അവന്‍ പരിക്ക് അഭിനയിക്കുകയാണ്, മുമ്പും അവന്‍ ഇങ്ങനെ അഭിനയിച്ചിട്ടുണ്ട്; ഇമാമിനെതിരെ മുന്‍ ചീഫ് സെലക്ടര്‍
Sports News
അവന്‍ പരിക്ക് അഭിനയിക്കുകയാണ്, മുമ്പും അവന്‍ ഇങ്ങനെ അഭിനയിച്ചിട്ടുണ്ട്; ഇമാമിനെതിരെ മുന്‍ ചീഫ് സെലക്ടര്‍
ആദർശ് എം.കെ.
Saturday, 29th August 2026, 9:43 pm

പാകിസ്ഥാന്റെ ഇംഗ്ലണ്ട് പര്യടനത്തിലെ രണ്ടാം ടെസ്റ്റില്‍ പരിക്കേറ്റ് ഒന്നാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യാതിരുന്ന ഇമാം ഉള്‍ ഹഖിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ പാക് ചീഫ് സെലക്ടര്‍ മുഹമ്മദ് വസീം.

ഇമാം ഉള്‍ ഹഖ് മത്സരങ്ങള്‍ ഒഴിവാക്കാനായി സ്ഥിരമായി പരിക്ക് അഭിനയിക്കുകയാണെന്നാണ് വസീമിന്റെ ആരോപണം.

മുഹമ്മദ് വസീം

2022ലെ മുള്‍ട്ടാന്‍ ടെസ്റ്റിനിടെ താരം ഉടന്‍ തന്നെ ഒരു പരിക്ക് വ്യാജമായി ഉണ്ടാക്കുമെന്ന് ടീം ഫിസിയോ തനിക്ക് മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കിയിരുന്നതായി മുഹമ്മദ് വസീം വെളിപ്പെടുത്തി.

‘ലോര്‍ഡ്‌സില്‍ ഇമാം ഉള്‍ ഹഖിന് ശരിക്കും പരിക്കേറ്റിട്ടില്ല, അവന്‍ പരിക്ക് അഭിനയിക്കുകയാണ്. 2022ലെ മുള്‍ട്ടാന്‍ ടെസ്റ്റില്‍, അവന്‍ ഉടന്‍ തന്നെ ഒരു പരിക്ക് അഭിനയിക്കുമന്ന് ഫിസിയോ എനിക്ക് മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കിയിരുന്നു. അവന്‍ അത് ചെയ്യുകയും ചെയ്തു,’ മുഹമ്മദ് വസീം പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ ലോര്‍ഡ്‌സ് ടെസ്റ്റിന്റെ ഒന്നാം ദിനം ഫീല്‍ഡിങ്ങിനിടെ ഇടത് കാല്‍വിരലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ഇമാമിനെ മത്സരത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വസീം ഇമാമിനെതിരെ രംഗത്തെത്തിയത്.

ഇമാം ഉള്‍ ഹഖ്

മുഹമ്മദ് വസീം ആരോപണങ്ങള്‍ ഉന്നയിച്ചെങ്കിലും, സ്‌കാനിങ്ങിന് ശേഷം ഇമാമിന് നിസ്സാരമായ പരിക്കാണെന്ന് (low-grade calf strain) പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. മെഡിക്കല്‍ സംഘത്തിന്റെ മേല്‍നോട്ടത്തില്‍ താരം ചികിത്സയിലാണെന്നും ബോര്‍ഡ് അറിയിച്ചു.

അതേസമയം, മൂന്നാം ദിവസം ചായയ്ക്ക് പിരിയുമ്പോള്‍ ഇംഗ്ലണ്ട് ആറ് വിക്കറ്റ് നഷ്ടത്തില്‍ 162 എന്ന നിലയിലാണ് ബാറ്റിങ് തുടരുന്നത്. ആദ്യ ഇന്നിങ്‌സില്‍ നേടിയ 180 റണ്‍സ് ലീഡ് ഉള്‍പ്പടെ ഇംഗ്ലണ്ട് 342 റണ്‍സ് മുമ്പിലാണ്.

ലോര്‍ഡ്‌സില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 290 റണ്‍സിന് മറുപടിയായി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ വെറും 110 റണ്‍സിന് പുറത്താകുകയായിരുന്നു.

102 പന്തില്‍ 46 റണ്‍സെടുത്ത അസാന്‍ അവൈസിനും 16 പന്തില്‍ 16 റണ്‍സെടുത്ത സൗദ് ഷക്കീലിനും മാത്രമാണ് പാക് നിരയില്‍ ഉരട്ടയക്കം കാണാന്‍ സാധിച്ചത്. സൂപ്പര്‍ താരങ്ങളായ ബാബര്‍ അസം (പത്ത് പന്തില്‍ എട്ട്), ഷാന്‍ മസൂദ് (11 പന്തില്‍ ഒന്ന്) എന്നിവര്‍ നിരാശപ്പെടുത്തി.

ഇംഗ്ലണ്ടിനായി ഒലി റോബിന്‍സണ്‍ നാല് പാക് താരങ്ങളെ മടക്കിയപ്പോള്‍ ജോഫ്രാ ആര്‍ച്ചര്‍ മൂന്നും ജോഷ് ടംഗ് രണ്ട് വിക്കറ്റും വീഴ്ത്തി പാകിസ്ഥാനെ വന്‍ തകര്‍ച്ചയിലേക്ക് തള്ളിയിട്ടു.

നേരത്തെ ടോസ് നഷ്ടപ്പെട്ട ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 290 റണ്‍സാണ് ഒന്നാം ഇന്നിങ്‌സില്‍ നേടിയത്. ജെയ്മി സ്മിത് (80 പന്തില്‍ 61), ജോര്‍ദന്‍ കോക്‌സ് (105 പന്തില്‍ 55), ഗസ് ആറ്റ്കിന്‍സണ്‍ (46 പന്തില്‍ 45) എന്നിവരുടെ ഇന്നിങ്‌സുകളാണ് പാകിസ്ഥാന് മോശമല്ലാത്ത ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ സമ്മാനിച്ചത്.

 

Content Highlight: PAK vs ENG: Former Pakistan chief selector Mohammad Wasim claims Imam-ul-Haq is feigning injury.

 

ആദർശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.