ന്യൂദല്‍ഹി: ഇന്നലെ പാകിസ്ഥാന്‍ നടത്തിയ ആക്രമണം രാജ്യത്തെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടെന്ന് ഇന്ത്യ. തുര്‍ക്കി നിര്‍മിത ഡ്രോണുകള്‍ ഉപയോഗിച്ചായിരുന്നു പാകിസ്ഥാന്‍ ആക്രമണം നടത്തിയത്.
ന്യൂദല്‍ഹി: ഇന്നലെ പാകിസ്ഥാന്‍ നടത്തിയ ആക്രമണം രാജ്യത്തെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടെന്ന് ഇന്ത്യ. തുര്‍ക്കി നിര്‍മിത ഡ്രോണുകള്‍ ഉപയോഗിച്ചായിരുന്നു പാകിസ്ഥാന്‍ ആക്രമണം നടത്തിയത്.
സംഘര്‍ഷം സംബന്ധിച്ച വിശാദാംശങ്ങള്‍ നല്‍കാന്‍ വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് സേന പ്രതിനിധികളും വിദേശകാര്യ സെക്രട്ടറിയും ഇക്കാര്യം വ്യക്തമാക്കിയത്. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, വിങ് കമാന്‍ഡര്‍ വ്യോമിക സിങ്, കേണല്‍ സോഫിയ ഖുറേഷി എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്.
ജനങ്ങള്‍ക്കിയടില്‍ ഭിന്നത ഉണ്ടാക്കുക എന്നതായിരുന്നു പാകിസ്ഥാന്‍ ലക്ഷ്യമിട്ടതെന്ന് വിക്രം മിസ്രി പറഞ്ഞു. ഇന്ത്യക്ക് നേരെ നടത്തിയ ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്ഥാന്‍ നിഷേധിക്കുന്നത് പരിഹാസ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാക് ആക്രമണത്തില്‍ പൂഞ്ചിലെ ഗുരുദ്വാര തകര്‍ന്നു. പൂഞ്ചിലെ ക്രൈസ്റ്റ് സ്‌കൂളിന് നേരെയും ആക്രമണമുണ്ടായി. വീടുകള്‍ക്ക് നേരെയും ആക്രമണം നടന്നു. ആക്രമണത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. കന്യാസ്ത്രീ മഠത്തിന് നേരെയും പാകിസ്ഥാന്റെ ഷെല്ലാക്രമണം നടന്നുവെന്നും കേന്ദ്രം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ത്യയുടെ 36 കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു പാകിസ്ഥാന്റെ ആക്രമണം. ഏകദേശം 500 ഓളം ഡ്രോണുകള്‍ പാകിസ്ഥാന്‍ തൊടുത്ത് വിട്ടെങ്കിലും അതില്‍ 400 എണ്ണവും ഇന്ത്യ നിര്‍വീര്യമാക്കി.
യാത്ര വിമാനങ്ങളെ മറയാക്കിയാണ് പാകിസ്ഥാന്‍ ഡ്രോണുകള്‍ തൊടുത്തത്. പാകിസ്ഥാന്റെ ആക്രമണങ്ങള്‍ക്ക് മറുപടിയായി ഇന്ത്യ നടത്തിയ ആക്രമണത്തില്‍ പാകിസ്ഥാന്റെ സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുവെന്നും പാക് സൈന്യത്തിന് കനത്ത നാശനഷ്ടമുണ്ടാക്കിയെന്നും സൈനിക വക്താക്കള്‍ പറഞ്ഞു.
പാകിസ്ഥാന്റെ നടപടികളെ വീണ്ടുവിചാരമില്ലാത്തതും നിരുത്തരവാദപരവുമാണെന്ന് പ്രതിനിധികള്‍ പറഞ്ഞു. അന്താരാഷ്ട്ര വിമാനങ്ങളിലെ നിരപരാധികളായ യാത്രക്കാരുടെ ജീവന്‍ അനാവശ്യമായി അപകടത്തിലാക്കുകയാണ് അവരെന്നും വ്യോമിക സിങ് പറഞ്ഞു.
പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയിലെ സിവിലിയന്‍ വിമാനങ്ങള്‍ക്ക് ഭീഷണിയാകുന്നത് ഒഴിവാക്കാന്‍ ഇന്ത്യന്‍ വ്യോമസേന സംയമനം പാലിച്ചതായും വ്യോമിക സിങ് പറഞ്ഞു.
Content Highlight: Pakistan targeted military installations yesterday; used Turkish-made drones