ബിഗ് ബാഷ് ലീഗില്‍ മികച്ച പ്രകടനവുമായി പാക് സൂപ്പര്‍ പേസര്‍ ഹാരിസ് റൗഫ്. ടൂര്‍ണമെന്റില്‍ മെല്‍ബണ്‍ സ്റ്റാര്‍സ് താരമായ റൗഫ് ഈ സീസണിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമനായാണ് കരുത്ത് കാട്ടുന്നത്.
പാക് സൂപ്പര്‍ താരങ്ങളായ ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍, ഷഹീന്‍ ഷാ അഫ്രിദി എന്നിവര്‍ മോശം പ്രകടനം തുടര്‍ക്കഥയാക്കുമ്പോഴാണ് സ്റ്റാര്‍സിനായി റൗഫ് പന്തുകൊണ്ട് വിരുതുകാട്ടുന്നത്. മത്സരത്തിനിടെ റിസ്വാനെ നിര്‍ബന്ധിച്ച് റിട്ടയര്‍ഡ് ഹര്‍ട്ടായി തിരിച്ചുവിളിച്ചതിന്റെയും ബാബര്‍ അസമിന് സിംഗിള്‍ നിഷേധിച്ചതിന്റെയും ഇടയില്‍ റൗഫ് വ്യത്യസ്തനാവുകയാണ്.
ഹാരിസ് റൗഫ്. Photo: Cricket Australia/facebook.com
പത്ത് മത്സരത്തില്‍ നിന്നും 18 വിക്കറ്റുകളുമായാണ് വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ റൗഫ് ഒന്നാം സ്ഥാനത്ത് ഇടം പിടിച്ചിരിക്കുന്നത്. 17.11 എന്ന ശരാരിയിലും 12.8 എന്ന സ്‌ട്രൈക് റേറ്റിലുമാണ് റൗഫ് പന്തെറിയുന്നത്. 7.96 ആണ് താരത്തിന്റെ എക്കോണമി.
നാട്ടങ്കത്തില്‍ തങ്ങളുടെ എതിരാളിയായ മെല്‍ബണ്‍ റെനെഗെഡ്‌സിലെ ഗുരീന്ദര്‍ സന്ധുവും 18 വിക്കറ്റുകളുമായി റൗഫിനൊപ്പം ഒന്നാം സ്ഥാനത്തുണ്ട്.
പെര്‍ത് സ്‌ക്രോച്ചേഴ്‌സിനെതിരെയാണ് റൗഫ് ഒടുവില്‍ കളത്തിലിറങ്ങിയത്. പെര്‍ത്തിലെ ഒപ്റ്റ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മെല്‍ബണ്‍ സ്റ്റാര്‍സ് പരാജയപ്പെട്ടെങ്കിലും സീസണില്‍ തന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനവുമായാണ് റൗഫ് തിളങ്ങിയത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സ്റ്റാര്‍സിനെ ഹോം ടീം വെറും 130 റണ്‍സിലൊതുക്കി. മൂന്ന് സ്റ്റാര്‍സ് താരങ്ങള്‍ മാത്രം ഇരട്ടയക്കം കണ്ട മത്സരത്തില്‍ നാല് വിക്കറ്റുമായി തിളങ്ങിയ ജെയ് റിച്ചാര്‍ഡ്‌സണാണ് സ്‌ക്രോച്ചേഴ്‌സിന് കരുത്തായത്.
കുഞ്ഞന്‍ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പെര്‍ത്, അനായാസം വിജയിച്ചുകയറുകയായിരുന്നു. 19 പന്തും ആറ് വിക്കറ്റും ശേഷിക്കവെയാണ് പെര്‍ത് വിജയിച്ചത്.
സ്റ്റാര്‍സ് നിരയില്‍ ഹാരിസ് റൗഫാണ് മികച്ച രീതിയില്‍ പന്തെറിഞ്ഞത്. സ്‌ക്രോച്ചേഴ്‌സ് നിരയില്‍ ആകെ വീണ നാല് വിക്കറ്റില്‍ മൂന്നിനും കാരണക്കാരനായത് റൗഫായിരുന്നു. നാല് ഓവറില്‍ 23 റണ്‍സിന് മൂന്ന് വിക്കറ്റാണ് താരം സ്വന്തമാക്കിയത്.