പാകിസ്ഥാന്റെ ബംഗ്ലാദേശ് പര്യടനത്തിലെ ടെസ്റ്റ് പരമ്പരയില്‍ മേല്‍ക്കൈ നേടി ആതിഥേയര്‍. രണ്ട് മത്സരങ്ങളുടെ ആദ്യ മത്സരത്തില്‍ ഗംഭീര വിജയം നേടിയാണ് കടുവകള്‍ പാകിസ്ഥാനെ ചുരുട്ടിക്കെട്ടിയത്. ധാക്കയിലെ ഷേര്‍ ഇ ബംഗ്ലാ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 104 റണ്‍സിനായിരുന്നു പാകിസ്ഥാന്റെ പരാജയം.

രണ്ട് ഇന്നിങ്‌സിലും മികച്ച പ്രകടനം പുറത്തെടുത്ത ക്യാപ്റ്റന്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോയുടെ കരുത്തിലാണ് ബംഗ്ലാദേശ് വിജയം സ്വന്തമാക്കിയത്.

സ്‌കോര്‍

ബംഗ്ലാദേശ്: 413 & 240/9d

പാകിസ്ഥാന്‍: 386 & 163 (T: 268)

ഈ പരാജയത്തോടെ പാക് നായകന്‍ ഷാന്‍ മസൂദിനെ ഒരു മോശം നേട്ടവും തേടിയെത്തി. പാകിസ്ഥാനെ ഏറ്റവുമധികം ടെസ്റ്റുകളില്‍ തോല്‍വിയിലേക്ക് തള്ളിയിട്ട ക്യാപ്റ്റന്‍മാരുടെ ലിസ്റ്റില്‍ രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഷാന്‍ മസൂദ്. മസൂദിന് കീഴില്‍ കളത്തിലിറങ്ങിയ 15 ടെസ്റ്റില്‍ 11ലും പാകിസ്ഥാന് പരാജയത്തിന്റെ കയ്പുനീര്‍ കുടിച്ചു.

ഷാന്‍ മസൂദ്

31 മത്സരത്തില്‍ 11 പരാജയമേറ്റുവാങ്ങിയ പാക് ഇതിഹാസം ഇന്‍സമാം ഉല്‍ ഹഖിനൊപ്പമാണ് മസൂദ് രണ്ടാം സ്ഥാനത്തുള്ളത്. മിസ്ബ ഉള്‍ ഹഖ് മാത്രമാണ് ഈ മോശം നേട്ടത്തില്‍ മസൂദിന് മുമ്പിലുള്ളത്.

ടെസ്റ്റില്‍ പാകിസ്ഥാനെ ഏറ്റവുമധികം തോല്‍വിയിലേക്ക് നയിച്ച ക്യാപ്റ്റന്‍

(താരം – സ്പാന്‍ – മത്സരം – തോല്‍വി എന്നീ ക്രമത്തില്‍)

മിസ്ബ ഉള്‍ ഹഖ് – 2010-17 – 56 – 19

ഷാന്‍ മസൂദ് – 2023–26* – 15 – 11*

ഇന്‍സമാം ഉള്‍ ഹഖ് – 2001-07 – 31 – 11

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് നജ്മുല്‍ ഹൊസൈന്‍ ഷാന്റോയുടെ സെഞ്ച്വറി കരുത്തിലാണ് സ്‌കോര്‍ ഉയര്‍ത്തിയത്. 130 പന്ത് നേരിട്ട താരം 101 റണ്‍സ് സ്വന്തമാക്കി.

200 പന്തില്‍ 91 റണ്‍സ് നേടിയ മോമിനുല്‍ ഹഖും 179 പന്തില്‍ 71 റണ്‍സടിച്ച മുഷ്ഫിഖര്‍ റഹീമും ബംഗ്ലാദേശിനെ 413 എന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോറിലെത്താന്‍ സഹായിച്ചു.

അഞ്ച് വിക്കറ്റുമായി മുഹമ്മദ് അബ്ബാസാണ് ആദ്യ ഇന്നിങ്‌സില്‍ പാക് നിരയില്‍ ബൗളിങ്ങില്‍ തിളങ്ങിയത്. ഷഹാന്‍ ഷാ അഫ്രിദി മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ഹസന്‍ അലിയും നോമന്‍ അലിയും ഓരോ വിക്കറ്റും വീഴ്ത്തി.

ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിങ്ങിയ പാകിസ്ഥാനായി അസന്‍ അവായിസ് സെഞ്ച്വറിയും (165 പന്തില്‍ 103), അബ്ദുള്ള ഫസല്‍ (120 പന്തില്‍ 60), മുഹമ്മദ് റിസ്വാന്‍ (79 പന്തില്‍ 59), സല്‍മാന്‍ അലി ആഘ (94 പന്തില്‍ 58) എന്നിവര്‍ അര്‍ധ സെഞ്ച്വറിയും ഇമാം ഉള്‍ ഹഖ് അര്‍ധ സെഞ്ച്വറിയോളം പോന്ന ഇന്നിങ്‌സും (72 പന്തില്‍ 45) പുറത്തെടുത്തെങ്കിലും ആദ്യ ഇന്നിങ്‌സില്‍ ലീഡ് വഴങ്ങി. 386 റണ്‍സാണ് ഒനേനാം ഇന്നിങ്‌സില്‍ പാകിസ്ഥാന് നേടാന്‍ സാധിച്ചത്.

അഞ്ച് വിക്കറ്റെടുത്ത മെഹ്ദി ഹസന്‍ മിറാസാണ് പാകിസ്ഥാനെ ലീഡ് നേടാന്‍ അനുവദിക്കാതെ തളച്ചത്. താസ്‌കിന്‍ അഹമ്മദും തൈജുല്‍ ഇസ്‌ലാമും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ നാഹിദ് റാണ ഒരു വിക്കറ്റും വീഴ്ത്തി.

27 റണ്‍സ് ലീഡുമായി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ആതിഥേയര്‍ ക്യാപ്റ്റന്‍ ഷാന്റോയുടെ കരുത്തില്‍ സ്‌കോര്‍ ഉയര്‍ത്തി. ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സുമായി നില്‍ക്കവെ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയും 268 റണ്‍സിന്റെ ലക്ഷ്യം പാകിസ്ഥാന് മുമ്പില്‍ വെക്കുകയും ചെയ്തു.

ഷാന്റോ 150 പന്തില്‍ 87 റണ്‍സ് നേടി. 120 പന്തില്‍ 56 റണ്‍സടിച്ച മോമിനുല്‍ ഹഖാണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍.

വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പാകിസ്ഥാന്‍ നിരയില്‍ അബ്ദുള്ള ഫസലൊഴികെ എല്ലാവരും പൊരുതുന്നതിന് മുമ്പ് കാലിടറി. ഫസല്‍ 113 പന്തില്‍ 66 റണ്‍സ് നേടി. 26 റണ്‍സ് നേടിയ ആഘാ സല്‍മാനാണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍.

പാകിസ്ഥാന്റെ പോരാട്ടം 163 റണ്‍സില്‍ അവസാനിച്ചതോടെ ബംഗ്ലാദേശ് 104 റണ്‍സിന് വിജയം സ്വന്തമാക്കി.

നാഹിദ് റാണ ഫൈഫറുമായി തിളങ്ങിയപ്പോള്‍ തൈജുല്‍ ഇസ്‌ലാം, താസ്‌കിന്‍ അഹമ്മദ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും മെഹ്ദി ഹസന്‍ മിറാസ് ഒരു വിക്കറ്റും നേടി.

മെയ് 16നാണ് പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരം. സില്‍ഹെറ്റാണ് വേദി.

 

Content Highlight: Pakistan, captained by Shan Masood, have lost 11 of their 15 Tests.