പഹല്‍ഗാം ഭീകരാക്രമണം; ഭീകരനെന്ന് സംശയിക്കുന്ന ഒരാള്‍ അറസ്റ്റില്‍
national news
പഹല്‍ഗാം ഭീകരാക്രമണം; ഭീകരനെന്ന് സംശയിക്കുന്ന ഒരാള്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 6th May 2025, 5:26 pm

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ഒരാള്‍ പിടിയില്‍. അഹമ്മദ് ബിലാല്‍ എന്ന യുവാവാണ് പിടിയിലായത്.

ബൈസരണ്‍ വാലിയില്‍ നിന്ന് ബുള്ളറ്റ് ഫ്രൂഫ് ധരിച്ച നിലയിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സുരക്ഷാ സേനയാണ് പ്രതിയെന്ന് സംശയിക്കുന്ന ഇയാളെ പിടികൂടിയത്. തുടര്‍ന്ന് ഇയാളെ പൊലീസിന് കൈമാറുകയും ചെയ്തു.

നിലവില്‍ അഹമ്മദ് ബിലാലിനെ ചോദ്യം ചെയ്തുവരികയാണ്. പിടികൂടിയ സമയത്ത് ഇയാള്‍ വ്യക്തമല്ലാത്ത ഉത്തരങ്ങള്‍ നല്‍കിയതായും ഒഴിഞ്ഞ് മാറാന്‍ ശ്രമിച്ചതായും വിവരം ലഭിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പഹല്‍ഗാമില്‍ ഏപ്രില്‍ 22ന് നടന്ന ഭീകരാക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. ഇതിനുപിന്നാലെ ബൈസരണ്‍ വാലി അടക്കമുള്ള മേഖലകളില്‍ സുരക്ഷാ സേന ഭീകരര്‍ക്കുള്ള തിരച്ചില്‍ ശക്തമാക്കിയിരുന്നു.

ഇതിനിടെ പഹല്‍ഗാം ആക്രമണം നടത്തിയ ഭീകരരുമായി സുരക്ഷാ സേന ഏറ്റുമുട്ടിയിരുന്നു. തെക്കന്‍ കശ്മീരിലെ കുല്‍ഗാം കാടുകളിലാണ് ഏറ്റുമുട്ടല്‍ നടന്നത്. സുരക്ഷാ സേനയ്ക്ക് നേരെ വെടിവെച്ച ശേഷം നാല് പേര്‍ അടങ്ങുന്ന സംഘം രക്ഷപ്പെടുകയായിരുന്നു.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ആറ് ഭീകരരുടെ വീടുകള്‍ സുരക്ഷാ സേന തകര്‍ക്കുകയും ചെയ്തിരുന്നു. കൂടാതെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് 14 ഭീകരരുടെ പട്ടിക തയാറാക്കി ഇന്റലിജന്‍സ് ബ്യൂറോ വിഭാഗം പുറത്തുവിട്ടിരുന്നു.

ലഷ്‌കര്‍ ഇ ത്വയ്ബ, ജയ്ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദീന്‍ എന്നീ സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

ആദില്‍ റഹ്‌മാന്‍ ദന്തൂ (21), ആസിഫ് അഹമ്മദ് ഷെയ്ഖ് (28), അഹ്സാന്‍ അഹമ്മദ് ഷെയ്ഖ് (23), ഹാരിസ് നാസിര്‍ (20), ആമിര്‍ നാസിര്‍ വാണി (20), യാവര്‍ അഹമ്മദ് ഭട്ട്, ആസിഫ് അഹമ്മദ് ഖാണ്ഡെ (24), നസീര്‍ അഹമ്മദ് വാണി (21), ഷാഹിദ് അഹമ്മദ് കുട്ടെ (27), ആമിര്‍ അഹമ്മദ് ദാര്‍, അദ്നാന്‍ സാഫി ദാര്‍ അഹമ്മദ് വാണി (39), ഹരൂണ്‍ റാഷിദ് ഖാനായി (32), സാക്കിര്‍ അഹമ്മദ് ഖാനായി (29) എന്നിവരാണ് ഭീകരരുടെ പട്ടികയിലുള്ളത്.

നേരത്തെ ഭീകരര്‍ പീര്‍പഞ്ചില്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചിരുന്നു. ഭീകരരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.

Content Highlight: Pahalgam terror attack: Suspected terrorist arrested