സൂപ്പര്‍ താരം ജസ്പ്രീത് ബുംറയുടെ അഭാവം ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ കാര്യമായി ബാധിക്കുമെന്ന് മുന്‍ പാക് സൂപ്പര്‍ താരം മുഹമ്മദ് ആമിര്‍. ബുംറ ഇല്ലാതായതോടെ ഇന്ത്യന്‍ ബൗളിങ് നിരയുടെ ശക്തി 50 ശതമാനമായി കുറഞ്ഞെന്നും ആമിര്‍ അഭിപ്രായപ്പെട്ടു.
പരിക്കേറ്റ ജസ്പ്രീത് ബുംറയ്ക്ക് ആറ് ആഴ്ചയോളം വിശ്രമം ആവശ്യമായി വന്നേക്കുമെന്നും ചാമ്പ്യന്‍സ് ട്രോഫിയിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ താരത്തിന് നഷ്ടമായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മുഹമ്മദ് ആമിറിന്റെ പരാമര്‍ശം.
‘ബുംറ ടീമിനൊപ്പമില്ല എന്നത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയായിരിക്കും നല്‍കുക. ടീമിനെ എല്ലായ്‌പ്പോഴും മുമ്പില്‍ നിന്ന് നയിക്കുന്ന ഏറ്റവും മികച്ച ബൗളറായിരുന്നു ബുംറ. അവന്‍ ഇല്ലാതാകുന്നതോടെ ഇന്ത്യയുടെ ബൗളിങ് നിരയുടെ കരുത്ത് ആകെയുള്ളതിന്റെ 40-50 ശതമാനമായി കുറയും,’ ആമിര്‍ പറഞ്ഞു.
പാകിസ്ഥാന്‍ നിലവില്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെന്ന് പറഞ്ഞ ആമിര്‍, ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തില്‍ ആതിഥേയര്‍ക്ക് മേല്‍ക്കൈ ലഭിച്ചേക്കുമെന്നും അഭിപ്രായപ്പെട്ടു.
‘ഓസ്‌ട്രേലിയയെ ഓസ്‌ട്രേലിയയിലെത്തിയും സൗത്ത് ആഫ്രിക്കയെ അവരുടെ നാട്ടിലെത്തിയും പരാജയപ്പെടുത്തിയ പാകിസ്ഥാന്റെ കരുത്ത്, പ്രത്യേകിച്ചും ഓവര്‍സീസ് സാഹചര്യങ്ങളില്‍ എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നു.
ഈ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയ്ക്ക് മേല്‍ പാകിസ്ഥാന് ചെറിയ തോതില്‍ മെല്‍ക്കൈ ലഭിക്കുമെന്ന് ഞാന്‍ കരുതുന്നു. മേജര്‍ ടൂര്‍ണമെന്റുകളില്‍ എല്ലാം ഞാന്‍ ഇന്ത്യയ്‌ക്കൊപ്പമായിരുന്നു.
എന്നാല്‍ സമീപകാലങ്ങളായി നേരിട്ട പരാജയങ്ങള്‍ക്ക് പിന്നാലെ ഇന്ത്യ വലിയ തോതിലുള്ള സമ്മര്‍ദത്തിലാണെന്നാണ് ഞാന്‍ കരുതുന്നത്,’ മുഹമ്മദ് ആമിര്‍ കൂട്ടിച്ചേര്‍ത്തു.
ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ സിഡ്‌നി ടെസ്റ്റിലാണ് ബുംറയ്ക്ക് പരിക്കേല്‍ക്കുന്നത്. ആദ്യ ഇന്നിങ്‌സില്‍ പത്ത് ഓവര്‍ പന്തെറിഞ്ഞ് രണ്ട് വിക്കറ്റ് നേടിയ താരം പരിക്കിന് പിന്നാലെ മത്സരത്തിനിടെ കളം വിടുകയും വൈദ്യസഹായം തേടുകയും ചെയ്തിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ താരം പന്തെറിഞ്ഞുമില്ല.
ഇതോടെ ഡോക്ടര്‍മാര്‍ താരത്തിന് വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണ്. മാത്രമല്ല പരിക്കിന് പിന്നാലെ ഇന്ത്യ – ഇംഗ്ലണ്ട് വൈറ്റ് ബോള്‍ പരമ്പരകളും ബുംറയ്ക്ക് നഷ്ടമാകും. ചാമ്പ്യന്‍സ് ട്രോഫിയിലേക്കുള്ള തിരിച്ചുവരവിന് ബുംറയ്ക്ക് വിശ്രമം ആവശ്യമാണ്. ഇതോടെ ടീം വലിയ ആശയക്കുഴപ്പത്തിലുമാണ്.
ഫെബ്രുവരി 20നാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ ആദ്യ മത്സരം. ഇതിന് മുമ്പ് താരം പൂര്‍ണ ആരോഗ്യവാനായി മടങ്ങിയെത്തുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
Content Highlight: Pak star Mohammad Amir says Jasprit Bumrah’s injury will be a huge setback for India in Champions Trophy