'ചുറ്റിലും നിലവിളി ശബ്ദം മാത്രമായിരുന്നു, പിന്നീട് കണ്ടത് ഒരു തീഗോളം'; പാക് വിമാനത്തില്‍ നിന്നും രക്ഷപ്പെട്ട യാത്രികന്റെ അനുഭവം
Worldnews
'ചുറ്റിലും നിലവിളി ശബ്ദം മാത്രമായിരുന്നു, പിന്നീട് കണ്ടത് ഒരു തീഗോളം'; പാക് വിമാനത്തില്‍ നിന്നും രക്ഷപ്പെട്ട യാത്രികന്റെ അനുഭവം
ന്യൂസ് ഡെസ്‌ക്
Saturday, 23rd May 2020, 12:32 pm

കറാച്ചി: ഞങ്ങളില്‍ ആര്‍ക്കും അറിയുമായിരുന്നില്ല ആ വിമാനം തകരാന്‍ പോവുകയാണെന്ന്. വളരെ സാധാരണഗതിയില്‍ വിമാനം പോവുകയായിരുന്നു, പെട്ടെന്നാണ് അത് സംഭവിച്ചത്, – കറാച്ചിയില്‍ തകര്‍ന്നു വീണ പാക് വിമാനത്തിലെ രക്ഷപ്പെട്ട രണ്ട് യാത്രക്കാരില്‍ ഒരാളായ മുഹമ്മദ് സുബൈര്‍ വിമാനാപകടത്തെക്കുറിച്ചു പറഞ്ഞു.

” എല്ലാഭാഗത്തു നിന്നും നിലവിളിമാത്രമാണ് ഞാന്‍ കേട്ടത്. മുതിര്‍ന്നവരുടേയും കുട്ടികളുടേയും. എനിക്കാരേയും കാണാന്‍ കഴിഞ്ഞിരുന്നില്ല, നിലവിളി ശബ്ദം മാത്രം. പിന്നെ കണ്ടത് ഒരു തീഗോളമായിരുന്നു,” സുബൈര്‍ പറഞ്ഞു.

സ്വയരക്ഷയ്ക്കു വേണ്ടി തനിക്ക് 10 അടി താഴേയ്ക്ക് ചാടേണ്ടി വന്നെന്നും സുബൈര്‍ പറഞ്ഞു.
97 പേരുടെ മരണത്തിന് ഇടയാക്കിയ വിമാനപകടത്തില്‍ രണ്ട്‌പേര്‍ മാത്രമാണ് രക്ഷപ്പെട്ടത്.

” ഞാനെന്റെ സീറ്റ്‌ബെല്‍റ്റ് തുറന്നു. അവിടെ കണ്ട വെളിച്ചം ലക്ഷ്യമാക്കി നടന്നു. സ്വയരക്ഷയ്ക്കുവേണ്ടി എനിക്ക് 10 അടി താഴേക്ക് ചാടേണ്ടി വന്നു”, അദ്ദേഹം പറഞ്ഞു.

വിമാനത്തില്‍ 91 യാത്രക്കാരും എട്ട് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. അപകടത്തിന്റെ കാരണം ഇനിയും വ്യക്തമല്ല.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നേരത്തെ അപകടം നടന്ന വിമാനത്തിലെ പൈലറ്റും എയര്‍ ട്രാഫിക് കണ്‍ട്രോലറും തമ്മിലുള്ള സംഭാഷണം പുറത്തുവന്നിരുന്നു. ശബ്ദസന്ദേശത്തില്‍ വിമാനത്തിന്റെ രണ്ട് എന്‍ജിനുകളും നഷ്ടപ്പെട്ടതായി പൈലറ്റ് പറയുന്നുണ്ട്. ഒടുവില്‍ അപകടത്തെ സൂചിപ്പിക്കുന്ന മെയ്‌ഡേ മെയ്‌ഡേ എന്ന സന്ദേശമാണ് പൈലറ്റ് നല്‍കിയിരുന്നത്.
പിന്നീട് ഇരുവരും തമ്മിലുള്ള സംഭാഷണം മുറിഞ്ഞുപോവുകയായിരുന്നു. നിമിഷങ്ങള്‍ക്കകം വിമാനം തകര്‍ന്നു വീഴുകയായിരുന്നു.

ലാന്‍ഡിംഗിന് തൊട്ടുമുന്‍പായിരുന്നു വിമാനം തകര്‍ന്നുവീണത്.
കറാച്ചിയിലെ ജിന്ന എയര്‍പോര്‍ട്ടിനു സമീപമുള്ള ജനവാസ കേന്ദ്രത്തിന് സമീപമാണ് വിമാനം തകര്‍ന്നുവീണത്.