ന്യൂദല്‍ഹി: സിന്ധു നദീജല കരാര്‍ റദ്ദാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യയ്ക്ക് വീണ്ടും കത്തെഴുതി പാകിസ്ഥാന്‍. കരാര്‍ താത്ക്കാലികമായി നിര്‍ത്തിവെക്കുന്നത് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഏപ്രില്‍ മുതല്‍ നാല് കത്തുകളോളം ഇന്ത്യക്ക് അയച്ചുവെന്നാണ് വൃത്തങ്ങള്‍ അറിയിക്കുന്നത്.
കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാന്‍ ജലവിഭവ സെക്രട്ടറി സയ്യിദ് അലി മുര്‍താസ ഇന്ത്യയുടെ ജലശക്തി മന്ത്രാലയത്തിന് നാല് കത്തുകള്‍ അയച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
കത്തുകള്‍ എപ്പോഴാണ് അയച്ചതെന്ന് വ്യക്തമല്ലെന്നും ഓപ്പറേഷന്‍ സിന്ദൂറിന് മുമ്പ് തന്നെ മൂന്നോളം കത്തുകള്‍ അയച്ചിട്ടുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത വിവരം.
കരാര്‍ നിര്‍ത്തിവയ്ക്കാനുള്ള തീരുമാനത്തെക്കുറിച്ച് ഏപ്രില്‍ 24ന് ഇന്ത്യയുടെ ജലവിഭവ സെക്രട്ടറി ദേബശ്രീ മുഖര്‍ജി പാകിസ്ഥാന്‍ ജലവിഭവ സെക്രട്ടറിക്ക് അയച്ച ഔദ്യോഗിക അറിയിപ്പിനുള്ള മറുപടിയായിട്ടാണ് കത്തുകളയച്ചതെന്നാണ് വൃത്തങ്ങള്‍ പറയുന്നത്.
അതേസമയം പാകിസ്ഥാന്റെ കത്തുകള്‍ക്ക് ഇന്ത്യ ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്നാണ് വിവരം. ഇന്ത്യ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണെന്നും വാര്‍ത്തകളുണ്ട്. അതിര്‍ത്തി കടന്നുള്ള ഭീകരവാദം ഉപേക്ഷിക്കുന്നത് വരെ പാകിസ്ഥാനുമായി ചര്‍ച്ചകളില്‍ ഏര്‍പ്പെടില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞിരുന്നു.
ഏപ്രില്‍ 22ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഒരു നേപ്പാള്‍ പൗരനുള്‍പ്പെടെ 26 പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്ത്യ സിന്ധു നദീജല കരാര്‍ റദ്ദാക്കിയത്.
പാകിസ്ഥാനുമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും സിന്ധു നദീജല കരാര്‍ റദ്ദാക്കിയ നടപടി പിന്‍വലിക്കില്ലെന്ന് ഇന്ത്യ അറിയിച്ചിരുന്നു.
പാകിസ്ഥാനുമായി ഇനി വ്യാപാരം അടക്കമുള്ള ഒരു വിഷയങ്ങളിലും ചര്‍ച്ചക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഒരേസമയം രക്തവും വെള്ളവും ഒഴികില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അറിയിച്ചിരുന്നു. 1960ല്‍ ലോകബാങ്കിന്റെ മധ്യസ്ഥതയിലാണ് ഇരുരാജ്യങ്ങളും സിന്ധു നദീജല കരാറില്‍ ഒപ്പുവെച്ചത്. 64 വര്‍ഷം പഴക്കമുള്ള ഈ കരാര്‍ കറാച്ചിയില്‍ വെച്ചാണ് ഒപ്പിടുന്നത്.
നീണ്ട ഒമ്പത് വര്‍ഷത്തെ ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു ഇരുരാജ്യങ്ങളും കരാറിലെത്തിയത്. അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും പാകിസ്ഥാന്‍ പ്രസിഡന്റ് അയൂബ് ഖാനും ചേര്‍ന്നാണ് കരാറില്‍ ഒപ്പുവെച്ചത്.
കരാര്‍ പ്രകാരം സിന്ധു നദിയിലെ 80 ശതമാനം വെള്ളം പാകിസ്ഥാനും 20 ശതമാനം ഇന്ത്യക്കും ഉപയോഗിക്കാം. ആറ് പ്രധാന നദികളെ വിഭജിച്ചുകൊണ്ടായിരുന്നു കരാര്‍ നിലവില്‍ വന്നത്. കിഴക്കന്‍ നദികളായ രവി, സത്ലജ്, ബിയാസ് എന്നീ നദികളിലെ ജലം ഇന്ത്യക്കും പടിഞ്ഞാറന്‍ നദികളായ സിന്ധു, ചെനാബ്, ഝലം എന്നീ നദികളിലെ ജലത്തിന്റെ അവകാശം പാകിസ്ഥാനുമായിരുന്നു.
Content Highlight: Pakistan reportedly sends letter to India, urging it to reconsider decision to cancel Indus Water Treaty