ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണം നടക്കുമ്പോള്‍ താന്‍ സ്ഥലത്തുണ്ടായിരുന്നുവെന്ന് തഹാവൂര്‍ റാണയുടെ വെളിപ്പെടുത്തല്‍. ആക്രമണത്തില്‍ പാകിസ്ഥാന്‍ സേനയ്ക്ക് നേരിട്ട് പങ്കുണ്ടായിരുന്നുവെന്നും താന്‍ അവരുടെ വിശ്വസ്തനായ ഏജന്റായിരുന്നുവെന്നും തഹാവൂര്‍ റാണ പറഞ്ഞു. ഇന്ത്യ ടുഡേ അടക്കമുള്ള ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ദല്‍ഹിയിലെ തിഹാര്‍ ജയിലില്‍ എന്‍.ഐ.എയുടെ കസ്റ്റഡിയില്‍ കഴിയുന്ന റാണ മുംബൈ ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിലാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ഡി.ഐ.ജി ജയ റോയിയുടെ നേതൃത്വത്തിലുള്ള 12 അംഗ എന്‍.എന്‍.എ സംഘമാണ് റാണയെ ചോദ്യം ചെയ്യുന്നത്.
പാകിസ്ഥാന്റെ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സുമായി സഹകരിച്ചാണ് മുംബൈയില്‍ ഭീകരാക്രമണം നടത്തിയതെന്നും വെളിപ്പെടുത്തലുണ്ട്. ആക്രമണത്തിനായി ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസ് പോലുള്ള സ്ഥലങ്ങളില്‍ പരിശോധന നടത്തിയിരുന്നുവെന്നും റാണ പറഞ്ഞതായി വൃത്തങ്ങള്‍ അറിയിച്ചു.
ഭീകരരെ പിന്തുണച്ച പാകിസ്ഥാൻ സ്ഥാപനം ഗൾഫ് യുദ്ധകാലത്ത് തന്നെ സൗദി അറേബ്യയിലേക്ക് അയച്ചുവെന്നും റാണ വെളിപ്പെടുത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മുംബൈ ആക്രമണത്തിന് തൊട്ടുമുമ്പ് ദുബായ് വഴി ബീജിങ്ങിലേക്ക് പോയതായും വെളിപ്പെടുത്തിയിട്ടുണ്ട്.
2008 നവംബര്‍ 26ന് 166 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ഭീകരാക്രമണത്തിലെ (26/11) മുഖ്യ പ്രതിയെന്ന് ഇന്ത്യ സംശയിക്കുന്ന ആളാണ് തഹാവൂര്‍ റാണയെന്ന തഹാവുര്‍ ഹുസൈന്‍ റാണ.
പത്തോളം ഭീകരരാണ് 60 മണിക്കൂറിലധികം മുംബൈയിലെ സുപ്രധാന മേഖലകള്‍ ഉപരോധിച്ച് ആക്രമണം നടത്തിയത്. ഛത്രപതി ശിവാജി ടെര്‍മിനസ്, താജ് ഹോട്ടല്‍, നരിമാന്‍ ഹൗസ്, കാമ ആന്‍ഡ് ആല്‍ബെസ് ഹോസ്പിറ്റല്‍ തുടങ്ങിയ മുംബൈയിലെ പ്രമുഖ സ്ഥലങ്ങള്‍ ലക്ഷ്യമിട്ട് ലഷ്‌കര്‍-ഇ-തൊയ്ബയിലെ 10 ഭീകരര്‍ മുംബൈയില്‍ ആക്രമണം നടത്തുകയായിരുന്നു.