ഏഷ്യാ കപ്പില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ പാകിസ്ഥാനും ഒമാനും തമ്മില്‍ ഏറ്റുമുട്ടാനിരിക്കുകയാണ്. ഗ്രൂപ്പ് എയില്‍ പാകിസ്ഥാന്റെ ആദ്യ മത്സരമാണിത്. ദുബായി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിന് മുന്നോടിയായി പാകിസ്ഥാന്‍ മുഖ്യ പരിശീലകന്‍ മൈക്ക് ഹെസന്‍ സംസാരിച്ചിരുന്നു.
ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നര്‍ പാകിസ്ഥാന്റെ മുഹമ്മദ് നവാസാണെന്നാണ് മൈക്ക് ഹസന്‍ പറഞ്ഞത്. ടീമില്‍ അഞ്ച് സ്പിന്നര്‍മാരുള്ളതാണ് ടീമിന്റെ ഭംഗിയെന്നും അതില്‍ ലോകത്തിലെ ഏറ്റവും മികച്ച സ്പിന്‍ ബൗളറായ മുഹമ്മദ് നവാസുണ്ടെന്നും ഹെസന്‍ പറഞ്ഞു.
‘നമ്മുടെ ടീമിന്റെ ഭംഗി അഞ്ച് സ്പിന്നര്‍മാരുണ്ടെന്നതാണ്. നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച സ്പിന്‍ ബൗളറായ മുഹമ്മദ് നവാസ് നമുക്കുണ്ട്, അദ്ദേഹത്തിന്റെ തിരിച്ചുവരവിന് ശേഷം കഴിഞ്ഞ ആറ് മാസമായി അദ്ദേഹം ആ റാങ്കിങ്ങിലാണ്,’ മുന്‍ ന്യൂസിലാന്‍ഡ് താരം മൈക്ക് ഹെസന്‍ പറഞ്ഞു.
2016ല്‍ പാകിസ്ഥാന് വേണ്ടി അരങ്ങേറ്റം നടത്തിയ താരമാണ് മുഹമ്മദ് നവാസ്. ടി-20യില്‍ 71 മത്സരങ്ങള്‍ കളിച്ച താരം രണ്ട് മെയ്ഡന്‍ ഉള്‍പ്പെടെ 70 വിക്കറ്റുകളാണ് ഫോര്‍മാറ്റില്‍ നിന്ന് നേടിയത്. 7.27 എന്ന എക്കോണമിയില്‍ ബോളെറിയുന്ന താരത്തിന് 22.6 എന്ന ആവറേജാണുള്ളത്. മാത്രമല്ല 5/19 എന്ന മികച്ച ബൗളിങ് പ്രകടനവും താരത്തിനുണ്ട്.
അതേസമയം 2025 ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വമ്പന്‍ മത്സരത്തിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച പാകിസ്ഥാനെതിരെയുള്ള മത്സരം സെപ്റ്റംബര്‍ 14നാണ്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ മികച്ച പോരാട്ടത്തിനായിരിക്കും ക്രിക്കറ്റ് ആരാധകര്‍ സാക്ഷ്യം വഹിക്കുക.
ഇന്ത്യയും പാകിസ്ഥാനും ടൂര്‍ണമെന്റില്‍ ഒരേ ഗ്രൂപ്പില്‍ (എ. ഗ്രൂപ്പ്) തന്നെയാണെന്നതും ആരാധകരെ ആവേശത്തിലാക്കുന്ന കാര്യമാണ്. ഗ്രൂപ്പ് ഘട്ടവും ഫൈനലുമടക്കം മൂന്ന് തവണ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരാനുള്ള സാധ്യതകളുമുണ്ട്.