വനിതാ ഏഷ്യാ കപ്പില്‍ ഹോങ്‌കോങ്ങിനെതിരെ പാകിസ്ഥാന്‍ തകര്‍പ്പന്‍ വിജയമായിരുന്നു സ്വന്തമാക്കിയത്. ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 72 റണ്‍സിനാണ് പാകിസ്ഥാന്‍ വിജയം നേടിയത്. ഇതോടെ ടൂര്‍ണമെന്റിലെ സെമി ഫൈനലിലേക്കും പാകിസ്ഥാന്‍ വനിതകള്‍ ഇടം നേടി.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്ഥാന്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹോങ്‌കോങ് 19 ഓവറില്‍ 71 റണ്‍സിന് ഓള്‍ ഔട്ടാകുകയായിരുന്നു.

പാകിസ്ഥാന്‍ സൂപ്പര്‍ താരം നഷ്‌റ സന്ധുവിന്റെ കിടിലന്‍ ബൗളിങ്ങിലാണ് ഹോങ്‌കോങ് തകര്‍ന്നടിഞ്ഞത്. നാല് ഓവറില്‍ വെറും ഏഴ് റണ്‍സ് വിട്ടുനല്‍കി ആറ് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. 1.75 എന്ന മിന്നും എക്കോണമിയിലാണ് താരത്തിന്റെ ബൗളിങ്. ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടമാണ് നഷ്‌റ സന്ധു സ്വന്തമാക്കിയത്.

പാകിസ്ഥാന് വേണ്ടി അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവും മികച്ച ബൗളിങ് ഫിഗറാകാനാണ് നഷ്‌റയ്ക്ക് സാധിച്ചത്. പുരഷ ക്രിക്കറ്റിലെ താരങ്ങളെയടക്കം മറികടന്നാണ് നഷ്‌റ ഈ നേട്ടത്തിലേക്ക് ഇടിച്ചുകയറിയത്. ഉമര്‍ ഗുല്‍ ഉള്‍പ്പെടെയുള്ള ഇതിഹാസങ്ങളെ മുട്ടുകുത്തിച്ചാണ് താരം മിന്നും നേട്ടം കയ്യിലാക്കിയത്.

പാകിസ്ഥാന് വേണ്ടി അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവും മികച്ച ബൗളിങ് പ്രകടനം നടത്തുന്ന താരം (പുരുഷ, വനിതാ വിഭാഗം)

(താരം, എതിരാളി, വേദി, ബൗളിങ് ഫിഗര്‍)

നഷ്‌റ സന്ധു – ഹോങ് കോങ് – 6/7

സുഫ്യാന്‍ മുഖീം – സിംബാബ്‌വെ – 5/3

ഉമര്‍ ഗുല്‍ – ന്യൂസിലാന്‍ഡ് – 5/6

ഉമര്‍ ഗുല്‍ – സൗത്ത് ആഫ്രിക്ക – 5/6

അതേസമയം മത്സരത്തില്‍ നഷ്‌റയ്ക്ക് പുറമെ ക്യാപ്റ്റന്‍ ഫാത്തിമ സന, സാദിയ ഇഖ്ബാല്‍, ഉമ്മി ഹനി, അയിഷ സഫര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി. ഹോങ് കോങ്ങിന് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടിയത് കാരി ചാന്‍ ആണ്. 47 പന്തില്‍ 30 റണ്‍സാണ് താരം നേടിയത്.

പാകിസ്ഥാന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെച്ചത് ഷവാള്‍ സുല്‍ഫിഖറാണ്. 35 പന്തില്‍ 47 റണ്‍സാണ് താരം നേടിയത്. 19 പന്തില്‍ 26 റണ്‍സ് നേടിയ അയിഷാ സഫറും തിളങ്ങി. ഹോങ്‌കോങ്ങിന് വേണ്ടി നാല് വിക്കറ്റ് വീഴ്ത്തിയ ജൊയ്‌ലീന്‍ കൗര്‍ മികച്ച പ്രകടനമാണ് നടത്തിയത്.

Content Highlight: Pakistan Player Nashra Sandhu Create History In T-20 For Home Team