എഡിറ്റര്‍
എഡിറ്റര്‍
പണത്തിന്റെ കാര്യത്തില്‍ ബി.ജെ.പിക്ക് പാക് വിരോധമില്ല; അജിത് ദോവലിന്റെ മകന്റെ ബിസിനസ് പങ്കാളി പാകിസ്ഥാനി
എഡിറ്റര്‍
Sunday 12th November 2017 9:18pm


ന്യൂദല്‍ഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിന്റെ മകന്‍ ശൗര്യദോവലിന്റെ ബിസിനസ് പങ്കാളിമാരില്‍ സയ്യിദ് അലി അബ്ബാസ് എന്ന പാകിസ്ഥാന്‍കാരനും. ജെമിനി ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്ന പേരിലുള്ള കമ്പനിയുടെ പാര്‍ട്ണര്‍മാരാണ് ഇരുവരും. സൗദി രാജകുമാരനായ മിഷാല്‍ ബിന്‍അബ്ദുല്ല ബിന്‍തുര്‍ക്കി ബിന്‍ അബ്ദുല്‍അസീസ് ആണ് കമ്പനിയുടെ മൂന്നാമത്തെ പാര്‍ട്ണര്‍.

ആംആദ്മി പാര്‍ട്ടി നേതാവും മാധ്യമപ്രവര്‍ത്തകനുമായ ആശിഷ് ഖേതാന്റേതാണ് വെളിപ്പെടുത്തല്‍.

ജെമിനി ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറാണ് സയ്യിദ് അലി അബ്ബാസ്.ദോവലിന്റെ ആദ്യ കമ്പനിയായ സീയുസ് ക്യാപിറ്റലിലും അബ്ബാസ് ഭാഗമായിരുന്നു.

സൗദി രാജകുമാരന്‍, ശൗര്യദോവല്‍, സയ്യിദ് അലി അബ്ബാസ്‌

അലി അബ്ബാസിന്റെ പൗരത്വ വിവരങ്ങള്‍ കൂടുതല്‍ പുറത്തു വന്നിട്ടില്ലെങ്കിലും അദ്ദേഹം ഭാഗമായ ഗ്ലോബല്‍ ബ്ലോക്ക് ചെയിന്‍ ബിസിനസ് കൗണ്‍സില്‍ എന്ന കമ്പനി തങ്ങളുടെ സ്ഥാപക അംഗമായി പറയുന്ന കൂട്ടത്തില്‍ അബ്ബാസ് പാക് പൗരനാണെന്ന് പറയുന്നുണ്ട്.

അനങ്ങിയാല്‍ പാക് വിരോധം പ്രസംഗിക്കുകയും പാകിസ്ഥാനുമായി ബന്ധമുള്ളവരെ വേട്ടയാടുകയും ചെയ്യുന്ന ബി.ജെ.പിയും അതിന്റെ നേതാക്കളും ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ മകന്റെ പാക് ബന്ധത്തെ കുറിച്ച് മൗനം പാലിക്കുകയാണ്.

പാകിസ്ഥാനുമായി ബന്ധമുണ്ടാവുകയെന്നത് തെറ്റല്ലെന്നും ഇത് മറ്റാരെങ്കിലുമാണെങ്കില്‍ എപ്പോഴേ ‘ദേശദ്രോഹി’ മുദ്ര കുത്തുമായിരുന്നെന്നും ആശിഷ് ഖേതാന്‍ പറയുന്നു.

Advertisement