വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വധശിക്ഷ ഒഴിവാക്കി പാകിസ്താന്‍ കോടതി, ജീവപര്യന്തം തടവുകാരെ വെറുതെ വിട്ടു.
World News
വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വധശിക്ഷ ഒഴിവാക്കി പാകിസ്താന്‍ കോടതി, ജീവപര്യന്തം തടവുകാരെ വെറുതെ വിട്ടു.
ന്യൂസ് ഡെസ്‌ക്
Thursday, 2nd April 2020, 1:34 pm

കറാച്ചി: അമേരിക്കന്‍ പത്രമാധ്യമമായ വാള്‍സ്ട്രീറ്റ് ജേര്‍ണലിലെ മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയുടെ വധശിക്ഷ ഇളവു ചെയ്ത് പാകിസ്താന്‍ കോടതി. ഒപ്പം കേസില്‍ ജീവപരന്ത്യം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട മൂന്നു പേരെ വെറുതെ വിടുകയും ചെയ്തു.

വാള്‍സ്ട്രീറ്റ് ജേര്‍ണലിലെ ഡാനിയേല്‍ പേള്‍ എന്ന മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അഹമ്മദ് ഒമര്‍ സയീദ് ശൈഖ് എന്ന പ്രതിയ്ക്കാണ് വധശിക്ഷ ഒഴിവാക്കി 7 വര്‍ഷം ശിക്ഷ വിധിച്ചിരിക്കുന്നത്. ഡാനിയേല്‍ പേള്‍ വധക്കേസില്‍ 18 വര്‍ഷമായി ഇയാള്‍ ജയിലിലാണ്.

2002 ലാണ് ഡാനിയേല്‍ പേളിനെ അഹമ്മദ് ഒമര്‍ ശൈഖ് ഉള്‍പ്പെടുന്ന നാലംഗ സംഘം തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തുന്നത്. 2001 ല്‍ അമേരിക്കയിലേക്ക് നടന്ന തീവ്രവാദ ആക്രമണത്തിന് പിന്നാലെ കറാച്ചിയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷണം നടത്തുകയായിരുന്നു ഡാനിയേല്‍ പേള്‍.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡാനിയേല്‍ പേള്‍ വധക്കേസിലെ വക്കീല്‍ ക്വാവജ നവീദ് ആണ് റോയിട്ടേര്‍സിനോട് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കൊലപാതകം കോടതിയില്‍ തെളിയിക്കാനായിട്ടില്ലെന്നും അതിനാല്‍ തട്ടിക്കൊണ്ടു പോയ കേസിലാണ് ഏഴ് വര്‍ഷം തടവെന്നുമാണ് ഇദ്ദേഹം അറിയിച്ചിരിക്കുന്നത്.

സിന്ധ് പ്രവിശ്യയിലെ രണ്ടംഗ ഹൈക്കോടതി ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. വധശിക്ഷയില്‍ നിന്നും ഇളവ് ലഭിച്ച ഒമര്‍ സയീദ് ശൈഖ് 1990 ല്‍ വിദേശികളെ തട്ടിക്കൊണ്ടു പോയതിന്റെ പേരില്‍ ഇന്ത്യയില്‍ തടവിലായിരുന്നു. എന്നാല്‍ 1999 ല്‍ ഒരു ഇന്ത്യന്‍ എയര്‍ലൈനറെ അഫ്ഘാനിസ്താനിലേക്ക് തീവ്രവാദ സംഘം തട്ടിക്കൊണ്ടു പോയതിനാല്‍ ഒമറിനെ ഉള്‍പ്പെടെ മൂന്ന് തീവ്രവാദികളെ ഇന്ത്യ വിട്ടയക്കുകയുമായിരുന്നു. ലണ്ടിനിലാണ് ഒമര്‍ സയീദ് ശൈഖ് ജനിച്ചതും വളര്‍ന്നതും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ