അബദ്ധത്തിൽ അതിർത്തി കടന്ന ബി.എസ്.എഫ് ജവാനെ 20 ദിവസങ്ങൾക്ക് ശേഷം മോചിപ്പിച്ച് പാകിസ്ഥാൻ സേന
national news
അബദ്ധത്തിൽ അതിർത്തി കടന്ന ബി.എസ്.എഫ് ജവാനെ 20 ദിവസങ്ങൾക്ക് ശേഷം മോചിപ്പിച്ച് പാകിസ്ഥാൻ സേന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 14th May 2025, 11:56 am

ന്യൂദൽഹി: അബദ്ധത്തിൽ അതിർത്തി കടന്ന ബി.എസ്.എഫ് ജവാനെ 20 ദിവസങ്ങൾക്ക് ശേഷം മോചിപ്പിച്ച് പാകിസ്ഥാൻ സേന. ഏപ്രിൽ 23 മുതൽ പാകിസ്ഥാൻ റേഞ്ചേഴ്‌സിന്റെ കസ്റ്റഡിയിലായിരുന്ന ബി.എസ്.എഫ് കോൺസ്റ്റബിൾ പൂർണം കുമാർ ഷായെയാണ് പാക് സേന മോചിപ്പിച്ചത്.

ഷായെ ഇന്ന് രാവിലെ പാക് സേന ഇന്ത്യൻ അധികാരികൾക്ക് കൈമാറി. അമൃത്സറിലെ അട്ടാരിയിലെ ജോയിന്റ് ചെക്ക് പോസ്റ്റിൽ രാവിലെ 10:30 ഓടെയാണ് കൈമാറ്റം നടന്നതെന്നും പ്രോട്ടോക്കോളുകൾ പാലിച്ചുകൊണ്ട് സമാധാനപരമായി കൈമാറ്റം നടന്നതായും ബി.എസ്.എഫ് പ്രസ്താവനയിൽ പറഞ്ഞു.

പഞ്ചാബിലെ ഫിറോസ്പൂരിനടുത്തുള്ള അന്താരാഷ്ട്ര അതിർത്തി അബദ്ധത്തിൽ കടന്നതിന് ഏപ്രിൽ 23 ന് 182-ാം ബറ്റാലിയനിലെ ബി.എസ്.എഫ് ജവാൻ ഷായെ പാകിസ്ഥാൻ റേഞ്ചേഴ്‌സ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അതിർത്തി വേലിക്ക് സമീപം യൂണിഫോമിൽ സർവീസ് റൈഫിളുമായി ഡ്യൂട്ടിയിലായിരുന്ന ഷാ അറിയാതെ പാകിസ്ഥാൻ പ്രദേശത്തേക്ക് കടക്കുകയായിരുന്നു. അവിടെ വെച്ച് പാകിസ്ഥാൻ റേഞ്ചേഴ്‌സ് അദ്ദേഹത്തെ പിടികൂടുകയായിരുന്നു.

സൈനികരോ സാധാരണക്കാരോ അബദ്ധവശാൽ അതിർത്തി കടക്കുന്നത് അസാധാരണ സംഭവമല്ല. അവ സാധാരണയായി നിലവിലുള്ള സൈനിക പ്രോട്ടോക്കോളുകൾ വഴി പരിഹരിക്കപ്പെടുകയാണ് ചെയ്യാൻ. സാധാരണയായി ഫ്ലാഗ് മീറ്റിങ്ങുകൾക്ക് ശേഷം തടവുകാരെ തിരിച്ചയക്കാറാണ് ചെയ്യാറ്.

എന്നാൽ ജമ്മു കശ്മീരിലെ പഹൽഗാമിൽ അടുത്തിടെയുണ്ടായ ഭീകരാക്രമണം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വഷളായ സമയത്തതായിരുന്നു ഷാ അബദ്ധത്തിൽ അതിർത്തി കടന്നത്. ഇത് സ്ഥിതിഗതികൾ വഷളാക്കുകയായിരുന്നു.

 

Content Highlight: Pak returns BSF jawan, who accidentally crossed over, to India after 20 days