തമിഴകത്തിന്റെ തലൈവരും ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍സ്റ്റാറുമായ രജിനികാന്തിന്റെ 75ാം പിറന്നാളായിരുന്നു കഴിഞ്ഞദിവസം. താരത്തിന്റെ ഓള്‍ ടൈം ക്ലാസിക് പടയപ്പ പിറന്നാളിനോടനുബന്ധിച്ച് റീ റിലീസ് ചെയ്തിരുന്നു. പ്രായഭേദമന്യേ ആരാധകര്‍ പടയപ്പയുടെ രണ്ടാം വരവ് ആഘോഷമാക്കിയിരിക്കുകയാണ്.
പലയിടത്തും ചിത്രം ഹൗസ്ഫുള്ളായിരുന്നു. രജിനിയുടെ ഇന്‍ട്രോയും മാസ് സീനുകളും തിയേറ്ററുകളെ പൂരപ്പറമ്പാക്കി മാറ്റി. രണ്ടാം ദിനവും ചിത്രത്തിന് ഭേദപ്പെട്ട ബുക്കിങ്ങാണ് ലഭിക്കുന്നത്. റീ റിലീസ് ചെയത് ആദ്യ ദിനത്തില്‍ രണ്ട് കോടിയിലേറെ പടയപ്പ നേടിക്കഴിഞ്ഞു.
രജിനിയുടെ റീ റിലീസുകളില്‍ ഏറ്റവും വലിയ ഹിറ്റിലേക്കാണ് പടയപ്പ കുതിക്കുന്നത്. ഇതിന് മുമ്പ് റീ റിലീസ് ചെയ്ത സിനിമകളെക്കാള്‍ കളക്ഷന്‍ പടയപ്പ സ്വന്തമാക്കുമെന്നാണ് വിലയിരുത്തല്‍. രജിനിയുടെ മുന്‍ റീ റിലീസുകളായ ബാബ 5.3 കോടിയും ദളപതി 3.1 കോടിയുമാണ് നേടിയത്. ആദ്യ വീക്കെന്‍ഡില്‍ തന്നെ ഈ കളക്ഷന്‍ പടയപ്പ മറികടക്കുമെന്ന് ഉറപ്പാണ്.
റീ റിലീസിന്റെ രണ്ടാം ദിനം പ്രീ സെയില്‍ തന്നെ ഒരു കോടി കടന്നിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ വമ്പന്‍ റിലീസുകളില്ലാത്തത് പടയപ്പക്ക് ഗുണം ചെയ്തിരിക്കുകയാണ്. കാര്‍ത്തിയുടെ വാ വാധ്യാര്‍ റിലീസ് മാറ്റിയതും അഖണ്ഡ 2വിന് തമിഴ്‌നാട്ടില്‍ റിലീസില്ലാത്തതും പടയപ്പക്ക് കാര്യങ്ങള്‍ എളുപ്പമാക്കി. എന്നാല്‍ ഓവര്‍സീസില്‍ റിലീസില്ലാത്തതാണ് ആരാധകര്‍ക്ക് നിരാശ നല്‍കുന്ന കാര്യം.
ഓവര്‍സീസ് റിലീസ് കൂടി ഉണ്ടായിരുന്നെങ്കില്‍ ഗില്ലിയുടെ റീ റിലീസ് കളക്ഷന്‍ പടയപ്പക്ക് മറികടക്കാന്‍ സാധിച്ചേനെ. 32 കോടിയാണ് ഗില്ലി രണ്ടാം വരവില്‍ നേടിയത്. ഇതില്‍ പകുതിയും ഓവര്‍സീസ് കളക്ഷനാണ്. ലിമിറ്റഡ് റിലീസിലും തിയേറ്ററുകളെ ഇളക്കി മറിക്കുകയാണ് പടയപ്പ.
രജിനികാന്തിന്റെ കഥയ്ക്ക് കെ.എസ്. രവികുമാര്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച് 1999ല്‍ പുറത്തിറങ്ങിയ ചിത്രമാണ് പടയപ്പ. അക്കാലത്തെ ഏറ്റവും വലിയ വിജയമായി മാറാന്‍ പടയപ്പക്ക് സാധിച്ചു. 25 വര്‍ഷങ്ങള്‍ക്കിപ്പുറം 4K റീമാസ്‌റ്റേഡ് വേര്‍ഷനും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.
Content Highlight: Padayappa got warm welcome on Re Release