ഇമ്രാന്‍ ഖാന് തിരിച്ചടി; ദേശീയ അസംബ്ലി പുനസ്ഥാപിക്കും; അവിശ്വാസ പ്രമേയ വോട്ടെടുപ്പ് ശനിയാഴ്ച
World News
ഇമ്രാന്‍ ഖാന് തിരിച്ചടി; ദേശീയ അസംബ്ലി പുനസ്ഥാപിക്കും; അവിശ്വാസ പ്രമേയ വോട്ടെടുപ്പ് ശനിയാഴ്ച
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 7th April 2022, 9:36 pm

ഇസ്‌ലാമാബാദ്: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയ വോട്ടെടുപ്പിന് അനുമതി നല്‍കാതിരുന്ന ഡപ്യൂട്ടി സ്പീക്കറുടെ നടപടി റദ്ദാക്കി പാക് സുപ്രീം കോടതി. അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് നടത്താത്ത ഡപ്യൂട്ടി സ്പീക്കര്‍ ഖാസിം സൂരിയുടെ നടപടി ഭരണ ഘടനാവിരുദ്ധമെന്ന് കോടതി പറഞ്ഞു.

ശനിയാഴ്ച അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് നടത്തും. കോടതി വിധിയെ തുടര്‍ന്ന് പാകിസ്ഥാനില്‍ കടുത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

കോടതി വിധി എന്താണെങ്കിലും സ്വീകരിക്കുമെന്ന് ഇമ്രാന്‍ ഖാന്‍ നേരത്തെ പറഞ്ഞിരുന്നു. ഉമര്‍ അക്താല്‍ ബാന്‍ഡിയലിന്റെ തേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയം ഡപ്യൂട്ടി സ്പീക്കര്‍ തള്ളിയതിന് പിന്നാലെ ഇമ്രാന്‍ ദേശീയ അസംബ്ലി പിരിച്ചു വിട്ടിരുന്നു.

എന്നാല്‍ കോടതി വിധിയോടെ ദേശീയ അസംബ്ലി പുനസ്ഥാപിക്കപ്പെട്ടിരിക്കുകയാണ്. ഇനി അസംബ്ലി ചേരുകയും ഇമ്രാനെതിരായ അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുക്കുകയും ചെയ്യും. ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയാ പാകിസ്ഥാന്‍ തെഹരീക് ഇ ഇന്‍സാഫിലെ വിമതരടക്കം അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്യാന്‍ സാധ്യതയുണ്ട്.

അവിശ്വാസ പ്രമേയ അവതരണത്തിന് അനുമതി നിഷേധിച്ച ഡപ്യൂട്ടി സ്പീക്കറുടെ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് പ്രതിപക്ഷം നല്‍കിയ കേസ് കഴിഞ്ഞ നാല് ദിവസമായി കോടതി പരിഗണിക്കുകയാണ്.

അവിശ്വാസം അവതരിപ്പിക്കുന്നത് തടയാന്‍ സ്പീക്കര്‍ക്ക് അധികാരമില്ല, അവിശ്വാസ പ്രമേയം തടയാന്‍ സ്പീക്കര്‍ ഭരണഘടന വളച്ചൊടിച്ചു, അവിശ്വാസം പരിഗണനയിലിരിക്കെ ദേശീയ അസംബ്ലി പിരിച്ചുവിടാന്‍ കഴിയില്ല എന്നീ കാര്യങ്ങളാണ് പ്രതിപക്ഷം കോടതിയില്‍ ഉന്നയിച്ചത്.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഇമ്രാന്‍ ഖാന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് പാകിസ്ഥാന്‍ ദേശീയ അസംബ്ലി പ്രസിഡന്റ് അനിശ്ചിത കാലത്തേക്ക് പിരിച്ചുവിട്ടത്. ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയ അവതരണത്തിന് അസംബ്ലി ഡപ്യൂട്ടി സ്പീക്കര്‍ അനുമതി നിഷേധിക്കുകയും സഭയില്‍ നിന്നും ഇറങ്ങിപ്പോകുകയും ചെയ്തതിന് പിന്നാലെയായിരുന്നു ഇത്.

Content Highlight: Pakistan’s Supreme Court has quashed the Speaker’s decision not to allow a no – confidence motion against Prime Minister Imran Khan