അടിതെറ്റിയപ്പോള്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തലിനായി അഭ്യര്‍ത്ഥിച്ചു, ഭീകരവാദവും വ്യാപാരവും ഒരുമിച്ച് നടക്കില്ല; രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
national news
അടിതെറ്റിയപ്പോള്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തലിനായി അഭ്യര്‍ത്ഥിച്ചു, ഭീകരവാദവും വ്യാപാരവും ഒരുമിച്ച് നടക്കില്ല; രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 12th May 2025, 8:35 pm

ന്യൂദല്‍ഹി: ഇന്ത്യന്‍ സൈന്യത്തിന്റെ വിജയം രാജ്യത്തെ അമ്മമ്മാര്‍ക്കും സഹോദരിമാര്‍ക്കും പെണ്മക്കള്‍ക്കും സമര്‍പ്പിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സൈന്യം പ്രകടിപ്പിച്ചത് അസാമാന്യമായ ധൈര്യമാണെന്നും രാജ്യത്തിന്റെ ശക്തിയും ശൗര്യവും ലോകം കണ്ടുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

സൈന്യത്തിന്റെ വിജയത്തിന് കാരണമായത് രാജ്യത്തെ ജനങ്ങളുടെ ഐക്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നമ്മള്‍ കണ്ടത് രാജ്യത്തിന്റെ ക്ഷമയാണെന്നും ഓപ്പറേഷന്‍ സിന്ദൂര്‍ എന്നത് വെറും പേരല്ല, അത് ജനങ്ങളുടെ വികാരങ്ങളുടെ പ്രതിഫലനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭീകരര്‍ക്കെതിരെ തിരിച്ചടിക്കാന്‍ സേനകള്‍ക്ക് പൂര്‍ണമായ സ്വാതന്ത്ര്യം നല്‍കിയെന്നും ഇന്ത്യക്ക് എന്തും ചെയ്യാന്‍ കഴിയുമെന്ന് ഭീകരര്‍ക്ക് മനസിലായെന്നും നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു.

ബഹവല്‍പൂരും മുരീദ്കെയും ആഗോള തീവ്രവാദത്തിന്റെ സര്‍വകലാശാലകളാണെന്നും ഭീകരരെ ഇന്ത്യ അവരുടെ പരിശീലന കേന്ദ്രങ്ങളില്‍ ചെന്ന് ആക്രമിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യന്‍ സ്ത്രീകളുടെ സിന്ദൂരം മായ്ച്ചതിന്റെ ഫലമാണ് ഭീകരര്‍ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി പാകിസ്ഥാനില്‍ സ്വാതന്ത്ര്യത്തോട് കൂടി വിഹാരം നടത്തിയിരുന്ന ഭീകരരെയാണ് ഇന്ത്യന്‍ സേനകള്‍ ആക്രമിച്ചതെന്നും പാകിസ്ഥാന്‍ മിസൈലുകള്‍ ഇന്ത്യന്‍ സൈന്യത്തിന് മുന്നില്‍ ഒന്നുമല്ലായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂരിലൂടെ നീതിയാണ് നടപ്പിലായത്.

മൂന്ന് ദിവസം കൊണ്ട് പാകിസ്ഥാനെ ഇന്ത്യ മുട്ടുകുത്തിച്ചു. സഹായത്തിനായി പാകിസ്ഥാന്‍ ലോകരാഷ്ട്രങ്ങളുടെ സഹായം തേടിയെന്നും ഒടുവിൽ അടിതെറ്റിയപ്പോള്‍ വെടിനിര്‍ത്തലിന് വേണ്ടി അഭ്യര്‍ത്ഥിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ആണവായുധമെന്ന ഭീഷണി ഇന്ത്യക്ക് മുന്നില്‍ വിലപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

വ്യാപാരം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇനി ചര്‍ച്ചയുണ്ടാകില്ലെന്നും ഭീകരവാദമാണ് ആദ്യം ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു. സൈനിക നടപടി താത്കാലത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാണെന്നും ഇനിയുള്ള നടപടി ഭാവിയിലെ പെരുമാറ്റത്തിന് അനുസരിച്ചായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ പാകിസ്ഥാന്‍ ഇന്ത്യന്‍ സൈനിക നേതൃത്വത്തെ ഫോണില്‍ ബന്ധപ്പെട്ടുവെന്നും സൈന്യം സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.

ഏപ്രില്‍ 22ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഒരു നേപ്പാള്‍ പൗരന്‍ അടക്കം 26 പേരാണ് കൊല്ലപ്പെട്ടത്. ഇതിനെ തുടര്‍ന്നാണ് പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ നടപ്പിലാക്കിയത്.

Content Highlight: Pakistan requested for ceasefire after being hit, PM Narendra modi addresses nation