യു.എന്‍ നിരോധിത ഭീകരസംഘടനകളുടെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ പാകിസ്ഥാന്‍ ഉത്തരവിറക്കി
Terrorism
യു.എന്‍ നിരോധിത ഭീകരസംഘടനകളുടെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ പാകിസ്ഥാന്‍ ഉത്തരവിറക്കി
ന്യൂസ് ഡെസ്‌ക്
Tuesday, 5th March 2019, 5:10 pm

ഇസ്‌ലാമാബാദ്: ഐക്യരാഷ്ട്ര സഭാ കരിമ്പട്ടികയില്‍ ഉള്‍പ്പെട്ട ഭീകരസംഘടകളുടെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ പാക് സര്‍ക്കാര്‍ ഉത്തരവിറക്കി. The United Nations Security Council (Freezing and Seizure) Order, 2019 നിര്‍ദ്ദേശങ്ങളനുസരിച്ച് പാകിസ്ഥാന്‍ യുണൈറ്റഡ് നാഷന്‍സ് സെക്യൂരിറ്റി കൗണ്‍സില്‍ ആക്ട്-1948 പ്രകാരമാണ് നടപടി.

പാകിസ്ഥാനില്‍ ഐക്യരാഷ്ട്ര സഭാ സുരക്ഷാ കൗണ്‍സിലിന്റെ നിര്‍ദേശങ്ങള്‍ യുണൈറ്റഡ് നാഷന്‍സ് സെക്യൂരിറ്റി കൗണ്‍സില്‍ ആക്ട്-1948 പ്രകാരമാണ് നടപ്പിലാക്കുക.

ഇനി മുതല്‍ എല്ലാ നിരോധിത സംഘടനകളുടെയും സ്വത്തുക്കള്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലായിരിക്കുമെന്ന് പാകിസ്ഥാന്‍ വിദേശകാര്യ വക്താവ് ഡോ. മുഹമ്മദ് ഫൈസല്‍ പറഞ്ഞു. ഇത്തരം സംഘടനകളുടെ ചാരിറ്റി വിഭാഗങ്ങളടക്കം സര്‍ക്കാരിന്റെ കീഴിലായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദം ഉയരുന്നതിനിടെയാണ് പാകിസ്ഥാന്റെ നടപടി. ഉത്തരവ് പ്രകാരം ലഷ്‌കറെ ത്വയ്ബ, ജമാഅത്തുദ്ദഅ്‌വ, ഫിലാഹേ ഇന്‍സാനിയത് ഫൗണ്ടേഷന്‍ തുടങ്ങിയ സംഘടനകള്‍ക്ക് മേല്‍ നിയന്ത്രണം വരും.

അതേസമയം ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ ഐക്യരാഷ്ട്ര സഭാ പട്ടികയില്‍ ഉള്‍പ്പെടാത്തത് കൊണ്ട് വിലക്ക് ഉണ്ടാവുമോയെന്ന് വ്യക്തമല്ല. മസൂദ് അസ്ഹറിന് വിലക്കേര്‍പ്പെടുത്താന്‍ യു.എന്‍. രക്ഷാസമിതിയില്‍ (യു.എന്‍.എസ്.സി.) യു.എസ്., ഫ്രാന്‍സ്, യു.കെ. എന്നീ രാജ്യങ്ങള്‍ മാര്‍ച്ച് ഒന്നിന് പ്രമേയം അവതരിപ്പിച്ചിരുന്നു. പത്ത് ദിവസത്തിനുള്ളില്‍ ഇത് പരിഗണിക്കപ്പെടും. ഐക്യരാഷ്ട്ര സഭയില്‍ അസ്ഹറിനെതിരെ പത്തുവര്‍ഷത്തിനിടെ കൊണ്ടുവരുന്ന നാലാമത്തെ പ്രമേയമാണിത്. നേരത്തെ മൂന്നു പ്രാവശ്യവും ചൈന വീറ്റോ അധികാരം ഉപയോഗിച്ച് പ്രമേയം തള്ളുകയായിരുന്നു.