ന്യൂദല്‍ഹി: പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ ആദ്യത്തെ അറസ്റ്റ് രേഖപ്പെടുത്തി. തീവ്രവാദികള്‍ക്ക് സഹായം നല്‍കിയ മുഹമ്മദ് കട്ടാരിയ എന്നയാളാണ് അറസ്റ്റിലായത്. ജമ്മു കാശ്മീര്‍ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇയാളെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓപ്പറേഷന്‍ മഹാദേവിന്റെ ഭാഗമായുള്ള ഏറ്റവും വലിയ നീക്കമാണ് ഈ അറസ്റ്റ്.
ഏപ്രില്‍ 22ന് പഹല്‍ഗാം പട്ടണത്തിനടുത്തുള്ള ബൈസരന്‍ വാലിയിലാണ് 26 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണം നടന്നത്. ആക്രമണത്തില്‍ 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വിനോദസഞ്ചാരികള്‍ക്ക് നേരെ സൈനിക വേഷത്തിലെത്തിയ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.
ലഷ്‌കര്‍-ഈ-തൊയ്ബയുടെ ഗ്രൂപ്പായ ദി റെസിഡന്റ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തുകയും ചെയ്തിരുന്നു. പാകിസ്ഥാനില്‍ നിന്നെത്തിയ ഭീകരരാണ് ആക്രമണം നടത്തിയതെന്ന വിവരത്തെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന സൈനിക നടപടിയിലൂടെ തിരിച്ചടിക്കുകയും ചെയ്തിരുന്നു.
Content Highlight: Pahalgam terror attack; First arrest made