ഹസ്തദാനം നിഷേധിച്ചു; ഇന്ത്യക്കെതിരെ പരാതിയുമായി പാകിസ്ഥാന്‍
Sports News
ഹസ്തദാനം നിഷേധിച്ചു; ഇന്ത്യക്കെതിരെ പരാതിയുമായി പാകിസ്ഥാന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 15th September 2025, 11:55 am

എഷ്യാ കപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ആദ്യമായാണ് ഇരുവരും ഏറ്റുമുട്ടിയത്. എന്നാല്‍ മത്സരത്തിന് ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പാകിസ്ഥാനുമായി ഹസ്തദാനം നടത്തിയില്ലായിരുന്നു. ഇതോടെ പാകിസ്ഥാന്‍ ഹെഡ് കോച്ച് മൈക്ക് ഹെസന്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഇന്ത്യയുടെ ഡ്രെസിങ് റൂമിന് മുമ്പില്‍ ഹസ്തദാനത്തിനായി പോയെങ്കിലും ആരും പുറത്തേക്ക് വന്നില്ലെന്നാണ് റിപ്പോര്‍ട്ടുണ്ട്.

ഇപ്പോള്‍ ഇതിനെതിരെ മാച്ച് റഫറി ആണ്ടി പിക്രോഫ്റ്റിന് ഔദ്യോഗികമായി പരാതി നല്‍കിയിരിക്കുകയാണ് പാകിസ്ഥാന്‍ ടീം മാനേജര്‍ നവീദ് അക്രം ചീമ. ‘ഇത്തരത്തിലുള്ള പെരുമാറ്റം സ്‌പോര്‍ട്‌സ് സ്പിരിറ്റിന് യോജിച്ചതല്ലന്നാണ്’ നവീദ് പറഞ്ഞത്. അതേസമയം ഇന്ത്യന്‍ ടീമിന്റെ പൊരുമാറ്റത്തില്‍ പ്രധിഷേധം അറിയിച്ച് മത്സര ശേഷമുള്ള സമ്മാനദാന ചടങ്ങില്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഘ സഞ്ജയ് മഞ്ജരേക്കര്‍ക്കൊപ്പമുള്ള ഇവന്റ് ഒഴിവാക്കി.

മത്സരം ആരഭിച്ച് ടോസിങ് മൊമന്റില്‍ പോലും ഇരു രാജ്യങ്ങളും ഹസ്തദാനം ചെയ്തില്ലായിരുന്നു. മാത്രമല്ല മത്സരത്തിന് ശേഷമുള്ള സമ്മാനദാന ചടങ്ങില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ച് സംസാരിച്ചിരുന്നു. ഭീകരാക്രമണത്തിന്റെ ഇരകളുടെ കുടുംബങ്ങള്‍ക്കൊപ്പമാണ് തങ്ങളെന്നും മുഴുവന്‍ സായുധ സേനയ്ക്കും വിജയം സമര്‍പ്പിക്കുന്നുവെന്നുമാണ് സൂര്യ പറഞ്ഞത്.

‘ഒരു കാര്യം കൂടെ പറയാന്‍ ആഗ്രഹിക്കുന്നു. കൃത്യമായ സമയത്താണ് ഇത് പറയുന്നത്, പഹല്‍ഗാം ഭീകരാക്രമണത്തിലെ ഇരകളുടെ കുടുംബങ്ങള്‍ക്കൊപ്പമാണ് ഞങ്ങള്‍. ഞങ്ങള്‍ ഞങ്ങളുടെ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു.

വളരെയധികം ധൈര്യം കാണിച്ച ഞങ്ങളുടെ എല്ലാ സായുധ സേനകള്‍ക്കും ഈ വിജയം സമര്‍പ്പിക്കുന്നു. അവര്‍ നമ്മളെയെല്ലാം പ്രചോദിപ്പിക്കുന്നത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു, അവസരം ലഭിക്കുമ്പോഴെല്ലാം അവരുടെ പുഞ്ചിരിയുടെ കാരണമാകാന്‍ ഞങ്ങള്‍ ശ്രമിക്കും,’ മത്സര ശേഷം സൂര്യ പറഞ്ഞു.

അതേസമയം ദുബായി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ നേടിയത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട ഇന്ത്യയെ ബൗളിങ്ങിനയക്കുകയായിരുന്നു പാകിസ്ഥാന്‍. തുടര്‍ന്ന് ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് മെന്‍ ഇന്‍ ഗ്രീന്‍ 127 റണ്‍സിലെത്തിയത്. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 15.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സ് നേടി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു.

Content Highlight: Pakistan cricket team complains about India refusing to shake hands