മെല്‍ബണ്‍ എന്റെ ഹോം ഗ്രൗണ്ടാണ്, എല്ലാ ഇന്ത്യന്‍ താരങ്ങളേയും ഞാന്‍ കണ്ടം വഴി ഓടിക്കും; ലോകകപ്പിന് മുമ്പ് വെല്ലുവിളിയുമായി പാക് താരം
Sports News
മെല്‍ബണ്‍ എന്റെ ഹോം ഗ്രൗണ്ടാണ്, എല്ലാ ഇന്ത്യന്‍ താരങ്ങളേയും ഞാന്‍ കണ്ടം വഴി ഓടിക്കും; ലോകകപ്പിന് മുമ്പ് വെല്ലുവിളിയുമായി പാക് താരം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 29th September 2022, 6:08 pm

ക്രിക്കറ്റ് ലോകം വീണ്ടുമൊരു ലോകകപ്പിനെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്. ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ വെച്ച് നടക്കുന്ന ടി-20 ലോകകപ്പിലേക്കാണ് ക്രിക്കറ്റ് ലോകമൊന്നാകെ ആകാംക്ഷാപൂര്‍വം ഉറ്റുനോക്കുന്നത്.

ഒക്ടോബര്‍ 23നാണ് ഇന്ത്യ – പാകിസ്ഥാന്‍ പോരാട്ടം നടക്കുന്നത്. കഴിഞ്ഞ ടി-20 ലോകകപ്പിന് കണക്ക് തീര്‍ക്കാന്‍ ഇന്ത്യയിറങ്ങുമ്പോള്‍ ഇന്ത്യക്ക് മേല്‍ നേടിയ ഡോമിനേഷന്‍ ആവര്‍ത്തിക്കാനാണ് പാകിസ്ഥാനും ഇറങ്ങുന്നത്.

ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തിന്റെ ആവേശം ഇപ്പോഴേ തുടങ്ങിയിട്ടുണ്ട്. ഇരു ടീമുകളും തങ്ങളുടെ സ്‌ക്വാഡ് പ്രഖ്യാപിച്ച് ലോകകപ്പിനുള്ള മുന്നൊരുക്കത്തിലാണ്.

ഇതിനിടെ ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് പാകിസ്ഥാന്‍ സ്റ്റാര്‍ പേസര്‍ ഹാരിസ് റൗഫ്. ഇന്ത്യ – പാകിസ്ഥാന്‍ മത്സരം നടക്കുന്ന മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട് തന്റെ ഹോം ഗ്രൗണ്ട് ആണെന്നും ഇന്ത്യക്കെതിരെ താന്‍ ഇപ്പോഴെ തന്ത്രങ്ങള്‍ മെനയാന്‍ തുടങ്ങിയെന്നുമാണ് റൗഫ് പറയുന്നത്.

 

ഇംഗ്ലണ്ടിനെതിരെ നടക്കുന്ന പരമ്പരയിലെ അഞ്ചാം മത്സരത്തിന് ശേഷം ഒരു അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യം പറഞ്ഞത്.

‘ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള എല്ലാ മത്സരങ്ങളും ഹൈ പ്രഷര്‍ ഗെയിമാണ്. എതിരാളികള്‍ ആര് തന്നെയായാലും സമ്മര്‍ദമുള്ള കളിയാണിത്. കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യക്കെതിരെ കളിക്കുമ്പോള്‍ എനിക്ക് ഏറെ സമ്മര്‍ദമുണ്ടായിരുന്നു.

എന്നാല്‍ ഏഷ്യാ കപ്പില്‍ കളിച്ച രണ്ട് മത്സരത്തിലും എനിക്ക് അത്രയൊന്നും സമ്മര്‍ദം തോന്നിയിട്ടില്ല. കാരണം എന്റെ ബെസ്റ്റ് തന്നെ ടീമിനായി നല്‍കണമെന്ന് എനിക്കറിയാമായിരുന്നു.

ഞാന്‍ എന്റെ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നതെങ്കില്‍ എനിക്കെതിരെ ബാറ്റ് ചെയ്യുന്നത് ഒട്ടും എളുപ്പമാവില്ല. വരാനിരിക്കുന്ന ലോകകപ്പ് മത്സരം മെല്‍ബണില്‍ വെച്ച് നടക്കുന്നതിനാല്‍ തന്നെ ഞാന്‍ ഏറെ ആവേശഭരിതനും സന്തോഷവാനുമാണ്. കാരണം അതെന്റെ ഹോം ഗ്രൗണ്ടാണ്.

 

മെല്‍ബണ്‍ എന്റെ ഹോം ഗ്രൗണ്ടാണ്. കാരണം ഞാന്‍ മെല്‍ബണ്‍ സ്റ്റാര്‍സിന് വേണ്ടിയാണ് കളിക്കുന്നത്. അവിടുത്തെ സാഹചര്യങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന കാര്യം എനിക്ക് വ്യക്തമായി അറിയാം. ഇന്ത്യക്കെതിരെ പന്തെറിയാന്‍ ഞാന്‍ ഇപ്പോഴെ പദ്ധതികള്‍ തയ്യാറാക്കി തുടങ്ങിയിട്ടുണ്ട്,’ റൗഫ് പറഞ്ഞു.

ഫാസ്റ്റ് ബൗളര്‍മാരെ സൃഷ്ടിച്ചെടുക്കുന്ന പാകിസ്ഥാന്‍ ഫാക്ടറിയിലെ കണ്ടുപിടുത്തമാണ് ഹാരിസ് റൗഫ്. പാകിസ്ഥാന് വേണ്ടി മികച്ച പ്രകടനമാണ് റൗഫ് കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്.

ഇപ്പോള്‍ നടക്കുന്ന പാകിസ്ഥാന്‍ – ഇംഗ്ലണ്ട് സീരീസിലെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനും റൗഫ് തന്നെയാണ്. ഏഴ് മത്സരങ്ങളടങ്ങിയ പരമ്പരയിലെ അഞ്ച് മത്സരം കഴിഞ്ഞപ്പോള്‍ തന്നെ എട്ട് വിക്കറ്റാണ് റൗഫ് തന്റെ പേരിലാക്കിയത്.

 

 

Content Highlight: Pakistan cricketer Harris Rauf made a big statement before the India-Pakistan T20 World Cup match.