പഹല്‍ഗാം ഭീകരാക്രമണം; നിങ്ങള്‍ എത്ര ഓപ്പറേഷന്‍ നടത്തിയാലും സത്യത്തില്‍ നിന്ന് ഒളിച്ചോടാനാവില്ലെന്ന് കേന്ദ്രത്തോട് പ്രിയങ്ക ഗാന്ധി
Operation Sindoor
പഹല്‍ഗാം ഭീകരാക്രമണം; നിങ്ങള്‍ എത്ര ഓപ്പറേഷന്‍ നടത്തിയാലും സത്യത്തില്‍ നിന്ന് ഒളിച്ചോടാനാവില്ലെന്ന് കേന്ദ്രത്തോട് പ്രിയങ്ക ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 29th July 2025, 5:00 pm

ന്യൂദല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി. ആക്രമണത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാക്കും സര്‍ക്കാരിനും മൗനമാണെന്നും കശ്മീര്‍ ശാന്തമാണെന്ന് പ്രചരിപ്പിക്കുകയാണ് അവര്‍ ചെയ്യുന്നതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

എങ്ങനെയാണ് ഇത്തരത്തിലൊരു ആക്രണം നടന്നതെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നില്ലെന്നും പകരം മന്ത്രിമാര്‍ മണിക്കൂറുകളോളമാണ് ദേശസുരക്ഷയെക്കുറിച്ച് വാചാലരാകുന്നതെന്നും പ്രിയങ്ക വിമര്‍ശിച്ചു.

‘പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഉള്‍പ്പെടെ നിരവധി മന്ത്രിമാര്‍ സംസാരിക്കുന്നത് ഞാന്‍ കേട്ടു. അവര്‍ എല്ലാത്തിനേയും കുറിച്ച് സംസാരിച്ചു. അവര്‍ ഓപ്പറേഷന്‍ സിന്ദൂരിനെക്കുറിച്ചും ഭീകരവാദത്തെക്കുറിച്ചും ദേശീയ സുരക്ഷയെക്കുറിച്ചെല്ലാം സംസാരിച്ചു. എന്നാല്‍ ഒരു കാര്യം വിട്ടുപോയി,  എങ്ങനെയാണ് ഏപ്രില്‍ 22ന് പഹല്‍ഗാം ആക്രമണം ഉണ്ടായതെന്ന് അവര്‍ പറഞ്ഞില്ല,’ പ്രിയങ്ക ഗാന്ധി ലോക്‌സഭയില്‍ പറഞ്ഞു.

കശ്മീരില്‍ നിന്ന് പൂര്‍ണമായും ഭീകരവാദം തുടച്ച് നീക്കപ്പെട്ടുവെന്നും അവിടേക്ക് സമാധാനം പൂര്‍ണമായും തിരിച്ചെത്തിയെന്നും സര്‍ക്കാര്‍ കുറച്ച് നാളുകളായി പ്രചരിപ്പിക്കുകയാണ്. പ്രധാനമന്ത്രി നിരവധി പ്രസംഗങ്ങള്‍ നടത്തി ജനങ്ങളോട് കശ്മീരിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. കശ്മീരില്‍ ശാന്തിയും സമാധാനവും ഉണ്ടെന്ന് പറഞ്ഞ് അവിടെ ഭൂമി വാങ്ങാന്‍ ആളുകളോട് ആവശ്യപ്പെടുന്ന കോളുകള്‍ പലപ്പോഴും ഞാന്‍ തന്നെ കണ്ടിട്ടുണ്ട്.

ആളുകള്‍ തിങ്ങിയെത്തുന്ന ബൈസരന്‍വാലി പോലൊരു പ്രദേശത്ത് എന്തുകൊണ്ട് സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിച്ചില്ലെന്നും പ്രാഥമിക ശുശ്രൂഷയ്ക്കുള്ള സംവിധാനങ്ങള്‍ ഇല്ലാത്തത് എന്തുകൊണ്ടാണെന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു.

സര്‍ക്കാരിന്റെ സുരക്ഷയില്‍ വിശ്വസിച്ച് അവിടെ പോയ 26 പേരെയാണ് വധിച്ചത്. ഇവരുടെ സുരക്ഷയുടെ ഉത്തരവാദിത്തം പ്രതിരോധമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ഇല്ലേയെന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു.

‘പൗരന്മാരുടെ സുരക്ഷ പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും പ്രതിരോധ മന്ത്രിയുടെയും ഉത്തരവാദിത്തമല്ലേ? ഇന്ന് ഈ സഭയില്‍ ഇരിക്കുന്ന ഭൂരിഭാഗം ആളുകള്‍ക്കും സുരക്ഷാ പരിരക്ഷയുണ്ട്.

എന്നാല്‍ അന്ന് പഹല്‍ഗാമില്‍ 26 പേര്‍ അവരുടെ കുടുംബങ്ങളുടെ മുന്നില്‍ കൊല്ലപ്പെട്ടു. ആ ദിവസം ബൈസരന്‍ താഴ്വരയില്‍ ഉണ്ടായിരുന്ന എല്ലാവര്‍ക്കും ഒരു സുരക്ഷയും ഉണ്ടായിരുന്നില്ല. നിങ്ങള്‍ എത്ര ഓപ്പറേഷനുകള്‍ നടത്തിയാലും സത്യത്തില്‍ നിന്ന് ഒളിക്കാന്‍ കഴിയില്ല,’ പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു.

Content Highlight: Pahalgam terror attack: Priyanka Gandhi tells Centre that no matter how many operations you carry out, you cannot run away from the truth