ഇന്ത്യന്‍ താരങ്ങള്‍ ഇന്ത്യയ്ക്ക് അപമാനമാകരുത്; വിമര്‍ശനവുമായി അഫ്രിദി
Sports News
ഇന്ത്യന്‍ താരങ്ങള്‍ ഇന്ത്യയ്ക്ക് അപമാനമാകരുത്; വിമര്‍ശനവുമായി അഫ്രിദി
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 21st July 2025, 4:17 pm

 

 

വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സിലെ ഇന്ത്യ ചാമ്പ്യന്‍സ് – പാകിസ്ഥാന്‍ ചാമ്പ്യന്‍സ് മത്സരം ഉപേക്ഷിച്ചതില്‍ വിമര്‍ശനവുമായി പാക് നായകന്‍ ഷാഹിദ് അഫ്രിദി. ക്രിക്കറ്റ് കളിക്കാനാണ് ഇന്ത്യന്‍ ടീം ഇവിടെയെത്തിയതെങ്കില്‍ ക്രിക്കറ്റ് കളിക്കണമെന്നും അല്ലാത്തപക്ഷം ഇതിനായി ഇറങ്ങിത്തിരിക്കരുതായിരുന്നു എന്നും അഫ്രിദി അഭിപ്രായപ്പെട്ടു.

കഴിഞ്ഞ സീസണിന്റെ കലാശപ്പോരാട്ടത്തില്‍ പാകിസ്ഥാനെ തകര്‍ത്ത് കിരീടമണിഞ്ഞ ഇന്ത്യ പുതിയ സീസണിലും ഷാഹിദ് അഫ്രിദിയെയും സംഘത്തെയും പരാജയപ്പെടുത്തിക്കൊണ്ട് തന്നെ ക്യാമ്പെയ്ന്‍ ആരംഭിക്കുമെന്നാണ് കരുതിയിരുന്നത്.

 

എന്നാല്‍ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ പാകിസ്ഥാന്‍ ചാമ്പ്യന്‍സിനെതിരെ കളത്തിലിറങ്ങാന്‍ വിസമ്മതിക്കുകയും ഇതോടെ മത്സരം ഉപേക്ഷിക്കാന്‍ സംഘാടകര്‍ നിര്‍ബന്ധിതരാവുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് അഫ്രിദി വിമര്‍ശനവുമായി രംഗത്തെത്തിയത്.

‘ഞങ്ങളിവിടെ ക്രിക്കറ്റ് കളിക്കാനാണ് എത്തിയത്, ക്രിക്കറ്റും രാഷ്ട്രീയവും ഒരിക്കലും കൂട്ടിക്കലര്‍ത്തരുതെന്ന് ഞങ്ങള്‍ എല്ലായ്പ്പോഴും പറയാറുള്ളതുമാണ്. ഒരു താരം എല്ലായ്‌പ്പോഴും അവന്റെ രാജ്യത്തിന്റെ മികച്ച അംബാസഡറായിരിക്കണം, അല്ലാതെ അപമാനമാകരുത്,’ അഫ്രിദിയുടെ വാക്കുകള്‍ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

‘നമ്മള്‍ ക്രിക്കറ്റ് കളിക്കാനായാണ് ഇവിടെ വന്നത്. അവര്‍ക്ക് (ഇന്ത്യ) പാകിസ്ഥാനെതിരെ കളിക്കാന്‍ താത്പര്യമില്ലെങ്കില്‍ ഇവിടെയെത്തുന്നതിന് മുമ്പ് അവര്‍ ഇക്കാര്യം പറയണമായിരുന്നു. എന്നാല്‍ അവര്‍ ഇവിടെയെത്തി. പ്രാക്ടീസ് സെഷനുകള്‍ പോലും സംഘടിപ്പിച്ചു. എന്നാല്‍ പെട്ടന്നൊരു ദിവസം അവര്‍ കളിക്കാനില്ല എന്ന് പറയുകയാണ്.

സ്‌പോര്‍ട്‌സ് എല്ലായ്‌പ്പോഴും ആളുകളെ ഒന്നിച്ചുചേര്‍ക്കാനുള്ളതാണ്. എന്നാല്‍ എല്ലാത്തിലും രാഷ്ട്രീയം കലര്‍ന്നാല്‍ എങ്ങനെ നമ്മള്‍ മുന്നോട്ട് പോകും? ഒന്നിച്ചിരുന്ന് വിഷയങ്ങള്‍ ചര്‍ച്ച ചെയ്താലല്ലാതെ ഒന്നും മാറാന്‍ പോകുന്നില്ല. ആശയവിമിനയങ്ങളില്ലാത്തത് കാര്യങ്ങള്‍ വഷളാക്കും.

ഞാന്‍ കാരണമാണ് ഈ മത്സരം ഉപേക്ഷിച്ചതെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ ഗ്രൗണ്ടിലേക്ക് പോലും പോകുമായിരുന്നില്ല. ക്രിക്കറ്റ് എല്ലായ്‌പ്പോഴും മുമ്പോട്ട് പോകണം. ക്രിക്കറ്റിന് മുമ്പില്‍ ഷാഹിദ് അഫ്രിദി എന്താണ്? ഒന്നുമല്ല,’ പാക് നായകന്‍ പറഞ്ഞു.

അതേസമയം, നാളെ ഇന്ത്യ ഫലത്തില്‍ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങും. എഡ്ജ്ബാസ്റ്റണില്‍ നടക്കുന്ന മത്സരത്തില്‍ സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സാണ് എതിരാളികള്‍. ഇന്ത്യന്‍ സമയം രാത്രി ഒമ്പത് മണിക്കാണ് മത്സരം.

എ.ബി. ഡി വില്ലിയേഴ്‌സ്, ഹാഷിം അംല, ജെ.പി. ഡുമിനി, ആല്‍ബി മോര്‍ക്കല്‍, ഇമ്രാന്‍ താഹിര്‍ എന്നിവരടങ്ങുന്ന താരസമ്പന്നമായ നിരയാണ് പ്രോട്ടിയാസിനുള്ളത്. അതേസമയം, യുവരാജ് സിങ്ങിന്റെ നേതൃത്വത്തില്‍ ഇര്‍ഫാന്‍-യൂസുഫ് പത്താന്‍മാരും ശിഖര്‍ ധവാന്‍, റോബിന്‍ ഉത്തപ്പ, സുരേഷ് റെയ്‌ന, ഹര്‍ഭജന്‍ സിങ്, സ്റ്റുവര്‍ട്ട് ബിന്നി തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ ഇന്ത്യന്‍ ടീമിലും അണിനിരക്കുന്നു.

നാളെ നടക്കുന്ന ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ട് ചാമ്പ്യന്‍സ് ക്രിസ് ഗെയ്‌ലിന്റെ വെസ്റ്റ് ഇന്‍ഡീസ് ചാമ്പ്യന്‍സിനെ നേരിടും.

 

Content Highlight: Pakistan captain Shahid Afridi has criticized the cancellation of the India Champions – Pakistan Champions match in the World Championship of Legends.