2026 ടി-20 ലോകകപ്പില്‍ സെമി കാണാതെ പുറത്തായ പാകിസ്ഥാന്‍ ടീമിലെ താരങ്ങള്‍ക്ക് 50 ലക്ഷം പാകിസ്ഥാന്‍ രൂപ പിഴ ചുമത്തിയതായി പി.സി.ബി (പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്). ഇന്ത്യന്‍ രൂപയില്‍ ഏകദേശം 16 ലക്ഷം രൂപ വരുമിത്. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനായ മുഹ്‌സിന്‍ നഖ്‌വിയുടെ നിര്‍ദേശപ്രകാരമാണ് പാക് താരങ്ങള്‍ക്ക് പിഴ ചുമത്തിയത്.
ദി എക്‌സ്പ്രസ്സ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ഐ.സി.സി ടൂര്‍ണമെന്റുകളില്‍ പാകിസ്ഥാന്‍ ടീമിന്റെ മോശം പ്രകടനം പി.സി.ബിയെ ചൊടിപ്പിച്ചിട്ടുണ്ട്. മാത്രമല്ല ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയോടേറ്റ തോല്‍വിയാണ് പാക് താരങ്ങളില്‍ നിന്നും പിഴ ഈടാക്കാനുള്ള തീരുമാനത്തില്‍ പി.സി.ബി അധികൃതര്‍ എത്തിയതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. സൂപ്പര്‍ 8ലേക്ക് യോഗ്യത നേടിയെങ്കിലും മൂന്ന് മത്സരങ്ങളില്‍ നിന്ന് വെറും ഒരു വിജയവുമായി സെമി കാണാതെയാണ് പാകിസ്ഥാന്‍ പുറത്തായത്.
ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ പരാജയപ്പെട്ട പാകിസ്ഥാന്‍
ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്ന് വിജയവും ഒരു തോല്‍വിയും നേരിട്ട പാകിസ്ഥാന് സൂപ്പര്‍ എട്ടില്‍ ശ്രീലങ്കയോട് മാത്രമാണ് മെന്‍ ഇന്‍ ഗ്രീന്‍ വിജയിച്ചത്. സൂപ്പര്‍ ഏട്ടിലെ നിര്‍ണായക മത്സരത്തില്‍ ഇംഗ്ലണ്ടിനോട് തോല്‍വിയോടെ പാകിസ്ഥാന്‍ പുറത്താകുകയായിരുന്നു.
അതേസമയം ടി-20 ലോകകപ്പിലെ ക്വാര്‍ട്ടല്‍ ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസിനെ മലര്‍ത്തിയടിച്ച് ഇന്ത്യ ലോകകപ്പ് സെമി ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന സൂപ്പര്‍ 8 മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം.
നിര്‍ണായക മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 196 റണ്‍സാണ് ഇന്ത്യയ്ക്ക് മുന്നില്‍ വെച്ചുനീട്ടിയത്. മറുപടി ബാറ്റിങ്ങില്‍ 19.2 ഓവറില്‍ 199 റണ്‍സ് നേടി ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു. മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ കരുത്തിലാണ് ഇന്ത്യ സെമിയിലെത്തിയത്. 97 റണ്‍സാരുന്നു താരം അടിച്ചെടുത്തത്.
സെമി ഫൈനലില്‍ കരുത്തരായ ഇംഗ്ലണ്ടിനെയാണ് ഇന്ത്യയ്ക്ക് നേരിടാനുള്ളത്. മാര്‍ച്ച് അഞ്ചിന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം. മാര്‍ച്ച് നാലിന് നടക്കുന്ന ആദ്യ സെമിയില്‍ സൗത്ത് ആഫ്രിക്ക ന്യൂസിലാന്‍ഡിനെ നേരിടും. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സാണ് വേദി.
Content Highlight: Pakistan Players Have Big Set Back After Exit In T20 World Cup 2026