രാജസ്ഥാന്‍: അതിര്‍ത്തികടന്ന് പാകിസ്താനിലെത്തിയ ബാലിക സമ്മാനങ്ങളുമായി തിരിച്ചെത്തി.
പൂജ എന്ന ഏഴ് വയസ്സുകാരിയാണ് തിങ്കളാഴ്ച വൈകിട്ട് രാജസ്ഥാനിലെ അതിര്‍ത്തി ഗ്രാമമായ ഖജുവാലയിലെ തന്റെ വീട്ടില്‍ നിന്ന് പുറത്തിറങ്ങിപ്പോയത്.
നടന്ന് നടന്ന് പൂജ ചെന്നെത്തിയതാകട്ടെ പാക്കിസ്ഥാനിലും. പൂജ അതിര്‍ത്തി കടന്നുപോയിരിക്കുമെന്ന സംശയത്തില്‍ അച്ഛന്‍ ബി.എസ്.എഫിനെ വിവരമറിയിച്ചു. കാല്‍പ്പാടുകള്‍ പിന്തുടര്‍ന്ന ബി.എസ്.എഫ്. ഇക്കാര്യം സ്ഥിരീകരിച്ചു. []
തുടര്‍ന്ന് പാകിസ്ഥാന്റെ അതിര്‍ത്തിസേനയെ വിവരമറിയിച്ചു. കുട്ടിയെ കണ്ടെത്തിയ പാക് സേന നീല്‍കാന്ത് ചെക്‌പോസ്റ്റില്‍ വച്ച് ബി.എസ്.എഫിന് കൈമാറി.
പാക് പട്ടാളക്കാര്‍ പൂജയെ വെറും കയ്യോടെയല്ല തിരിച്ചയച്ചത്. അവരുടെ വകയായി പുതിയ ഉടുപ്പും ചെരിപ്പും മിഠായികളും എല്ലാം നല്‍കി. കുട്ടിയെ കണ്ടെത്താന്‍ ബി.എസ്.എഫും പാകിസ്ഥാന്‍ അതിര്‍ത്തിസേനയും സഹകരിച്ചത് ഇരു രാജ്യങ്ങളും തമ്മില്‍ പുലര്‍ത്തേണ്ട സൗഹൃദത്തിന് മാതൃകയുമായി.
അയല്‍രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്നവര്‍ നല്‍കിയ സമ്മാനങ്ങളുമായി പൂജ തിരിച്ചെത്തിയ സന്തോഷം പങ്കിടാന്‍ ഖജുവാല നിയമസഭാംഗം വിശ്വനാഥ് മേഘവാളും പഞ്ചായത്ത് പ്രസിഡന്റും നാട്ടുകാരും പൂജയുടെ വീട്ടിലെത്തി.
