ഇന്ത്യയെ വിശ്വസിക്കുന്നില്ല; ഏത് നിമിഷവും ആക്രമിച്ചേക്കും; രാജ്യം മുഴുവന്‍ സമയവും ജാഗ്രതയിലാണെന്ന് പാക് പ്രതിരോധമന്ത്രി
India And Pakistan
ഇന്ത്യയെ വിശ്വസിക്കുന്നില്ല; ഏത് നിമിഷവും ആക്രമിച്ചേക്കും; രാജ്യം മുഴുവന്‍ സമയവും ജാഗ്രതയിലാണെന്ന് പാക് പ്രതിരോധമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 19th November 2025, 10:23 pm

ഇസ്‌ലാമാബാദ്: ഇന്ത്യയും പാകിസ്ഥാനും തമ്മിലൊരു യുദ്ധം വൈകാതെ സംഭവിച്ചേക്കുമെന്ന് പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്.

ഇന്ത്യ എപ്പോള്‍ വേണമെങ്കിലും ആക്രമിച്ചേക്കുമെന്ന സാധ്യത തള്ളിക്കളയാനാകില്ല, ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പാകിസ്ഥാന്‍ മുഴുവന്‍ സമയവും ജാഗ്രതയിലാണെന്നും ഖ്വാജ ആസിഫ് പറഞ്ഞു.

കൂടാതെ പാകിസ്ഥാനെതിരായി അഫ്ഗാനിസ്ഥാന്‍ നടത്തുന്ന ആക്രമണങ്ങളെ ഇന്ത്യ പിന്തുണയ്ക്കുകയാണെന്നും ഖ്വാജ ആരോപിച്ചു.

‘ഇന്ത്യയെ പാകിസ്ഥാന്‍ പൂര്‍ണമായും അവഗണിക്കുകയോ വിശ്വസിക്കുകയോ ചെയ്യുന്നില്ല. അതിര്‍ത്തിയില്‍ കടന്നുകയറ്റമോ ആക്രമണമോ ഇന്ത്യയുടെ ഭാഗത്ത് നിന്നുമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് എന്റെ വിശകലനത്തില്‍ വ്യക്തമാകുന്നത്. നമ്മള്‍ മുഴുവന്‍ സമയവും ജാഗ്രത പാലിക്കണം,’ ഖ്വാജ ആസിഫ് സമാ ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഓപ്പറേഷന്‍ സിന്ദൂരിനെ സംബന്ധിച്ച് ഇന്ത്യന്‍ കരസേന മേധാവി ജനറല്‍ ഉപേന്ദ്ര ദിവേദി നടത്തിയ പരാമര്‍ശത്തിന് പിന്നാലെയാണ് ഖ്വാജയുടെ പ്രതികരണം.

ഓപ്പറേഷന്‍ സിന്ദൂര്‍ 88 മണിക്കൂര്‍ നീണ്ടുനിന്ന ട്രെയിലര്‍ എന്നാണ് ദ്വിവേദി വിശേഷിപ്പിച്ചത്. സാഹചര്യങ്ങള്‍ സഹകരിച്ചാല്‍ ഒരു അയല്‍ രാജ്യത്തോട് എങ്ങനെ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് പാകിസ്ഥാനെ പഠിപ്പിക്കാന്‍ ഇന്ത്യന്‍ സേന തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഏപ്രില്‍ 22ന് കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ-പാകിസ്ഥാന്‍ ബന്ധം കൂടുതല്‍ വഷളായത്. ഒരു നേപ്പാള്‍ സ്വദേശി ഉള്‍പ്പെടെ 26 വിനോദസഞ്ചാരികള്‍ കൊല്ലപ്പെട്ട ഭീകരാക്രമണമായിരുന്നു പഹല്‍ഗാമിലെത്.

സംഭവത്തിന് പിന്നില്‍ പാകിസ്ഥാനാണെന്ന സൂചന ലഭിച്ചതോടെ ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ തിരിച്ചടിച്ചിരുന്നു. പാകിസ്ഥാന് കനത്ത നാശനഷ്ടങ്ങളാണ് ഓപ്പറേഷന്‍ സിന്ദൂരിലൂടെയുണ്ടായത്.

അതിനിടെ, കഴിഞ്ഞ ചൊവ്വാഴ്ച ഇസ്‌ലാമാബാദിലെ കോടതിക്ക് സമീപമുണ്ടായ ചാവേറാക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും 27 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

പിന്നാലെ, പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫും ഇന്ത്യയ്‌ക്കെതിരെ ആരോപണങ്ങളുന്നയിച്ചിരുന്നു. പാകിസ്ഥാനെതിരായ ആക്രമണങ്ങളെ ഇന്ത്യ പ്രോത്സാഹിപ്പിക്കുകയാണെന്നും രാജ്യത്ത് ഇന്ത്യ സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരരുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

എന്നാല്‍, പാകിസ്ഥാന്‍ സ്വന്തം പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കുന്നതിനായി രാജ്യത്തിനെതിരെ തെറ്റായ കഥകള്‍ മെനയുകയാണെന്നും ഇത് അവരുടെ അടവാണെന്നും ഇന്ത്യ തിരിച്ചടിച്ചിരുന്നു.

അടിസ്ഥാന രഹിതമായ ആരോപണങ്ങളെ ഇന്ത്യ തള്ളിക്കളയുന്നുവെന്നും പാകിസ്ഥാനില്‍ നടക്കുന്ന സൈന്യത്തിന്റെ ഭരണഘടനാ അട്ടിമറിയില്‍ നിന്നും പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ഈ നീക്കമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജെയ്‌സ്വാള്‍ പറഞ്ഞിരുന്നു.

Content Highlight: Pakistan’s Defense Minister says he doesn’t trust India; could attack at any moment; country on alert all the time