തീവ്ര വലതുപക്ഷ പാര്‍ട്ടിയായ തെഹ്‌രീക്-ഇ-ലബ്ബയിക് നിരോധിച്ച് പാകിസ്ഥാന്‍
World
തീവ്ര വലതുപക്ഷ പാര്‍ട്ടിയായ തെഹ്‌രീക്-ഇ-ലബ്ബയിക് നിരോധിച്ച് പാകിസ്ഥാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 24th October 2025, 10:51 am

ഇസ്‌ലാമാബാദ്: പൊലീസുകാര്‍ക്കെതിരായ അതിക്രമങ്ങളുടെ പേരില്‍ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ തെഹ്‌രീക്-ഇ- ലബ്ബയിക് പാകിസ്ഥാന്‍ (ടി.എല്‍.പി)പാര്‍ട്ടിയെ നിരോധിച്ചു. 1997ലെ പാകിസ്ഥാന്‍ തീവ്രവാദ വിരുദ്ധ നിയമ(എ.ടി.എ)പ്രകാരമാണ് പാര്‍ട്ടിക്ക് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭായോഗം അറിയിച്ചു.

ടി.എല്‍.പിയെ നിരോധിക്കാനുള്ള തീരുമാനം പ്രദേശിക പഞ്ചാബ് സര്‍ക്കാരാണ് കൈക്കൊണ്ടത്. പിന്നീട് ഈ തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നല്‍കുകയായിരുന്നു.

ഒക്ടോബര്‍ 13ന് ലാഹോറില്‍ നിന്നും തലസ്ഥാനമായ ഇസ്‌ലാമാബാദിലേക്കുള്ള ‘ലോങ് മാര്‍ച്ച്’ ടി.എല്‍.പി റാലി അക്രമാസക്തമായിരുന്നു.

സംഭവത്തില്‍ ഒരു പൊലീസുദ്യോഗസ്ഥനുള്‍പ്പെടെ 16 പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പാകിസ്ഥാന്‍ സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ടി.എല്‍.പിയുടെ ഇസ്രഈല്‍ വിരുദ്ധ പ്രതിഷേധ റാലിയായ ലോങ് മാര്‍ച്ച് തടയാനായി പൊലീസ് ഷിപ്പിങ് കണ്ടെയ്‌നറുകള്‍ സ്ഥാപിച്ചിരുന്നു. ഇത് എടുത്തുമാറ്റുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായതും പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടിയതും. സംഘര്‍ഷത്തിന് പിന്നാലെ ടി.എല്‍.പി തലവന്‍ സാദ് റിസ്‌വി ഒളിവില്‍ പോയിരുന്നു. ഇയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

അതേസമയം, ഇസ്‌ലാമാബാദിലെ യു.എസ് എംബസിയിലേക്ക് ‘ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി’ നടത്തുകയാണ് ടി.എല്‍.പി പ്രവര്‍ത്തകര്‍. കഴിഞ്ഞ അഞ്ച് ദിവസമായി തുടരുന്ന റാലി ഇസ്‌ലാമാബാദില്‍ പ്രവേശിക്കാനിരിക്കെയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

തെഹ്‌രീക്-ഇ-താലിബാന്‍ പാകിസ്ഥാന്‍ (ടി.ടി.പി), ബലൂച് ലിബറേഷന്‍ ആര്‍മി (ബി.എല്‍.എ), ലഷ്‌കര്‍-ഇ-തൊയ്ബ, ലഷ്‌കര്‍-ഇ-ജാങ്‌വി, ജെയ്ഷ്-ഇ-മുഹമ്മദ് തുടങ്ങിയ നിരോധിത തീവ്രവാദ സംഘടനകള്‍ക്കൊപ്പമാണ് ഇനി ടി.എല്‍.പിയെയും കണക്കാക്കുക.

ടി.എല്‍.പിയുടെ ആക്രമണങ്ങളില്‍ മുമ്പും സുരക്ഷാ ഉദ്യോഗസ്ഥരും സാധാരണക്കാരും കൊല്ലപ്പെട്ടിരുന്നു. 2017 മുതല്‍ ടി.എല്‍.പിക്ക് അക്രമാസക്തമായ ചരിത്രമുണ്ടെന്ന് പാക് സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

നിരവധി പ്രദേശങ്ങളില്‍ അശാന്തി പരത്തിയ പാര്‍ട്ടിയാണിതെന്നും രാജ്യത്തുടനീളം അക്രമാസക്തമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിട്ടുണ്ടെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

2016ലാണ് പാര്‍ട്ടി സ്ഥാപിക്കപ്പെട്ടത്. പിന്നീട് 2021ല്‍ സംഘടനയെ നിരോധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആറ് മാസത്തിന് ശേഷം നിരോധനം നീക്കി.

അക്രമങ്ങളില്‍ നിന്നും അശാന്തിയില്‍ നിന്നും പാര്‍ട്ടി വിട്ടുനില്‍ക്കുമെന്ന വ്യവസ്ഥയെ തുടര്‍ന്നാണ് തീരുമാനം പിന്‍വലിച്ചിരുന്നതെന്ന് പാക് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Content Highlight: Pakistan bans far-right party Tehreek-e-Labbaik Pakistan