ഞാന്‍ ഈ അടുത്ത കാലത്തൊന്നും സിനിമയുടെ ഭാഗമായുള്ള പ്രമോഷന്‍ പരിപാടികള്‍ക്ക് പോയിട്ടില്ല. പ്രത്യേകിച്ച് തിയേറ്റര്‍ വിസിറ്റ്, മാളുകളിലെ പ്രൊമോഷന്‍ തുടങ്ങിയ പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ പ്രേക്ഷകരുമായി കൂടുതല്‍ അടുക്കാനാവും,’ പക്രു പറയുന്നു.

ഈ സിനിമ കണ്ടവരെല്ലാം തന്റെ കഥാപാത്രത്തെക്കുറിച്ച് നല്ല വാക്കുകള്‍ പറഞ്ഞപ്പോള്‍ ഒരുപാട് സന്തോഷം തോന്നിയെന്നും രണ്ട് ഷെയ്ഡ് ഉള്ള കഥാപാത്രമാണ് 916 കുഞ്ഞൂട്ടനില്‍ താന്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

‘ഒരു നാട്ടുമ്പുറത്തുകാരനും അതേസമയം വേറെ കുറേ വലിയ കാര്യങ്ങള്‍ ചെയ്യുന്ന മന്യഷ്യനുമായിരുന്നു ആ കഥാപാത്രം. വലിയ കാര്യങ്ങള്‍ ചെയ്യുന്നതില്‍ എനിക്ക് സംശയം ഉണ്ടായിരുന്നു. അതൊക്കെ വേണോയെന്ന ആത്മവിശ്വാസക്കുറവ്. സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും ഉന്മേഷം കണ്ടിട്ടാണ് ചെയ്തുനോക്കാം എന്ന് തീരുമാനിക്കുന്നത്. ഈ കഥാപാത്രത്തിന് ചില സ്ഥലങ്ങളില്‍ നന്നായി പെര്‍ഫോം ചെയ്യാനുണ്ട്. കഥാപാത്രം ഒരു പ്രത്യേക പോയിന്റ്‌റില്‍ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ജീവിതത്തിലേക്ക് ഒരു പെണ്‍കുട്ടി വരാന്‍ തയ്യാറാവുകയും ചെയ്യുന്നിടത്താണ് ഞാന്‍ കണ്‍വിന്‍സ്ഡ് ആയത്,’പക്രു പറഞ്ഞു.

Content highlight: Pakru talks about the movie 916 and his character in the movie