2026 ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പിന് മുന്നോടിയായി പാകിസ്ഥാന്‍ വംശജനായ യു.എസ്.എ ഫാസ്റ്റ് ബൗളര്‍ അലി ഖാന് ഇന്ത്യന്‍ വിസ നിഷേധിക്കപ്പെട്ടു. വിസ ലഭിക്കാത്ത വാര്‍ത്ത അലി ഖാന്‍ തന്നെയാണ് തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചത്. ഇത് യു.എസ്.എ ടീമിന് വലിയ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്.
യു.എസ്.എയ്ക്കായി 18 ടി-20 മത്സരങ്ങള്‍ കളിച്ച താരമാണ് അലി ഖാന്‍. മാത്രമല്ല 16 വിക്കറ്റുകളും ഫോര്‍മാറ്റില്‍ താരം നേടിയിട്ടുണ്ട്. കൂടാതെ 15 ഏകദിനങ്ങളില്‍ നിന്ന് 33 വിക്കറ്റുകളും അലി നേടിയട്ടുണ്ട്. ടീമിലെ നിര്‍ണായക സാന്നിധ്യമായ പേസര്‍ക്ക് വിസ നിഷേധിച്ചതോടെ യു.എസ്.എ ആശങ്കയിലാണ്.
ഫെബ്രുവരി 7ന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ ഇന്ത്യക്കെതിരെയാണ് യു.എസ്.എയുടെ ആദ്യ മത്സരം. നിലവില്‍ അലി ഖാന്റെ വിസ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് യു.എസ് അധികൃതര്‍.
2024ലെ ടി-20 ലോകകപ്പില്‍ റിഷഭ് പന്ത്, ഫഖര്‍ സമാന്‍ തുടങ്ങിയ മികച്ച താരങ്ങളുടെ വിക്കറ്റുകള്‍ വീഴ്ത്തി അലി ഖാന്‍ ക്രിക്കറ്റ് പ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
അതേസമയം 2026 ടി-20 ലോകകപ്പില്‍ ഇന്ത്യ, പാകിസ്ഥാന്‍, നമീബിയ, നെതര്‍ലന്‍ഡ്സ് എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് എയിലാണ് യു.എസ്.എ. ടൂര്‍ണമെന്റിലെ ഗ്രൂപ്പ് ഘട്ടത്തില്‍ യു.എസ്.എയുടെ മൂന്ന് മത്സരങ്ങള്‍ ഇന്ത്യയിലും ഒരു മത്സരം ശ്രീലങ്കയിലുമാണ് ഷെഡ്യൂള്‍ ചെയ്തത്.
Content Highlight: Pakistani-origin USA fast bowler Ali Khan denied Indian visa