ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
world
1947 മുതല്‍ ഞാന്‍ പാക്കിസ്ഥാനിലുണ്ട്, എന്നെ പുറത്താക്കരുതേ എന്ന അപേക്ഷയുമായു സിഖ് പൊലീസ് ഓഫീസര്‍
ന്യൂസ് ഡെസ്‌ക്
Wednesday 11th July 2018 12:09pm

ലാഹോര്‍: പാക്കിസ്ഥാന്‍ സർക്കാർ സിഖ് വംശജരെ രാജ്യത്ത് നിന്ന് നിര്‍ബന്ധിത പലായനത്തിന് വിധേയരാക്കുന്നുവെന്ന് പാക്കിസ്ഥാന്‍ പൊലീസ് ഉദ്യോഗസ്ഥന്‍. പാക്കിസ്ഥാനിലെ പ്രഥമ സിഖ് പൊലീസ് ഓഫീസറായ ഗുലാബ് സിങ്ങാണ് രാജ്യത്തിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ഗുലാബിനേയും കുടുംബത്തേയും താമസിച്ചിരുന്ന വീട്ടില്‍ നിന്ന് നിര്‍ബന്ധപൂര്‍വ്വം ഒഴിപ്പിക്കുകയും, മര്‍ദിക്കുകയും ചെയ്തതിന് ശേഷമാണ് ഗുലാബിന്റെ പ്രസ്താവന. എ.എന്‍.ഐക്ക് നല്‍ കിയ അഭിമുഖത്തിലാണ് ഗുലാബ് ഇത്തരമൊരു പ്രതികരണം നടത്തിയത്.

”1947 മുതല്‍ എന്റെ കുടുംബം പാക്കിസ്ഥാനിലാണ് കഴിയുന്നത്. കലാപങ്ങള്‍ക്ക് ശേഷവും ഞങ്ങള്‍ രാജ്യം വിട്ടില്ല. ഇപ്പോള്‍ ഞങ്ങളെ നിര്‍ബന്ധപൂര്‍വം രാജ്യത്ത് നിന്ന് ഒഴിവാക്കുകയാണ്. എന്റെ വീട് സീല്‍ ചെയ്തു, ഞങ്ങളുടെ എല്ലാ സാധനസാമഗ്രികളും വീടിന്റെ ഉള്ളിലാണ്. എന്നെ അവര്‍ മര്‍ദിക്കുകയും എന്റെ വിശ്വാസത്തെ അപമാനിക്കുകയും ചെയ്തു”, ഗുലാബ് സിങ്ങ് എ.എന്‍.ഐയോട് പറഞ്ഞു.

ഇവാക്വീ ട്രസ്റ്റ് പ്രോപര്‍ട്ടി ബോര്‍ഡാണ് തന്നെ ഇപ്പോള്‍ വീടിന് പുറത്താക്കിയിരിക്കുന്നതെന്നും സിങ്ങ് പറയുന്നുണ്ട്. പാക്കിസ്ഥാന്‍ സിഖ് ഗുരുദ്വാര പ്രബന്ധക്ക് കമ്മറ്റിയുടെ മാതൃസംഘടനയാണ് ഇവാക്വീ ട്രസ്റ്റ്.

സിഖ് വംശജര്‍ പാക്കിസ്ഥാനില്‍ സംരക്ഷിക്കപ്പെടും എന്ന വാഗ്ദാനത്തോടെ ആരംഭിച്ച ബോര്‍ഡ് ആണിത്. എന്നാല്‍ ഈ വാക്കിന്റെ ലംഘനമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഗുലാബ് സിങ്ങ് ആരോപിക്കുന്നുണ്ട്.

സിഖ് സംരക്ഷണ സംഘടനകളിലെ ഉന്നതരായ താര സിങ്ങിനും ഉദ്യോഗസ്ഥര്‍ക്കുമെതിരെ അഴിമതിക്കുറ്റം ചുമത്തിയതിനാണ് ഈ അക്രമം എന്നും എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

Advertisement