ട്രംപിന് സമാധാനത്തിനുള്ള നോബല്‍ നല്‍കണം; നാമനിര്‍ദേശവുമായി പാകിസ്ഥാന്‍
World News
ട്രംപിന് സമാധാനത്തിനുള്ള നോബല്‍ നല്‍കണം; നാമനിര്‍ദേശവുമായി പാകിസ്ഥാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 21st June 2025, 11:33 am

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സമാധാനത്തിനുള്ള നോബലിന് നാമനിര്‍ദേശം ചെയ്ത് പാകിസ്ഥാന്‍. ഇന്ത്യ-പാക് സംഘര്‍ഷത്തിലെ നിര്‍ണായക നയതന്ത്ര ഇടപെടല്‍ കണക്കിലെടുത്താണ് പാകിസ്ഥാന്‍ ട്രംപിനെ നാമനിര്‍ദേശം ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം പാക് സൈനിക മേധാവി അസീം മുനീര്‍ ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിനെ പാകിസ്ഥാന്‍ നോബലിന് നാമനിര്‍ദേശം ചെയ്തിരിക്കുന്നത്.

2026ല്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്‍കണമെന്നാണ് പാകിസ്ഥാന്‍ എക്‌സ് പോസ്റ്റിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇന്ത്യയെയും പാകിസ്ഥാനെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയും റുവാണ്ടയും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കുന്നതിനായി തിങ്കളാഴ്ച ഒപ്പുവെക്കുമെന്ന് അദ്ദേഹം പറഞ്ഞ ഒരു ഉടമ്പടിയും ഉള്‍പ്പെടെ വിവിധ കാരണങ്ങളാല്‍ ട്രംപിന് സമ്മാനം നല്‍കണമെന്നാണ് പാകിസ്ഥാന്‍ ആവശ്യപ്പെട്ടത്.

അതേസമയം തനിക്ക് നാലോ അഞ്ചോ തവണ നോബല്‍ ലഭിക്കേണ്ടിയിരുന്നതായിരുന്നെന്നും എന്നാല്‍ തനിക്ക് നല്‍കില്ലെന്നും പറഞ്ഞ ട്രംപ് അത് ലിബറലുകള്‍ക്ക് മാത്രമേ അത് നല്‍കുകയുള്ളൂവെന്നും പ്രതികരിച്ചു.

‘എന്ത് ചെയ്താലും എനിക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിക്കില്ല. കോംഗോയും റുവാണ്ടയും തമ്മിലുള്ള യുദ്ധത്തില്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി ചേര്‍ന്ന് ഒരു അത്ഭുതകരമായ ഉടമ്പടി താന്‍ ഒരുക്കിയിട്ടുണ്ടെന്ന് അറിയിക്കുന്നതില്‍ വളരെ സന്തോഷമുണ്ട്,’ ട്രംപ് എക്‌സില്‍ കുറിച്ചു.

രേഖകളില്‍ ഒപ്പുവെക്കാന്‍ റുവാണ്ടയില്‍ നിന്നും കോംഗോയില്‍ നിന്നുമുള്ള പ്രതിനിധികള്‍ തിങ്കളാഴ്ച വാഷിങ്ടണില്‍ എത്തുമെന്നും ട്രംപ് പറഞ്ഞു. ഇത് ലോകത്തിന് മഹത്തായ ദിനമാണെന്നും എന്നാല്‍ കൂടിയും തനിക്ക് നോബല്‍ ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Pakistan nominates Trump for Nobel Peace Prize