മൂന്ന് യുദ്ധങ്ങള്‍ പാഠം, ഇനി വേണ്ടത് കലഹമല്ല സമാധാനം; ചര്‍ച്ചക്ക് അവസരമുണ്ടാകണം; ഇന്ത്യയോട് പാക് പ്രധാനമന്ത്രി
World News
മൂന്ന് യുദ്ധങ്ങള്‍ പാഠം, ഇനി വേണ്ടത് കലഹമല്ല സമാധാനം; ചര്‍ച്ചക്ക് അവസരമുണ്ടാകണം; ഇന്ത്യയോട് പാക് പ്രധാനമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 17th January 2023, 12:24 pm

ഇസ്‌ലാമാബാദ്: ഇന്ത്യയുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. ഇന്ത്യയുമായുള്ള യുദ്ധങ്ങളില്‍ നിന്ന് പാഠം പഠിച്ചുവെന്നും ഇനി സമാധാനത്തിന്റെ മാര്‍ഗമാണ് വേണ്ടതെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു.

അല്‍ അറബിയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കശ്മീര്‍ പോലുള്ള വിഷയങ്ങളില്‍ ഇന്ത്യയുമായി സത്യസന്ധമായ ചര്‍ച്ച നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര സര്‍ക്കാരും അനുവദിക്കണമെന്നും അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കി.

”കശ്മീര്‍ പോലെ നമുക്കിടയിലുള്ള വിഷയങ്ങള്‍ പരിഹരിക്കാന്‍ ഒരു മേശക്ക് ചുറ്റുമിരുന്ന് വിമര്‍ശനാത്മകവും സത്യസന്ധവുമായ ചര്‍ച്ചകള്‍ നടത്താന്‍ ഞങ്ങളെ അനുവദിക്കുക എന്നതാണ് ഇന്ത്യന്‍ സര്‍ക്കാരിനോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുമുള്ള എന്റെ സന്ദേശം.

ഇരു രാജ്യങ്ങളും സമാധാനപരമായി ജീവിക്കുകയും പുരോഗതി നേടുകയും ചെയ്യണോ അതോ പരസ്പരം കലഹിച്ച് സ്വത്തുക്കളും സമയവും നഷ്ടപ്പെടുത്തണോ ?

ഇന്ത്യയുമായി ഞങ്ങള്‍ക്ക് മൂന്ന് യുദ്ധങ്ങളുണ്ടായി. അത് പൗരന്മാര്‍ക്ക് അധിക ദുരിതവും ദാരിദ്ര്യവും തൊഴിലില്ലായ്മയുമാണ് നല്‍കിയത്.

ഞങ്ങളിപ്പോള്‍ ഒരു പാഠം പഠിച്ചു, ഇനി സമാധാനത്തില്‍ ജീവിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. എന്നാല്‍ അതിനുവേണ്ടി യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നമുക്ക് കഴിയണം,” ഷെഹബാസ് ഷെരീഫ് പറഞ്ഞു.

പാകിസ്ഥാനും ഇന്ത്യയും ആണവശക്തികളാണ്, വലിയ ആയുധശേഖരമുള്ള രാജ്യങ്ങളാണ്. ഒരു യുദ്ധം പൊട്ടിപ്പുറപ്പെടുകയാണെങ്കില്‍ അതില്‍ എന്തൊക്കെ സംഭവിച്ചു എന്ന് പുറംലോകത്തോട് പറയാന്‍ ആരായിരിക്കും ബാക്കിയുണ്ടാകുക എന്ന് ആര്‍ക്കറിയാം, എന്നും പാക് പ്രധാനമന്ത്രി ചോദിച്ചു.

ഇരുരാജ്യങ്ങളെയും ചര്‍ച്ചക്ക് വേണ്ടി എത്തിക്കുന്നതില്‍ യു.എ.ഇക്ക് പ്രധാന പങ്കുവഹിക്കാന്‍ സാധിക്കുമെന്നും പാക് പ്രധാനമന്ത്രി അഭിമുഖത്തില്‍ പ്രതീക്ഷ പങ്കുവെക്കുന്നുണ്ട്.

എന്നാല്‍ ഭീകരതക്കുള്ള പരസ്യ പിന്തുണ അവസാനിപ്പിക്കാതെ പാകിസ്ഥാനുമായി ചര്‍ച്ചക്കില്ലെന്നും കശ്മീര്‍ അടക്കമുള്ള വിഷയങ്ങളില്‍ മൂന്നാം കക്ഷിയായി ഒരു രാജ്യത്തെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ചര്‍ച്ചക്ക് തയ്യാറല്ലെന്നും ഇന്ത്യ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു.

പാകിസ്ഥാന്റെ സാമ്പത്തികനില ചരിത്രത്തിലെ തന്നെ ഏറ്റവും മോശം നിലയില്‍കൂടി കടന്നുപോകുന്നതിനിടെ കൂടിയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്. പാകിസ്ഥാന് സാമ്പത്തിക സഹായം നല്‍കാന്‍ വിവിധ ലോകരാജ്യങ്ങളോട് ഷെഹബാസ് ഷെരീഫ് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.

Content Highlight: Pakistan PM Shehbaz Sharif request for Honest Talks’ with India as Pak Has learnt its Lesson from wars