കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ചക്കായി മോദിയെ സ്വാഗതം ചെയ്ത് ഷെഹബാസ് ഷെരീഫ്
World News
കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ചക്കായി മോദിയെ സ്വാഗതം ചെയ്ത് ഷെഹബാസ് ഷെരീഫ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 12th April 2022, 11:50 am

ലാഹോര്‍: കശ്മീര്‍ വിഷയത്തില്‍ പ്രശ്‌നപരിഹാരത്തിനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ചക്ക് തയ്യാറാവണമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്.

കശ്മീരിന്റെ ഭാഗമായ ഇരു രാജ്യങ്ങളിലേയും ജനങ്ങള്‍ പട്ടിണി കാരണം ബുദ്ധിമുട്ടുന്നുണ്ടെന്നും ഇത് പരിഹരിക്കാന്‍ രാജ്യ തലവന്മാര്‍ തമ്മില്‍ ചര്‍ച്ച നടത്തണമെന്നുമായിരുന്നു പാകിസ്ഥാനില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ഷെഹബാസ് പറഞ്ഞത്.

”കശ്മീരിനെക്കുറിച്ച് സംസാരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വരണമെന്ന് ഞാന്‍ ആവശ്യപ്പെടുകയാണ്. ഇരുവശത്തും ജനങ്ങള്‍ പട്ടിണി കാരണം ബുദ്ധിമുട്ടുകയാണ്. നമ്മള്‍ പരസ്പരം സംസാരിക്കേണ്ടതുണ്ട്,” ഷെഹബാസ് ഷെരീഫ് പറഞ്ഞു.

”കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ വിഷയത്തില്‍, ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചപ്പോള്‍ മുമ്പത്തെ ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ വേണ്ട നടപടികളൊന്നും എടുത്തിട്ടില്ല. ഇന്ത്യയുമായി നല്ല ബന്ധമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.

എന്നാല്‍ കശ്മീര്‍ വിഷയത്തില്‍ സമാധാനപരമായി ഒരു പരിഹാരം കണ്ടെത്താത്ത പക്ഷം അത് സാധ്യമാവില്ല,” ഷെഹബാസ് ഷെരീഫ് പറഞ്ഞു.

അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായ ഇമ്രാന്‍ ഖാന് പകരമാണ് പാകിസ്ഥാന്‍ മുസ്‌ലിം ലീഗ് (നവാസ്) നേതാവും മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരനുമായ ഷെഹബാസ് ഷെരീഫാണ് സ്ഥാനമേറ്റത്.

പാകിസ്ഥാന്റെ 23ാമത് പ്രധാനമന്ത്രിയാണ് ഷെഹബാസ് ഷെരീഫ്. തിങ്കളാഴ്ചയാണ് സത്യപ്രതിജ്ഞ.

Content Highlight: Pakistan PM-elect Shehbaz Sharif calls on Indian PM Modi for talks on Kashmir