ലാഹോര്‍: ഓപ്പറേഷന്‍ സിന്ദൂരിനിടെ മൂന്നാം കക്ഷിയുടെ ഇടപെടലുകളുണ്ടായില്ലെന്ന് വ്യക്തമാക്കി പാകിസ്ഥാന്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള വെടിനിര്‍ത്തിലിനായി ഇടപെട്ടുവെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദങ്ങള്‍ പൂര്‍ണമായും തള്ളിക്കൊണ്ടാണ് പാക് വിദേശകാര്യമന്ത്രി ഇഷാഖ് ദാര്‍ വിഷയത്തില്‍ മൂന്നാം കക്ഷിയുടെ ഇടപെടലുണ്ടായിട്ടില്ല എന്ന് വ്യക്തമാക്കിയത്. അല്‍ ജസീറയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മധ്യസ്ഥതയെ കുറിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോയുമായുള്ള ചര്‍ച്ചയില്‍ ഈ വിഷയം ഉന്നയിച്ചിരുന്നുവെന്നും എന്നാല്‍ ഇന്ത്യ മധ്യസ്ഥത ആഗ്രഹിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്രംപിന്റെ അവകാശവാദം നേരത്തെ ഇന്ത്യയും തള്ളിയിരുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌ന പരിഹാരത്തിന് മൂന്നാം കക്ഷിയെ ഇടപെടുത്തുന്നതിന് ഇന്ത്യ ഒരിക്കലും സമ്മതിരിച്ചിരുന്നില്ലെന്നും ദാര്‍ വ്യക്തമാക്കി.
‘വിഷയത്തില്‍ മൂന്നാം കക്ഷി ഇടപെടുന്നതില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നില്ല. എന്നാല്‍ ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി കാര്യമാണെന്നാണ് എല്ലായ്‌പ്പോഴും ഇന്ത്യ നിലപാടെടുത്തത്.
ഇക്കാര്യത്തില്‍ ഞങ്ങള്‍ക്കും എതിര്‍പ്പുണ്ടായിരുന്നില്ല, എന്നാല്‍ നേരത്തെ ചര്‍ച്ച ചെയ്ത ഭീകരത, വ്യാപാരം, സമ്പദ്‌വ്യവസ്ഥ, ജമ്മു കശ്മീര്‍ തുടങ്ങി എല്ലാ വിഷങ്ങളിലും ചര്‍ച്ചകള്‍ സമഗ്രമാകണമെന്ന് മാത്രമായിരുന്നു ഞങ്ങളാഗ്രഹിച്ചത്,’ ദാര്‍ പറഞ്ഞു.
വെടിനിര്‍ത്തിലിനായി ഇന്ത്യയും പാകിസ്ഥാനും മറ്റേതെങ്കിലും സ്ഥലത്ത് വെച്ച് ചര്‍ച്ച നടത്തണമെന്ന് യു.എസ് നിര്‍ദേശിച്ചിരുന്നു. ട്രംപിന്റെ മധ്യസ്ഥതയെ കുറിച്ച് തങ്ങള്‍ മാര്‍ക്കോ റൂബിയോയോട് ചോദിച്ചിരുന്നുവെന്നും, എന്നാല്‍ ഇത് തീര്‍ത്തും രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നമാണെന്നാണ് ഇന്ത്യ നിലപാടെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ജൂലൈ 25ന് വാഷിങ്ടണില്‍ വെച്ച് ഞാന്‍ മാര്‍ക്കോ റൂബിയോയെ കണ്ടിരുന്നു. ചര്‍ച്ചയെ കുറിച്ച് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. എന്നാല്‍ ഇത് തീര്‍ത്തും ഉഭയകക്ഷി വിഷയമാണെന്നാണ് ഇന്ത്യ നിലപാടെടുത്തതെന്ന് അദ്ദേഹം എന്നോട് പറഞ്ഞു,’ ദാര്‍ വ്യക്തമാക്കി.
ഓപ്പറേഷന്‍ സിന്ദൂരില്‍ വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിച്ചുവെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാദം ഇന്ത്യ നേരത്തെ തന്നെ തള്ളിയിരുന്നു. വിഷയത്തില്‍ യു.എസ്. ഭരണകൂടം നല്‍കിയ സത്യവാങ്മൂലവും ഇന്ത്യ തള്ളിയിരുന്നു. വെടിനിര്‍ത്തല്‍ ധാരണയിലെത്തുന്നതിന് അമേരിക്കയുമായുള്ള വ്യാപാര ചര്‍ച്ചകളുമായി ബന്ധപ്പെട്ടിട്ടില്ലെന്നാണ് കേന്ദ്രം ആവര്‍ത്തിക്കുന്നത്.
വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാളാണ് ഇക്കാര്യം വ്യക്തമാക്കിയത്. യു.എസിന്റെ അവകാശവാദങ്ങളില്‍ ഇന്ത്യയുടെ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഓപ്പറേഷന്‍ സിന്ദൂരിനിടെ സൈനിക സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നുവെന്നും എന്നാല്‍ വ്യാപാര കരാറോ താരിഫുകളോ ആ ചര്‍ച്ചകളില്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെയും പാകിസ്ഥാനിലെയും ഡി.ജി.എം.ഒകള്‍ നേരിട്ട് ബന്ധപ്പെട്ടാണ് വെടിനിര്‍ത്തല്‍ തീരുമാനിച്ചതെന്നും വിദേശകാര്യമന്ത്രി നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Pakistan clarified that there was no third-party interference during Operation Sindoor.