ഇംഗ്ലണ്ട് കിടന്ന് വിറക്കും, പാക് ബൗളർമാർ ഇന്ത്യക്കാരെ പോലെയല്ലെന്ന് അവർക്ക് നന്നായിട്ടറിയാം: ഷോയിബ് അക്തർ
Cricket
ഇംഗ്ലണ്ട് കിടന്ന് വിറക്കും, പാക് ബൗളർമാർ ഇന്ത്യക്കാരെ പോലെയല്ലെന്ന് അവർക്ക് നന്നായിട്ടറിയാം: ഷോയിബ് അക്തർ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 13th November 2022, 1:32 pm

ടി-20 ലോകകപ്പ് സെമി ഫൈനലിൽ പാകിസ്ഥാൻ ന്യൂസിലാൻഡിനെ കീഴ്‌പ്പെടുത്തിയപ്പോൾ തൊട്ട് തന്റെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളുമായി സോഷ്യൽ മീഡിയയിൽ സജീവമാണ് മുൻ പാക് താരം ഷോയിബ് അക്തർ.

ഇപ്പോൾ ഇം​ഗ്ലണ്ടിനെ വെല്ലുവിളിച്ചാണ് താരം രം​ഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയല്ല പാകിസ്ഥാനെന്നും, മത്സരം കൂടുതൽ ശക്തമാകുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

”സെമി ഫൈനലുമായി താരതമ്യം ചെയ്യുകയാണേൽ ഇംഗ്ലണ്ട് മികച്ച സ്ഥാനത്താണ്, അവരുടെ ആത്മവിശ്വാസമാകട്ടെ വാനോളവുമുണ്ട്. എന്നാൽ അവർക്ക് നന്നായിട്ടറിയാം, ഇന്ത്യയെ പോലെയല്ല പാകിസ്ഥാൻ എന്ന്.

കരുത്തുറ്റ ബൗളിങ് നിര തന്നെ ഞങ്ങൾക്കുണ്ട്. അത്രക്ക് കഠിനാധ്വാനം ചെയ്തിട്ടുണ്ട്. അതുകൊണ്ട് ജയിക്കാതെ മടങ്ങാനാവില്ല,’ അദ്ദേഹം പറഞ്ഞു.

ബാബറിനെയും റിസ് വാനെയും ആശ്രയിച്ചായിരിക്കും മറ്റ് കാര്യങ്ങളെന്നും ന്യൂസിലാൻഡിനെതിരായി നടന്ന മത്സരത്തിൽ അവരുടെ സ്‌ട്രൈക്ക് റെയ്റ്റ് പ്രധാനപ്പെട്ടതായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് പാക് ബൗളർമാർക്ക് അനുയോജ്യമാണെന്നും അദ്ദേഹം പറഞ്ഞു.

സെമി ഫൈനലിൽ ഇന്ത്യൻ ബാറ്റർമാർ പതറിപ്പോയ ഓസ്‌ട്രേലിയൻ പിച്ചിൽ ഇംഗ്ലണ്ട് താരങ്ങൾ തങ്ങളുടെ കരുത്ത് തെളിയിച്ചതാണ്. അതേസമയം കരുത്തരായ ബൗളർമാരാൽ സമ്പന്നമായ പാക് പട കിരീടം നേടാൻ കൽപിച്ച് തന്നെയാണ് ഫൈനലിനിറങ്ങുക.

പാകിസ്ഥാന്റെ പേസ് നിരയും ഇംഗ്ലണ്ടിന്റെ ആഴമേറിയ ബാറ്റിങ് നിരയും തമ്മിൽ ശക്തമായ പോരാട്ടം തന്നെ മെൽബണിൽ അരങ്ങേറുമെന്നതിൽ സംശയമില്ല.

ലോകപ്രശസ്തമായ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ആര് ചരിത്രം കുറിക്കുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ക്രിക്കറ്റ് പ്രേമികൾ.

Content Highlights: Pakistan Bowlers Aren’t Like Indians, Shoaib Akhtar