മതനിന്ദ; പാകിസ്താനില്‍ ക്രിസ്ത്യന്‍ മതസ്ഥന് വധശിക്ഷ
World News
മതനിന്ദ; പാകിസ്താനില്‍ ക്രിസ്ത്യന്‍ മതസ്ഥന് വധശിക്ഷ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 8th September 2020, 5:58 pm

ഇസ്ലാമാബാദ്: മതനിന്ദക്കുറ്റം ആരോപിച്ച് പാകിസ്താനില്‍ ക്രിസ്ത്യന്‍ മതവിശ്വാസിയായ പൗരന് വധ ശിക്ഷ വിധിച്ചു. ആസിഫ് പര്‍വയിസ് എന്ന 37 കാരനാണ് ലാഹോറിലെ കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. മതനിന്ദാപരമായ സന്ദേശം ഫോണില്‍ അയച്ചു എന്നാണ് ഇദ്ദേഹത്തിനെതിരെയുള്ള പരാതി. ഇയാള്‍ ജോലി ചെയ്യുന്ന ഫാക്ടറിയിലെ സൂപ്പര്‍വൈസര്‍ ആണ് പരാതിക്കാരന്‍. 2013 മുതല്‍ ആസിഫ് പര്‍വയിസ് തടവിലാണ്.

തനിക്കെതിരെയുള്ള ആരോപണങ്ങള്‍ നിഷേധിച്ചെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല. പരാതിക്കാരനായ സൂപ്പര്‍ വൈസര്‍ തന്നെ ഇസ്‌ലാം മതത്തിലേക്ക് മാറ്റാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് ആസിഫ് കോടതിയില്‍ പറഞ്ഞത്. ഇതിനെ എതിര്‍ത്തിനെ തുടര്‍ന്നാണ് മതനിന്ദ നടത്തിയെന്ന വ്യാജ പരാതി നല്‍കിയതെന്നും ഇദ്ദേഹം വിചാരണ വേളയില്‍ കോടതിയില്‍ പറഞ്ഞു.

എന്നാല്‍ ഈ ആരോപണത്തെ പരാതിക്കാരന്റെ അഭിഭാഷകന്‍ കോടതിയില്‍ നിഷേധിച്ചു. ഫാക്ടറിയില്‍ ക്രിസ്ത്യന്‍ മതക്കാരായ മറ്റു തൊഴിലാളികളുമുണ്ടെന്നും ഇവരൊന്നും ഇത്തരത്തിലൊരു ആരോപണവും നടത്തിയിട്ടില്ലെന്നുമാണ് ഉയര്‍ന്ന വാദം.

പ്രവാചക നിന്ദയ്ക്ക് കടുത്ത ശിക്ഷ നല്‍കുന്ന പാകിസ്താനില്‍ നിലവില്‍ 80 പേരാണ് മതനിന്ദക്കുറ്റത്തില്‍ തടവില്‍ കഴിയുന്നത്. യു.എസ്.സി.ഐ.ആര്‍.എഫിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇവരില്‍ പകുതിയിലേറെ പേരും ജീവപരന്ത്യം ശിക്ഷയ്‌ക്കോ വധശിക്ഷയ്‌ക്കോ വിധിക്കപ്പെട്ടവരാണ്. ഈ തടവുകാരില്‍ ഭൂരിഭാഗവും ഇസ്ലാം മതസ്ഥര്‍ തന്നെയാണ്. 1990 മുതല്‍ 77 പേര്‍ മതനിന്ദക്കുറ്റത്തില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിട്ടുണ്ടെന്നാണ് അല്‍ ജസീരയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content highlight: Pakistan Christian man sentenced to death for blasphemy